ബെംഗളൂരു: ബെംഗളൂരിൽ നിന്നും വീണ്ടും ഒരു സെൽഫി ദുരന്തം. ഓടുന്ന ട്രെയിനിനു മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച മൂന്ന് കുട്ടികൾ ട്രെയിൻ തട്ടി മരിച്ചു. ബംഗളൂരുവിന് സമീപം ബിഡാദിയിൽ ചൊവ്വാഴ്ച രാവിലെ 9.30നും 10നും ഇടയിലാണ് സംഭവം.

ട്രെയിൻ ചൂളം വിളിച്ച് പാഞ്ഞ് അടുത്തെത്തിയിട്ടും മുന്നിൽ നിന്ന് മാറാതെ മൂന്ന് ആൺകുട്ടികളും ചേർന്ന് സെൽഫി പകർത്താൻ ശ്രമിക്കവേയാണ് ദുരന്തം ഉണ്ടായത്. ട്രെയിൻ അടുത്തെത്തിയിട്ടും ട്രാക്കിൽനിന്ന് മാറാതിരുന്ന കുട്ടികൾക്കു മലെകൂടി ട്രയിൻ കയറിയിറങ്ങുകയായിരുന്നു. തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച ബെംഗളൂരുവിലെ ഒരു സംഘം വിദ്യാർത്ഥികൾ സെൽഫിയെടുക്കുന്നതിനിടയിൽ ഒപ്പമുള്ള വിദ്യാർത്ഥി മുങ്ങിമരിച്ച സംഭവം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. 17 വയസ്സുള്ള വിശ്വാസ് എന്ന വിദ്യാർത്ഥിയാണ് നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചത്. സെൽഫിയെടുക്കുന്നതിനിടയിൽ കൂട്ടത്തിലൊരാൾ മുങ്ങത്താഴുന്നത് മറ്റു വിദ്യാർത്ഥികൾ അറിഞ്ഞില്ല.