ജ്ജിക്കുക അപ്രബുദ്ധ കേരളമേ .. ഇന്നലെ കലാഭവൻ മണിയുടെ മൃതശരിരം തൃശൂർ എത്തിച്ചപ്പോൾ ഒരു വല്ല്യ ജനകൂട്ടം അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. തങ്ങളുടെ താരത്തിന്റെ നിശ്ചലമായ ശരീരം അവസാനമായി ഒരു നോക്ക് കാണുവാൻ എത്തിയ സുഹൃത്തുക്കളും, ബന്ധുക്കളും, നാട്ടുകാരും ഒക്കെ ആയിരുന്ന അവർ. വിങ്ങുന്ന മനസ്സും, നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഗദ്ധഗദ പൂരിതരായി നിന്ന അനേകമാളുകൾ.

എന്നാൽ മണിയുടെ സഹപ്രവർത്തകരായ താരങ്ങളെ കണ്ടതും, മൊബൈൽ ഫോൺ ക്യാമറകളുമായി ആരവത്തോടെ 'പ്രബുദ്ധരായ' ഒരു കൂട്ടം ശവം തീനികൾ അവരെ വളഞ്ഞു. താരങ്ങൾക്കൊപ്പംക്കൊപ്പം നിന്ന് സെൽഫി എടുക്കാനും, ആ സെൽഫി ഫേസ്‌ബുക്കിൽ ഇട്ടു ലൈക്കുകൾ വാരി കൂട്ടാനും വേണ്ടി വെമ്പി നിന്ന കുറെ മനുഷ്യ കോലങ്ങൾ. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിനു ഇടപെടേണ്ടി വന്നു..

ഒരു നിമഷം... പിടയുന്ന ജീവനോടൊപ്പം ഞാൻ ഒരു സെലഫി എടുക്കട്ടെ

2010 ൽ കോട്ടയം താഴത്തങ്ങാടിയിൽ ഏകദേശം നാലുമണി സമയത്ത് ഒരു ബസ്സ് പുഴയിലേയ്ക്ക് മറിഞ്ഞു. നല്ല മഴയും, പുഴയിൽ നല്ല ഒഴുക്കും. സ്‌കൂൾ കുട്ടികൾ അടക്കം, അനേകം യാത്രക്കാർ അപകടത്തിൽ പെട്ടു. തങ്ങളുടെ അരുമകൾ സ്‌കൂൾ വിട്ട് വരുന്നതും കാത്തിരുന്ന അമ്മമാർ അലമുറയിട്ടു കരഞ്ഞു. നല്ലവരായ കുറെ നാട്ടുകാരും, പൊലീസും, ഫയർ ഫോഴ്‌സും ജീവൻ പണയപെടുത്തി രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. അവസാനത്തെ ശ്വാസം നിലയ്ക്കുന്നതിന് മുൻപ് ഏവരെയും രക്ഷ പെടുത്താൻ സാധിക്കണേ എന്ന പ്രാർത്ഥനയോടെ.

പുഴയിലെ ശക്തമായ ഒഴുക്കും, കോരിച്ചൊരിയുന്ന മഴയും ഏൽപ്പിച്ച പ്രതികൂലാവസ്ഥയെക്കാളും രക്ഷാപ്രവർത്തനത്തിന് വിഘാതമായത് മറ്റൊന്നായിരുന്നു.. പുഴയിൽ ജീവന് വേണ്ടി പൊരുതുന്നു കുരുന്നു ജീവനുകളുടെ ദൃശ്യം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്താൻ തിക്കും തല്ലും ഉണ്ടാക്കിയ ജനകൂട്ടമായിരുന്നു അത്...

പൊലീസിനും, ഫയർ ഫോഴ്‌സിനും തടസ്സം നിന്ന അവർ പൊലീസിനോട് കയർത്തു. ജീവൻ രക്ഷിക്കുന്നതിലും പ്രാധാന്യം ഫോട്ടോ പിടിക്കുക്കന്നത്തിലാണ് എന്ന് കരുതിയോ ഈ പ്രബുദ്ധർ ..

അവസാനം ജില്ലാ കലക്ടർ ടി വി ചാനലുകളിലൂടെ ഇങ്ങനെ ഒരു അഭ്യർതന നടത്തേണ്ടി വന്നു.. ' ഈ ദൃശ്യങ്ങൾ കണ്ടു കൊണ്ടിരിക്കുന്നവർ ഈ സംഭവസ്ഥലത്ത് നിങ്ങളുടെ ബന്ധുക്കൾ കാഴ്ചക്കാരായി ഉണ്ടെങ്കിൽ ദയവായി അവരെ വീട്ടിലേയ്ക്ക് തിരിച്ചു വിളിക്കുക. രക്ഷാപ്രവർതനത്തിനു തടസ്സം സൃഷ്ടിക്കാതിരിക്കുക.. ബീഹാറിൽ അല്ല ഈ സംഭവം ..പ്രബുദ്ധ കേരളത്തിൽ .. അക്ഷര നഗരിയിൽ..

ഇവരും പച്ച മനുഷ്യർ തന്നെ..

സുരാജ്ജ് വെഞ്ഞാറമൂടിന്റെ സഹോദരൻ മരിച്ചു കിടക്കുമ്പോൾ ഉണ്ടായ ഒരു സംഭവം അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.. തന്റെ സഹോദരന്റെ മൃതശരീരം കണ്ട് ആശുപത്രിയിൽ നിന്ന് ഇറങ്ങിയ അദ്ദേഹത്തോട് കൂടി നിന്ന ജനം പെരുമാറിയത് വളരെ വിചിത്രമായിട്ടായിരുന്നു.. അദ്ദേഹത്തോട് മിമിക്രി കാണിക്കുവാൻ ആവശ്യപ്പെടുകയും അതിനു വിസമ്മതിച്ചപ്പോൾ ജനം ദേഷ്യപെടുകയും ചെയ്തു..

സെലിബ്രറ്റീസ് ഗണത്തിൽ പെടുന്ന സിനിമ താരങ്ങൾ, ഗായകർ, മന്ത്രിമാർ സ്പോർട്സ് താരങ്ങൾ തുടങ്ങി ക്യാമറക്ക് മുന്നിൽ പെടേണ്ടി വരുന്നവർ എല്ലാം മനുഷ്യർ തന്നെയാണ് എന്നു നാം പലപ്പോഴും വിസ്മരിച്ച് പോകാറുണ്ട്. ഇവർക്കും അവരുടെ സ്വകാര്യതയുണ്ട്. വികാരങ്ങളും, വിചാരങ്ങളും, ഇഷ്ടങ്ങളും, അനിഷ്ടങ്ങളും, വേദനകളും, ദുഃഖങ്ങളും ഉണ്ട്. ഇവർ അമാനുഷികർ അല്ല.

സെലിബ്രറ്റികളിൽ നിന്നും യാതൊരു തെറ്റുകളും, വീഴ്‌ച്ചകളും പൊതുജനം സഹിക്കില്ല. അവരുടെ വേദനകളും, രോക്ഷവും, രോഗങ്ങളും, സ്വകാര്യതയും എല്ലാം പൊതു ജനത്തിന്റെ ആസ്വാനങ്ങൾക്ക് വിട്ടു കൊടുക്കപെട്ടവയാണ് .ഇവരുടെ ജീവിതചര്യകളും, വിവാഹവും, ആദ്യരാത്രിയും, മധുവിധും, വിവാഹമോചനവും, തകർചകളും, എന്തിനു നമ്മൾ കൊണ്ടാടണം? അൽപ്പം സ്വസ്ത്ഥ, സമാധാനം, സ്വകാര്യത എന്നിവ അവർക്ക് കൂടി നൽകുക. അവരെ ജീവിക്കാൻ അനുവദിക്കുക.

നാർസിസം ആത്മരതി..

ത്മരതിയുടെ ഏറ്റവും വല്ല്യ ആവിഷ്‌ക്കാര സ്വാതന്ത്ര്യം തുറന്നു കൊടുത്ത മാദ്ധ്യമമാണ് ഫേസ്‌ബുക്ക്. തങ്ങളുടെ ചിത്രങ്ങൾ, അത് ബാക്കി ഉള്ളവരാൽ അംഗീകരിക്കപെടുവാൻ വേണ്ടി മാത്രം എത്ര ഭയാനകമായ മാർഗവും സ്വീകരിക്കുവാൻ മടി ഇല്ലാത്തവർ അനേകമാണ്. കിട്ടുന്ന ഓരോ ലൈക്കുകളും, കമന്റുകളും ഉണ്ടാകുന്ന ആത്മ നിർവൃതിയാണ് ഇതിലേക്ക് ആളുകളെ വലിച്ചടുപ്പിക്കുന്നത് സെൽഫി കോപ്രയങ്ങളിൽ അനേകം ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. ആത്മരതി എന്ന ഒരു തരം മനോരോഗത്തിന്റെ ഒരു മാനിഫെസ്റ്റെഷൻ തന്നെ ആണ് ഇത് (Narcissistic Personaltiy disorder ).

ഫാൻസ് അസോസിയേഷൻ.. കുത്തഴിയുന്ന സാംസ്കാരിക ബോധത്തിന്റെ നേർ കണ്ണാടി

രു സിനിമ നടനെ നടൻ മാത്രമായി കണ്ടു ആദരിച്ചു പോന്നിരുന്ന മലയാളി സമൂഹം തന്നെയാണ് ഇപ്പോൾ മോഹൻലാൽ മുതൽ വിജയ് വരെ ഉള്ളവരുടെ സിനിമ പോസ്റ്ററുകളിൽ പാൽ അഭിഷേകം നടത്തുകയും, ദൈവം എന്ന് അവരെ വിശേഷിപ്പിച്ചു താരത്തിനു വേണ്ടി മരിക്കാൻ വരെ നടക്കുന്നത്..

കേരത്തിലെ ക്യാമ്പസുകളിൽ നിന്ന് രാഷ്ട്രായം പിൻ വാങ്ങിയപ്പോൾ ഉണ്ടായ ബൗദ്ധിക, സാമൂഹിക യുക്തി മണ്ഡലങ്ങളിലെ വിടവിൽ, നിർബാധം നില ഉറപ്പിച്ചു താണ്ടവ മാടിയത് മതവും, അന്ധവിശ്വാസങ്ങളും, ഫാസിസവും മാത്രമല്ല. മയക്കുമരുന്നും, അരാഷ്ട്രവാദവും, അരാജകത്വവാദവും, മൂല്യ തകർച്ചയും, കോർപ്പറേറ്റ് ദാസ്യ മനോഭാവും, കാൽപ്പനികതയിൽ ഊന്നിയ സൗന്ദര്യ ബോധമില്ലായ്മയും എല്ലാം ആണ്..

കുരങ്ങന്റെ കയ്യിലെ പൂമാല പോലെ തന്നെയാണ് പലപ്പോഴും തെറ്റായ കരങ്ങളിലെ ഫെസ്ബുക്കും, മൊബൈൽ ഫോൺ ക്യാമറയും.. സ്വയമായി വിവേക പൂർണമായി പെരുമാറാൻ പൊതുജനം പരാജയപെടുമ്പോൾ ആണ് നിയമം മൂലം ഔചിത്യം അനുശാസിക്കപെടേണ്ടി വരുന്നത് .. അതാകട്ടെ തികച്ചും നിർഭാഗ്യപരവും ആണ്..