നുഷ്യർ എടുക്കുന്ന സ്വന്തം ചിത്രത്തിന് സെൽഫി എന്നാണു വിളിപ്പേര്. അപ്പോ ആനയുടെ സെൽഫിക്ക് എന്താകും പറയുക. എന്തായാലും അത്തരമൊരു ചിത്രം പിറവിയെടുത്തു കഴിഞ്ഞു.

ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയായ ക്രിസ്റ്റ്യൻ ലീ ബ്ലാങ്കാണ് ചിത്രം പുറത്തുവിട്ടത്. തായ്‌ലന്റിലെ കോ ഫാങ്ഗൻ ദ്വീപിൽ വച്ചു പിറന്ന 'എൽഫി'യാണ് ലീ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റു ചെയ്തത്.

ക്രിസ്റ്റ്യൻ ലീ ബ്ലാങ്ക് ആനക്കൊപ്പം നിന്നെടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. സെൽഫിയെടുത്തത് ലീയല്ല, ലീയ്‌ക്കൊപ്പമുള്ള ആനയാണ് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

പഴം കൊടുക്കുന്നതിനിടെ ലീയുടെ കയ്യിലുണ്ടായിരുന്ന കാമറ ആന തട്ടിപ്പറിക്കുകയായിരുന്നു. ലീ നേരത്തെ തന്നെ കാമറ ടൈം ലാപ്‌സ് ആയി സെറ്റ് ചെയ്തതാണ് എൽഫിയുടെ പിറവിക്കു കാരണമായത്. തനിക്കൊപ്പം നിന്ന് ആനയെടുത്ത ചിത്രം പിന്നീട് ലീ ബ്ലാങ്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തു.

മുമ്പ് ഒരു സിംഹവാലൻ കുരങ്ങെടുത്ത സെൽഫി വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫറായ ഡേവിഡ് സ്ലേറ്ററിന്റെ ക്യാമറ വനത്തിൽ വച്ച് ഒരു സിംഹവാലൻ കുരങ്ങ് എടുത്തുകൊണ്ടുപോയി നിരവധി ചിത്രങ്ങൾ എടുത്തിരുന്നു. ആ കാമറയിലെ ഒരു സെൽഫിയുടെ ഉടമസ്ഥാവകാശത്തിന്റെ പേരിൽ ഈ ചിത്രം പോസ്റ്റ് ചെയ്ത വിക്കിപീഡിയയും ഫോട്ടോഗ്രാഫറും തമ്മിൽ തർക്കം ഉയർന്നതു വാർത്തകളിൽ നിറഞ്ഞിരുന്നു.