ബെംഗളൂരു: ഇന്ത്യ കഴിഞ്ഞ ദിവസം വിക്ഷേപിച്ച ഭീമൻ റോക്കറ്റായ ജിഎസ്എൽവി മാർക്ക് മൂന്നിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിൽ നിന്നുള്ള രംഗങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു. മാർക്ക് 3 ഭൂമിയിൽ നിന്ന് പുറപ്പെടുന്നതും ഭ്രമണപഥത്തിലെത്തിയ ശേഷം ജിസാറ്റ് ഉപഗ്രഹവുമായി വേർപ്പെടുന്നതുമെല്ലാം ഐഎസ്ആർഒ പുറത്തു വിട്ട ദൃശ്യങ്ങളിൽ കാണാം.

640 ടൺ ഭാരമുള്ള മാർക്ക് 3 റോക്കറ്റിനെ ബാഹുബലി റോക്കറ്റെന്നായിരുന്നു നവമാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. തദ്ദേശീയമായ വികസിപ്പിച്ചെടുത്ത ജിഎസ്എൽവി റോക്കറ്റ് വിക്ഷേപണം വിജയകരമായതോടെ ഭാരമേറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണ രംഗത്തും ഇന്ത്യ സ്വയംപര്യാപ്തത നേടിക്കഴിഞ്ഞു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിൻ ഉപയോഗിക്കുന്ന ഏറ്റവും ഭാരമേറിയ റോക്കറ്റാണ് മാർക്ക് 3. ജിഎസ്എടി-19 ഉപഗ്രഹം വഹിച്ചുകൊണ്ട് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇത് വിക്ഷേപിച്ചത്.

നാലുടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷി ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിനുണ്ട്. ഭാവിയിൽ ഇത് വർധിപ്പിക്കുവാനും സാധിക്കും. പിഎസ്എൽവി, ജിഎസ്എൽവി മാർക്ക് 2 എന്നീ രണ്ട് റോക്കറ്റുകളാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്.

ഇവയുടെ ഭാരവാഹക ശേഷി കുറവായതിനാൽ ഭാരം കൂടിയ ഉപഗ്രഹങ്ങൾ വിദേശരാജ്യങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യ വിക്ഷേപിച്ചിരുന്നത്.ഭാരമേറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായി ഫ്രാൻസിനേയും നാസയേയുമായിരുന്നു നേരത്തെ ഇന്ത്യ ആശ്രയിച്ചിരുന്നത്. 850 കോടി വരെയാണ് ഇത്തരമൊരു വിക്ഷേപണത്തിനായി ഐഎസ്ആർഒയ്ക്ക് ചെലവായിരുന്നത്.