കൊല്ലം: എഎസ്ഐയുടെ തൊപ്പി തലയിൽ വച്ച് പൊലീസ് സ്‌റ്റേഷനിൽ നിന്ന് യുവാക്കളുടെ സെൽഫി ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കൊല്ലം ജില്ലയിലെ കാവനാട് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. ഫീലിങ് ഹാപ്പി ഫ്രം കാവനാട് പൊലീസ് സ്‌റ്റേഷൻ എന്ന അടിക്കുറിപ്പോടെയാണ് യുവാക്കൾ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പരസ്യമായി മദ്യപിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ കസ്റ്റഡിയിൽ എടുത്ത യുവാക്കളാണ് പൊലീസ് സ്‌റ്റേഷനിൽ നിന്ന് സെൽഫി എടുത്തത്. സാജ് അലോഷ്യസ്, ടോണി ഫ്രാൻസിസ്, ബിജോ ബെൻ എന്നീ യുവാക്കളാണ് സെൽഫി എടുത്തത്. സ്‌റ്റേഷനിലെ പൊലീസുകാരുടെ അനുമതിയോടെയാണ് ഫോട്ടോ എടുത്തതെന്നാണ് സൂചനയുണ്ട്. എന്നാൽ തൊപ്പിയുടെ ഉടമസ്ഥനായ എഎസ്ഐ ആരെന്ന് വ്യക്തമല്ല. ചിത്രത്തെ അഭിനന്ദിച്ചുള്ള നിരവധി കമന്റുകൾ ഫേസ്‌ബുക്ക് പോസ്റ്റിന് ലഭിക്കുന്നുണ്ട്.

സെൽഫി വൈറലായ സാഹചര്യത്തിൽ പൊലീസ് ഉന്നതതല അന്വേഷണം നടത്തിയേക്കും. തൊപ്പി എങ്ങനെ പ്രതികൾക്ക് കിട്ടിയെന്നതാണ് ഉയരുന്ന ചോദ്യം.