ചെന്നൈ: സിനിമ വ്യവസായം വളർച്ചയുടെ കാലഘട്ടത്തിൽ നിൽക്കവെയാണ് കോവിഡ് വന്നത്. പ്രത്യേകിച്ച് മലയാള സിനിമ.സിനിമ മേഖലയുടെ വളർച്ച ഒരു സാധാരണക്കാരൻ തിരിച്ചറിയുന്നത് ആ ഭാഷയിലെ ബിഗ്ബജറ്റ് ചിത്രത്തിന്റെ ബഡ്ജറ്റ് നോക്കിയാണ്. അത്തരത്തിൽ വലിയ ബഡ്ജറ്റിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്നത്.എന്നാൽ ഇത്തരം ബഡ്ജറ്റുകളെക്കുറിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സെൽവരാഘവൻ.

സിനിമകളുടെ ഹൈപ്പ് കൂട്ടുന്നതിന്റെ ഭാഗമായി ഇല്ലാത്ത ബജറ്റ് പെരുപ്പിച്ച് പറയുന്നതാണ്് ഇന്നത്തെ രീതിയെന്നാണ് സെൽവരാഘവൻ തുറന്ന് പറഞ്ഞിരിക്കുന്നത്.തന്റെ ഹിറ്റ് ചിത്രമായ ആയിരത്തിൽ ഒരുവന്റെ യഥാർത്ഥ ബജറ്റ് വെളിപ്പെടുത്തിയായിരുന്നു സംവിധായകന്റെ പ്രതികരണം.ആയിരത്തിൽ ഒരുവൻ ആദ്യഭാഗം ചെയ്യാൻ 18 കോടി മാത്രമേ ചെലവ് വന്നുള്ളൂ എന്നും 32 കോടി എന്ന് പറഞ്ഞത് ഹൈപ്പ് കൂട്ടാനായിരുന്നു എന്നും സെൽവരാഘവൻ അറിയിച്ചു.

മെഗാ ബജറ്റ് സിനിമയെന്ന് കാണിച്ച് ഹൈപ്പ് കൂട്ടാനായിരുന്നു 32 കോടി ചെലവായെന്ന് പറഞ്ഞത്. എന്നാൽ അതൊരു അബദ്ധമായിപ്പോയി. മുടക്കുമുതൽ തിരിച്ചുപിടിച്ചിട്ടും സിനിമ ആവറേജായാണ് പരിഗണിക്കപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു. എന്ത് കാരണത്താലായാലും ഇത്തരം നുണകൾ പറയരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെൽവരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആയിരത്തിൽ ഒരുവൻ 2 ബജറ്റ് കൂടിയതിനെ തുടർന്ന് ഉപേക്ഷിച്ചതായി അഭ്യൂഹങ്ങൾ പരന്നതും അതിന് സംവിധായകൻ മറുപടി നൽകിയതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യഭാഗത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സെൽവരാഘവൻ രംഗത്തെത്തിയത്.

പുതുവർഷ ദിനത്തിലാണ് സെൽവരാഘവൻ സംവിധാനം ചെയുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'ആയിരത്തിൽ ഒരുവൻ2'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. കാർത്തി, പാർത്ഥിപൻ, ആൻഡ്രിയ, റീമ സെൻ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ ആദ്യ ഭാഗം 2010-ലാണ് പുറത്തിറങ്ങിയത്.