ചെന്നൈ: ഒരു കാലത്ത് തമിഴ് സിനിമയിലെ ശ്രദ്ദേയ സംവിധായകനായിരുന്നു ശെൽവരാഘവൻ. ഇടക്കാലം കൊണ്ട് അദ്ദേഹം സിനിമാ മേഖലയിൽ നിന്നും പിൻവലിഞ്ഞു നിൽക്കുകയാിരുന്നു. നാല് വർഷമായി ഒരു സിനിമ ശെൽവരാഘവൻ സംവിധാനം ചെയ്തിട്ട്. മലയാളത്തിലും ഒരു കൈനോക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം ഇപ്പോൾ. തന്റെ ഡ്രീം പ്രോജക്ടിനെക്കുറിച്ചും മലയാളത്തിലെയും തമിഴിലെയും പ്രിയതാരങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞിരിക്കുകയാണ് ശെൽവരാഘവൻ ആരാധകർക്കൊപ്പം നടത്തിയ ഒരു ട്വിറ്റർ സംവാദത്തിൽ.

മലയാളത്തിലെ പ്രിയനടൻ ആരെന്ന ആരാധകന്റെ ചോദ്യത്തിന് മോഹൻലാൽ എന്നാണ് ശെൽവരാഘവന്റെ മറുപടി. തമിഴിലെ പ്രിയനടൻ കമൽഹാസനാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടി പറയുന്നു സംവിധായകൻ. പക്ഷേ തന്റെ സ്വപ്ന പ്രോജക്ടിൽ നായകനായി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നത് മറ്റൊരാളെയാണെന്നും പറയുന്നു ശെൽവരാഘവൻ. അതും മലയാളത്തിൽ നിന്ന്! നിവിൻ പോളിയെയാണ് ആ സ്വപ്ന പ്രോജക്ടിൽ അഭിനയിപ്പിക്കാൻ തനിക്കാഗ്രഹമെന്നാണ് അദ്ദേഹം പറയുന്നത്.

നേരത്തേ അൽഫോൻസ് പുത്രന്റെ 'പ്രേമം' തമിഴ്‌നാട്ടിലും തരംഗം തീർക്കുന്ന സമയത്ത് സിനിമയെയും നിവിൻ പോളിയുടെ പ്രകടനത്തെയും പുകഴ്‌ത്തി ശെൽവരാഘവൻ രംഗത്തെത്തിയിരുന്നു. ചിത്രം റീമേക്ക് ചെയ്യുകയാണെങ്കിൽ ഒറിജിനലിനോട് നീതി പുലർത്താൻ അൽഫോൻസിന് മാത്രമേ സാധിക്കൂ എന്നും മറ്റാരും അതിന് ശ്രമിക്കാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹമന്ന് അഭിപ്രായപ്പെട്ടിരുന്നു. നിവിൻ പോളിയുടെ പ്രകടനം അമ്പരപ്പിക്കുന്നതാണെന്നും ജോർജ്ജ് ആയി മറ്റൊരാളെ സങ്കൽപ്പിക്കാനാകുന്നില്ലെന്നും അന്ന് ശെൽവരാഘവൻ ട്വിറ്ററിൽ കുറിച്ചിരുന്നു.

ആര്യയും അനുഷ്‌ക ഷെട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഇരണ്ടാം ഉലക'മാണ് ശെൽവരാഘവന്റേതായി പുറത്തിറങ്ങിയ അവസാനം പുറത്തുവന്ന ചിത്രം. എസ്.ജെ.സൂര്യയും റെജിന കസാന്ത്രയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നെഞ്ചം മറപ്പതില്ലൈ'യുടെ ട്രെയ്ലർ പുറത്തുവന്നിട്ട് ഒരു വർഷമായെങ്കിലും ചിത്രം ഇനിയും തീയേറ്ററുകളിലെത്തിയിട്ടില്ല. അടുത്ത മാസം മധ്യത്തോടെ റിലീസ് ചെയ്യപ്പെടുമെന്ന് കരുതുന്നു.