- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ സെമി ലോക്ഡൗൺ നിയന്ത്രണങ്ങൾ പാളുന്നു; തിരക്ക് ഒഴിയാതെ നഗരങ്ങൾ; വൻ ഗതാഗതകുരുക്ക്; അശാസ്ത്രീയ പരിശോധന; മുന്തിയ കാറുകളിലെ യാത്രകൾ യഥേഷ്ടം; പൊലീസ് തടയുന്നത് നിത്യവരുമാനത്തിനായി തെരുവിൽ ഇറങ്ങുന്നവരെ; രോഗവ്യാപനം തീവ്രമാകുമെന്ന മുന്നറിയിപ്പിൽ ആശങ്ക; കേരളം സമ്പൂർണ അടച്ചിടിലിന്റെ വക്കിൽ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഏർപ്പെടുത്തിയ സെമി ലോക്ഡൗൺ നിയന്ത്രണങ്ങൾ പാളുന്നു. പ്രധാന നഗരങ്ങളിൽ വൻ തിരക്കാണ് ഇന്നും അനുഭവപ്പെട്ടത്. പ്രധാന റോഡുകളിൽ വാഹനത്തിരക്കിന് കുറവില്ല. പൊലീസിന്റെ അശാസ്ത്രീയ പരിശോധന കൂടിയായതോടെ ഒട്ടുമിക്ക ഇടങ്ങളിലും വൻ ഗതാഗതകുരുക്കുണ്ടായി.
പല നഗരങ്ങളിലും അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴികെ ബാക്കിയുള്ളവ അടഞ്ഞു കിടക്കുകയാണെങ്കിലും നിരത്തിൽ വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ കാര്യമായ കുറവില്ല.
നിയന്ത്രണങ്ങൾ പാലിച്ച് ആശുപത്രിയിലും ഓഫിസുകളിലും പോകാനെത്തിയവരടക്കം വലഞ്ഞു. നിത്യജീവിതത്തിനായി തൊഴിൽ ചെയ്യാൻ ഇറങ്ങുന്നവരെയാണ് നിയന്ത്രണങ്ങൾ ഏറ്റവും ബാധിക്കുന്നത്. പൊലീസ് ചെക്കിങ്ങിൽ പെടുന്നതിൽ ഏറെയും ഇരുചക്രവാഹനക്കാരാണ്.
നിയന്ത്രണങ്ങൾ പാലിച്ച് പോകുന്നവരെയും നിയന്ത്രണത്തിന്റെ പേരിൽ വഴിയിൽ തടയുമ്പോൾ ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ യഥേഷ്ടം സഞ്ചരിക്കാനാകുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്. നഗരങ്ങളിൽ തിരക്കേറുമ്പോഴും പൊലീസിന്റെ നിയന്ത്രണങ്ങളിൽ ഇത്തരക്കാർക്ക് പ്രത്യേക പരിഗണനയാണ് ലഭിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഇക്കാര്യം വിമർശനമായി ഉന്നയിക്കപ്പെടുന്നുണ്ട്.
'ഒരാൾ ഇരുചക്ര വാഹനത്തിൽ പോയാൽ അനാവശ്യ യാത്ര, ബെൻസിലോ പ്രാടോയിലോ ആണെങ്കിൽ അത്യാവശ്യ യാത്ര....പണത്തിന്റെയും പ്രൗഡിയുടേയും സ്വാധീനം കാണിച്ചുതന്ന കൊറോണയ്ക്ക് നന്ദി...' എന്ന പരിഹാസം കലർന്ന വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്.
അതേ സമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം 15ാം തീയതിയോടെ തീവ്രമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണിനെക്കുറിച്ച് ആലോചന തുടങ്ങി.
നൂറ് കണക്കിന് വാഹനങ്ങൾ വരുന്ന ജംക്ഷനുകളിൽ പത്തിൽതാഴെ പൊലീസിനെ വച്ച് എല്ലാവണ്ടിയും തടഞ്ഞ് പരിശോധിച്ചതാണ് ഗതാഗതകുരുക്കിന് കാരണമായത്. തിരുവനന്തപുരവും കൊച്ചിയുമടക്കം സംസ്ഥാനത്തിന്റെ പലമേഖലകളിലും ഗതാഗതകുരുക്കുണ്ടായി.
എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പൊലീസ് കടുപ്പിച്ചിരുന്നു. വാഹനങ്ങളിലെത്തുന്നവരെ കർശനമായി പരിശോധിച്ചു മാത്രമാണ് കടത്തി വിടുന്നത്.
കടവന്ത്ര, വൈറ്റില, രവിപുരം, കുണ്ടന്നൂർ, പാലാരിവട്ടം ജംക്ഷനുകളിൽ പൊലീസ് വാഹനങ്ങൾ തടഞ്ഞു നിർത്തി അത്യാവശ്യക്കാരെ മാത്രം കടത്തി വിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാവുന്നതിൽ അധികം വാഹനങ്ങൾ എത്തുന്നത് പൊലീസിനു തലവേദനയാകുകയാണ്. വരും ദിവസങ്ങളിലും നിയന്ത്രണം കടുപ്പിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്‌റെ അറിയിച്ചിട്ടുണ്ട്.
അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെയും പൊലീസ് കേരള എപിഡെമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം കേസെടുക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് അനാവശ്യമായി യാത്രചെയ്‌തെന്നു കണ്ടെത്തിയ 70ൽ പരം ആളുകൾക്കെതിരെ ഇന്നു രാവിലെ മാത്രം കേസെടുത്തിട്ടുണ്ട്. ഇന്നലെ 64 പേർക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറ്റവും ഉയർന്നു നിൽക്കുന്നത് എറണാകുളം ജില്ലയിലാണെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ജില്ലയിൽ കോവിഡ് രോഗം ഗുരുതരമാകുന്നന്നവരെ പ്രവേശിപ്പിക്കാൻ വെന്റിലേറ്റർ സൗകര്യം ലഭ്യമല്ലാത്തത് രോഗികളുടെ ബന്ധുക്കളെ വലയ്ക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലോ സർക്കാർ സംവിധാനങ്ങളിലോ ഇന്നലെ വെന്റിലേറ്റർ സൗകര്യമില്ലാതെ രോഗികകളെ ഇതര ജില്ലകളിലേക്കു കൊണ്ടുപോകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
നിയമംലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ്.സുഹാസും അറിയിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നലെ മാത്രം പരിശോധന നടത്തിയ 5030 പേർക്ക് രോഗം പോസിറ്റീവായിട്ടുണ്ട്. ഇന്നലെ വരെ ഔദ്യോഗികമായി കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് 54590 പേരാണ്.
സെമി ലോക്ഡൗൺ എന്ന നിയന്ത്രണം പാളുന്നതും അതിനൊപ്പം രോഗവ്യാപനം തീവ്രമാകുമെന്ന മുന്നറിയിപ്പും സമ്പൂർണ അടച്ചിടലിന്റെ സാധ്യത വർധിപ്പിക്കുകയാണ്. രണ്ടാഴ്ച കൂടി രോഗബാധിതരുടെ എണ്ണം ഉയർന്നു നിൽക്കുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം വിലയിരുത്തി.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിൽ രോഗവ്യാപനം രൂക്ഷമായേക്കും. അതിനാൽ ലോക്ഡൗൺ വേണമെന്ന് ആരോഗ്യവകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്. ഞായറാഴ്ച വരെയുള്ള നിയന്ത്രണങ്ങളുടെ ഫലം നോക്കിയശേഷം തിങ്കളാഴ്ച ഇക്കാര്യത്തിൽ തീരുമാനമെടുക്കും.