- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രത്യക്ഷപ്പെട്ടതോടെ തുടങ്ങിയ ക്ഷാമം; കാർ നിർമ്മാണം തകർച്ചയിൽ; സ്മാർട് ഫോൺ ഉൽപാദനവും നിലയ്ക്കാൻ സാധ്യത; മെയ്ക് ഇൻ ഇന്ത്യയിലൂടെ ആഗോള പ്രതിസന്ധിയെ മറികടക്കാൻ മോദി; സെമി കണ്ടക്ടർ ചിപ്പുകൾ ഇനി ഇന്ത്യ നിർമ്മിക്കും; ചൈനയെ തോൽപ്പിക്കാൻ 2.30 ലക്ഷം കോടിയുടെ പ്രോത്സാഹന പാക്കേജ്
ന്യൂഡൽഹി: മെയ്ക് ഇൻ ഇന്ത്യയിലൂടെ ചൈനയെ തകർക്കാൻ വീണ്ടും മോദി സർക്കാർ. ആഗോളതലത്തിൽ ക്ഷാമംനേരിടുന്ന സെമികണ്ടക്ടർ ചിപ്പുകളുടെ പ്രതിസന്ധി തീർക്കാനാണ് ഇടപെടൽ. ചൈനയായിരുന്നു ഈ മേഖലയെ നിയന്ത്രിച്ചിരുന്നു. കോവിഡ് വന്നതോടെ താളം തെറ്റുകയായിരുന്നു ഈ മേഖല. ഇത് ഇന്ത്യയേയും പ്രതിസന്ധിയിലാക്കി. ഈ സാഹചര്യം മുതലെടുത്ത് സെമി കണ്ടക്ടർ ചിപ്പുകളിൽ സാധ്യത കണ്ടെത്താനാണ് മോദി സർക്കാരിന്റെ തീരുമാനം. സെമി കണ്ടക്ടർ ചിപ്പുകളുടെ നിർമ്മാണത്തിനുൾപ്പെടെ, ഇലക്ട്രോണിക്സ് മേഖലയ്ക്ക് 2.30 ലക്ഷം കോടി രൂപയുടെ പ്രോത്സാഹന പാക്കേജുമായി കേന്ദ്രം എത്തുകയാണ്.
ഇതിൽ 76,000 കോടി രൂപ സെമികണ്ടക്ടർ, ഡിസ്പ്ലേ നിർമ്മാണമേഖലയ്ക്കു മാത്രമാണ് നൽകുന്നത്. സെമികണ്ടക്ടറുകളുടെ ക്ഷാമം വാഹനമേഖലയെ വലിയതോതിൽ ബാധിച്ച സാഹചര്യത്തിലാണ്, ഇവയുടെ നിർമ്മാണത്തിന് മുൻതൂക്കം നൽകിക്കൊണ്ട് ഇന്ത്യയെ ആഗോള ഇലക്ട്രോണിക്സ് ഹബ്ബാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകിയത്. മെയ്ക് ഇന്ത്യാ പദ്ധതി പുതിയ തലത്തിൽ എത്തിക്കാനാണ് നീക്കം.
സാങ്കേതിക രംഗം ആഗോളതലത്തിൽ നേരിടുന്ന സെമി കണ്ടക്ടർ ക്ഷാമം കാർ നിർമ്മാണം ഉൾപ്പടെയുള്ള നിരവധി മേഖലകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്മാർട്ഫോൺ വിപണിക്ക് പക്ഷെ ഇത്രയും നാൾ പിടിച്ചുനിൽക്കാനായി. എന്നാൽ സ്മാർട്ഫോൺ നിർമ്മാണരംഗത്തും താമസിയാതെ സ്ഥിതി വഷളാവുമെന്നാണ് കൗണ്ടർ പോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട്. ഇത് തിരിച്ചറിഞ്ഞാണ് ഇടപെടൽ. ഇത്തരം സാധനങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതായിരുന്നു പതിവ്. എന്നാൽ കോവിഡ് വ്യാപനമാരംഭിച്ച 2020 അവസാനത്തോടെയാണ് ലോകവ്യാപകമായി സെമികണ്ടക്ടറുകളുടെ ക്ഷാമം ആരംഭിച്ചത്.
ഈ പ്രതിസന്ധിയിലും സ്മാർട്ഫോൺ വിപണിക്ക് പിടിച്ചുനിൽക്കാനായത് നേരത്തെ തന്നെ സ്വീകരിച്ച തയ്യാറെടുപ്പുകൾ കൊണ്ടാണ്. ആപ്ലിക്കേഷൻ പ്രൊസസറുകൾ, ക്യാമറ സെൻസറുകൾ പോലുള്ളവ സംഭരിച്ചുവെക്കാൻ സ്മാർട്ഫോൺ നിർമ്മാതാക്കൾക്ക് സാധിച്ചു. എന്നാൽ ശേഖരിച്ചുവെച്ച അനുബന്ധ ഘടകങ്ങൾ തീർന്നുകൊണ്ടിരിക്കുന്നതും ആവശ്യത്തിന് പുതിയ സ്റ്റോക്ക് എത്താതിരിക്കുന്നതും സ്മാർട്ഫോൺ രംഗത്തെയും ചിപ്പ് ക്ഷാമത്തിന്റെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.
സാംസങ്, ഓപ്പോ, ഷാവോമി എന്നിവ ഉൾപ്പടെ എല്ലാ ബ്രാൻഡുകളെയും സെമി കണ്ടക്ടർ ക്ഷാമം ബാധിച്ചേക്കുമെന്നാണ് കൗണ്ടർ പോയിന്റ് റിസർച്ചിന്റെ റിസർച്ച് ഡയറക്ടർ ടോം കാങ് പറയുന്നത്. എന്നാൽ മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ആപ്പിളിന് ഈ സങ്കീർണത നേരിടാൻ ഒരു പരിധിവരെ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. പദ്ധതി വിജയിച്ചാൽ അത് ആഗോള തലത്തിൽ ഇന്ത്യയ്ക്ക് പുതിയ വിപണി കണ്ടെത്താൻ സഹായകമാകുന്ന സാഹചര്യം വരും. ഇത് കയറ്റുമതി സാധ്യതയും പുതിയ തലത്തിൽ എത്തിക്കും.
വലിയതോതിലുള്ള ഇലക്ട്രോണിക്സ് ഉത്പന്ന നിർമ്മാണം, ഐ.ടി. ഹാർഡ്വേർ, മോദിഫൈഡ് ഇലക്ട്രോണിക്സ് നിർമ്മാണ ക്ലസ്റ്ററുകൾ തുടങ്ങിയവയ്ക്കായി 55,392 കോടിയുടെയും അനുബന്ധമേഖലകളായ എ.സി.സി. ബാറ്ററി, വാഹനഘടകങ്ങൾ, ടെലികോം-നെറ്റ് വർക്കിങ് ഉത്പന്നങ്ങൾ, സോളാർ പി.വി. മൊഡ്യൂളുകൾ തുടങ്ങിയവയ്ക്ക് 98,000 കോടിയുടെയും പദ്ധതിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സെമികണ്ടക്ടർ, ഡിസ്പ്ലേ നിർമ്മാണരംഗത്ത് ദീർഘകാല പദ്ധതികൾ തയ്യാറാക്കാൻ ആഗോളതലത്തിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഇന്ത്യാ സെമികണ്ടക്ടർ മിഷൻ സ്ഥാപിക്കുമെന്നും സർക്കാർ അറിയിച്ചു.
അതീവ സങ്കീർണവും വലിയ മൂലധനനിക്ഷേപവും ആവശ്യമായ ഇലക്ട്രോണിക്സ് മേഖലയിൽ സാങ്കേതികവിദ്യകൾ അതിവേഗം മാറുന്നതിനാൽ നഷ്ടസാധ്യതയും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് മൂലധനസഹായവും സാങ്കേതികസഹകരണവും നൽകാൻ തീരുമാനിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. സിലിക്കൺ സെമികണ്ടക്ടർ നിർമ്മാണം, പാക്കേജിങ്, ഡിസൈൻ എന്നിവയ്ക്ക് പുറമേ, സിലിക്കൺ ഫോട്ടോണിക്സ് ഉപകരണങ്ങൾ, സെൻസറുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് ആകർഷകമായ പ്രോത്സാഹനം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.
മറുനാടന് മലയാളി ബ്യൂറോ