ജിദ്ദ: സംഘപരിവാർ ശക്തികളുടെ സമഗ്രാധിപത്യത്തിനും നിഗൂഢ നീക്കങ്ങളിലൂടെയുള്ള ഹിന്ദുത്വവൽക്കരണത്തിനെയും ചെറുത്തുകൊണ്ട് രാജ്യ ശിൽപികൾ സ്വപ്നം കണ്ട യഥാർത്ഥ മത നിരപേക്ഷ ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള മുന്നേറ്റങ്ങൾക്ക് പ്രചോദനമാവണം സ്വാതന്ത്ര്യദിന ചിന്തകളെന്നു പ്രവാസി സാംസ്‌കാരിക വേദി ഷറഫിയ മഹ്ജർ മേഖലകൾ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസ് അഭിപ്രായപ്പെട്ടു. രാജ്യത്തിത്തെ കെട്ടിപ്പടുക്കുന്നതിൽ ഒരു പങ്കും വഹിക്കാത്തവരാണ് അധികാരത്തിലുള്ളത്. ഭരണ രംഗത്തെ പരാജയങ്ങൾ മറച്ചു പിടിക്കാൻ മത വർഗീയതയും തീവ്ര ദേശീയതയും ഉപകരണമാക്കുകയാണ് ബിജെപി സർക്കാർ.

ബാബരി മസ്ജിദ് തകർത്തിടത്തു ഭൂമിപൂജയും ശിലാന്യാസവും സർക്കാർ പരിപാടിയാക്കിയത് ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പാണ്. എഴുപതിനാലാം സ്വാതന്ത്ര്യ ദിനം പിന്നിടുമ്പോൾ സ്വകാര്യ കോർപ്പറേറ്റുകൾ വിമാനത്താവളങ്ങളടക്കം പൊതു മേഖലാ സ്ഥാപനങ്ങളെ വിഴുങ്ങുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കക്ഷി രാഷ്ട്രീയ ഭിന്നതകൾ മറന്നു ഒറ്റക്കെട്ടായ മുന്നേറ്റത്തിലൂടെ മാത്രമേ മത നിരപേക്ഷ ഇന്ത്യയെ തിരിച്ചുപിടിക്കാനാവൂ എന്നും വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി എം പി അഷ്റഫ് ഉത്ഘാടനം ചെയ്തു. ഷഫീഖ് മേലാറ്റൂർ വിഷയമവതരിപ്പിച്ചു. റഫീഖ് പത്തനാപുരം (നവോദയ), ഫസലുള്ള പോരൂർ (ഓ ഐ സി സി), അബൂബക്കർ വെള്ളയിൽ (കെ എം സി സി), റസാഖ് മമ്പുറം (പി സി എഫ്), കെ ടി അബൂബക്കർ (സിജി), അരുവി മോങ്ങം (മലയാളി സമാജം), ശിഹാബ് കരുവാരക്കുണ്ട് (അക്ഷരം), സോജി ജേക്കബ്, എ കെ സൈതലവി, കെ എം അനീസ് എന്നിവർ സംസാരിച്ചു. സഹീർ പി കെ ഗാനമാലപിച്ചു.

വേങ്ങര നാസർ മോഡറേറ്ററായിരുന്നു. ജുനേഷ്, അസീബ് ഇ സി എന്നിവർ പരിപാടി നിയന്ത്രിച്ചു. എൻ കെ അഷ്റഫ് സ്വാഗതവും അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു.