ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (മാഗ് ) ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (ഐനാഗ്) സംയുക്തമായി സംഘടിപ്പിച്ച കോവിഡ് 19 വാക്സിനേഷൻ ബോധവൽക്കരണ സെമിനാർ കാലികപ്രസക്തവും മികവുറ്റതും ശ്രദ്ധേയവുമായി മാറി.

ഫെബ്രുവരി 27 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരളാ ഹൗസിൽ വച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടു സംഘടിപ്പിച്ച സെമിനാറിൽ നിരവധി വ്യക്തികൾ നേരിട്ട് സംബന്ധിക്കുകയും തത്സമയ സംപ്രേഷണമായി നടത്തിയ ഫേസ്‌ബുക് ലൈവ് വഴി നിരവധി ആളുകൾ പങ്കെടുക്കുകയും ചെയ്തു.

കോവിഡിന്റെ തുടക്കം മുതൽ ഇപ്പോൾ വാക്സിനേഷൻ സ്വീകരിക്കുന്ന വേളയിലും നിരവധി സംശയങ്ങളും ചോദ്യങ്ങളും ആശങ്കകളും ഇവിടെയും ഇന്ത്യയിലും ലോകത്തെല്ലായിടവും തന്നെ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സെമിനാറിന്റെ പ്രസക്തിയെ വ്യക്തമാക്കുന്നതായിരുന്നു പങ്കെടുത്തവരിൽനിന്നുള്ള ചോദ്യങ്ങളും അവയ്ക്കു ലഭിച്ച മറുപടികളും. നിലവിൽ കോവിഡ് വാക്സിനേഷൻ സംബന്ധിച്ചുള്ള പല സംശയങ്ങളും നിവാരണം ചെയ്യുന്നതിനും വാക്സിൻ സ്വീകരിച്ചവർ ഇനി എന്തൊക്കെ ചെയ്യാം തുടങ്ങിയ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി ലഭിച്ചു.

മെഡിക്കൽ സേവന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.സുജിത് ചെറിയാൻ (pulminologist, എൽബിജെ ഹോസ്പിറ്റൽ, അസിസ്റ്റന്റ് പ്രൊഫസർ UT മെഡിക്കൽ സ്‌കൂൾ) ഐനാഗ് പ്രസിഡണ്ട് ഡോ. അനു ബാബു തോമസ് (മോഡറേറ്റർ ) ഐനാഗിന്റെ നേതൃനിരയിലുള്ള അക്കാമ്മ കല്ലേൽ, പ്രിൻസി തോമസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി .

മുഖ്യ പ്രഭാഷണം നടത്തിയ ഡോ.സുജിത് ചെറിയാൻ കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ ദൂരീകരിച്ചുകൊണ്ട് മെഡിക്കൽ സംബന്ധമായ വിശദ വിവരങ്ങൾ നൽകി. ബൂസ്റ്റർ ഡോസ് നൽകുന്ന വാക്സിൻ ന്റെ രണ്ടാമത്തെ ഡോസ് ഉം നിര്ബന്ധമായി സ്വികരിക്കണം തുടങ്ങിയ വളരെ വിജ്ഞാന പ്രദമായ കാര്യങ്ങൾ സെമിനാറിൽ കൂടി പങ്കു വച്ചു. വാക്സിനേഷൻ നെ പറ്റിയുള്ള ജനങ്ങൾക്കിടയിലുള്ള തെറ്റിധാരണകൾ ഒഴിവാക്കുക എന്നതായിരുന്നു സെമിനാറിന്റെ മറ്റൊരു ഉദ്ദേശം.

കോവിഡ് വാക്സിൻ മാത്രം കാരണമായി ഒരു മരണവും ഇതു വരെ റിപ്പോർട്ട് ചെയ്യപെട്ടില്ലെന്നും കോവിഡ് വാക്സിൻ ഹൃദ്രോഗികൾക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും കാൻസർ രോഗികൾക്കും സ്വീകരിക്കാവുന്നതാണെന്നും വിദഗ്ദ്ധർ അറിയിച്ചു. വാക്സിൻ കിട്ടിയതിന് ശേഷം രണ്ട് 2 ആഴ്ചകൾക്ക് ശേഷമാണ് രോഗപ്രതിരോധശേഷി കൈ വരുന്നത്. നമുക്ക് ചുറ്റുമുള്ളവർക്കും കൂടി വാക്സിൻ ലഭിക്കുന്നതു വരെ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാല്ക്കുന്നതും തുടരണം. സെമിനാർ വളരെ വിജ്ഞാനപ്രദമായിരുന്നുവെന്നു പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവൻ സെമിനാറിൽ അദ്ധ്യക്ഷത വഹിച്ചു. റെനി കവലയിൽ പ്രോഗ്രാം കോർഡിനേറ്റർ ആയിരുന്നു. മാഗ് ബോർഡ് മെമ്പർ റജി ജോൺ സ്വാഗതവും മാഗ് വൈസ് പ്രസിഡണ്ട് സൈമൺ വാളാച്ചേരിൽ നന്ദിയും പറഞ്ഞു .

മാഗ് പിആർഓ ഡോ . ബിജു പിള്ള അറിയിച്ചതാണിത്.