ദോഹ: ലോകത്ത് സംഘർഷങ്ങളും സംഘട്ടനങ്ങളും അനുസ്യൂതം തുടരുമ്പോൾ ജീവകാരുണ്യ ദിനത്തിന്റെ പ്രസക്തി ഏറിവരികയാണെും ഓരോ മനുഷ്യസ്നേഹിയും ഈ രംഗത്ത് തന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം വൈസ് പ്രസിഡണ്ട് പി. എൻ. ബാബുരാജൻ അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനുടെ ലോക ജീവകാരുണ്യ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോരുത്തരും തങ്ങളിലേക്ക് ഒതുങ്ങികൂടുകയും സ്വാർഥതയുടെ തുരുത്തുകൾ രൂപപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് ജീവകാരുണ്യത്തിന്റെ പ്രസക്തിയേറുകയാണ്. ഇത് എതെങ്കിലും ദിവസങ്ങളിൽ പരിമിതപ്പെടുത്താതെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറ്റണം. ജാതീയവും വിഭാഗീയവുമായ പരിഗണനകൾപ്പുറം മാനവികതയുടെ അടിസ്ഥാനത്തിലുള്ള സമീപനവും ചിന്താഗതിയും വളരുമ്പോൾ ലോകത്ത് വമ്പിച്ച മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യ ജീവിതം ധന്യമാകുന്നത് നമ്മെകൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകുമ്പോഴാണെും മാനവരാശിയുടെ സമാധാനപരമായ സഹവർതിത്വം ഉറപ്പാക്കുവാൻ സ്വർഥതക്ക് മേൽ സേവനമനസിന് മേൽകോയ്്മ ഉണ്ടാകുന്ന സാമൂഹ്യ സാഹചര്യം വേണമെന്നും പരിപാടി നിയന്ത്രിച്ച മീഡിയ പ്ളസ് സി. ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. മാനവികത, മനുഷ്യപ്പറ്റ്, ജീവകാരുണ്യം, പരസ്പര സഹായസഹകരണം, സേവനം, സ്നേഹം, ആർദ്രത, ദയ തുടങ്ങിയവ സമകാലിക ലോകത്ത് ഏറെ പ്രസക്തമായ വികാരങ്ങളാണ്. മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും സ്വന്തം വികാരങ്ങളായി പരിഗണിച്ച് മാനവികതയുടേയും സാഹോദര്യത്തിന്റേയും സന്ദേശമാണ് കാലം ആവശ്യപ്പെടുന്നത് . ഈ രംഗത്ത് കൂട്ടായ ചിന്തയും പരിശ്രമങ്ങളുമാണ് ജീവകാരുണ്യദിനം ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദുരിതങ്ങളും ദുരന്തങ്ങളും ഏറി വരികയാണ്. സ്വാഭാവികമായും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആവശ്യകതയുമേറുന്നു. ഭൗതിക സുഖസൗകര്യങ്ങളുടെയും ലോകം വെട്ടിപ്പിടിക്കുവാനുള്ള ഓട്ടത്തിന്റേയുമിടയിൽ കഷ്ടപ്പെടുന്ന തന്റെ സഹജീവിയുടെ കണ്ണീരൊപ്പുവാൻ നമുക്കൊക്കെ സമയമുണ്ടോ എന്നാണ് വാസ്തവത്തിൽ ഈ ദിവസം ഉയർത്തുന്ന പ്രധാന ചോദ്യം. ജീവിതത്തിലെ മുൻഗണനാക്രമങ്ങളിൽ മാനവികതക്കും സാഹോദര്യത്തിനും നാമോരോരുത്തരും എന്ത് വില കൽപ്പിക്കുന്നു എന്നതാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. ജീവിതയാത്രയിൽ ബാക്കിയാവുന്ന , എന്നും മനസിന് ശാന്തിയും സായൂജ്യവും നൽകുന്ന സേവന പ്രവർത്തനങ്ങളിൽ മുഴുകുവാനും കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജം പകരാനുമാണ് ഈ ദിനം ഉപകരിക്കേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

സി.കെ. റാഹേൽ, അവ്നാശ് ഗെയിക് വാദ്, ബഷീർ വടകര സംസാരിച്ചു. വൺ സോൺ ഇന്റർനാഷണൽ പ്രോപ്പർട്ടീസ് ആൻഡ് മൊബൈൽ ആക്സസറീസ് ഓപറേഷൻസ് മാനേജർ മുഹമ്മദ് റാഫി, സ്റ്റാർ കിച്ചൺ എക്വ്യൂപ്മെന്റ് മാനേജിങ് ഡയറക്ടർ പി. എം. അബ്ദുൽ സലാം , അൽ സമാൻ എക്സ്ചേഞ്ച് പ്രതിനിധി മുഹമ്മദ് അദീബ് എിവർ ചടങ്ങിൽ വിശിഷ്ട അതിഥികളായിരുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം 2009 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് 19 ആണ് ലോക ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന യുദ്ധങ്ങളിലും വർഗീയ വംശീയ കലാപങ്ങളിലും ക്രൂരമായ അതിക്രമങ്ങൾക്ക് വിധേയരാകുന്ന നിരപരാധികളും നിരാശ്രയരുമായ മനുഷ്യരുടെ പരിചരണത്തിനും സേവനത്തിനും സമയം കണ്ടെത്തുന്ന മനുഷ്യസ്നേഹികളുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അവർ ഉദ്ഘോഷിക്കുന്ന ഉന്നതമായ സേവന സന്ദേശം പ്രചരിപ്പിക്കുകയുമാണ് ഈ ദിനത്തിന്റെ പ്രധാന ദൗത്യം.