മുംബൈ: മഹാരാഷ്ട്രയിൽ 27ാം മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നവിസ് അധികാരമേറ്റതിന് തൊട്ടടുത്ത ദിവസം തന്നെ പിന്തുണ പ്രഖ്യാപിച്ച ശിവസേന ഉപാധികളുമായി രംഗത്ത്. നേരത്തെ നിരുപാധിക പിന്തുണ പ്രഖ്യാപിച്ച ശിവസേന വിശ്വാസ വോട്ടിന് മുമ്പായി ക്യാബിനറ്റ് അംഗങ്ങളെ സംബന്ധിച്ച വ്യക്തമായ കരട് തയ്യാറാക്കാൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിന് ഇരു സഖ്യകക്ഷികളും ഒരിക്കൽ കൂടി ഒന്നിക്കാൻ തീരുമാനിച്ചെങ്കിലും ശിവസേന ബിജെപിയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നാണ് ശിവസേന ഇന്നലെ പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നത്. അതേസമയം ചർച്ചകളെല്ലാം അനുകൂലമായ രീതിയിലാണ് നീങ്ങുന്നതെന്ന് ശിവസേന അവകാശപ്പെടുന്നുണ്ട്. ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയും ബിജെപി നേതാക്കളായ അമിത് ഷാ, അരുൺ ജെയ്റ്റ്‌ലി എന്നിവരുമായി കഴിഞ്ഞദിവസവും കൂടിക്കാഴ്ച നടന്നതായി പാർട്ടി വക്താവ് നീലം ഗോർഹെ അറിയിച്ചു. ഈ ചർച്ച സർക്കാർ രൂപീകരണത്തിന് അനുകൂലമായാണ് അവസാനിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു.

ശിവസേനയും ബിജെപിയും തമ്മിലുള്ള ഉന്നതതല ചർച്ച അടുത്തെങ്ങും അവസാനിക്കില്ലെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. 25 വർഷമായി മഹാരാഷ്ട്രയിൽ തുടരുന്ന ഈ സഖ്യം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സീറ്റ് വിഭജന തർക്കത്തെ തുടർന്നാണ് വഴിപിരിഞ്ഞത്. ശിവസേനയ്ക്ക് നിയമസഭയിൽ 63 സീറ്റുകളാണ് ഉള്ളത്. ഇതിനിടെ വെള്ളിയാഴ്ച ഫഡ്‌നവിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് ഉദ്ധവ് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നതായാണ് അറിയുന്നത്. പിന്നീട് മുതിർന്ന ബിജെപി നേതാക്കളുടെ ക്ഷണം സ്വീകരിച്ച് അവസാന നിമിഷമാണ് ചടങ്ങ് നടന്ന വങ്കഗാഡെ സ്റ്റേഡിയത്തിൽ അദ്ദേഹമെത്തിയത്. ഇതോടെ മുൻ സഖ്യകക്ഷികൾ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രതീക്ഷ ശക്തമായിരുന്നു.

നേരത്തെ ബിജെപിയിൽ നിന്നും തുടർച്ചയായി നേരിടുന്ന അവഗണനകളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങിൽ നിന്ന് സേന നേതാക്കൾ വിട്ടു നിന്നിരുന്നു. പിന്നീട് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായിൽ നിന്ന് മഹാരാഷ്ട്ര മന്ത്രിസഭയിൽ തങ്ങൾക്ക് തുല്യമായ പ്രാതിനിധ്യം ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ലോക്‌സഭാംഗമായ വിനായക് റൗട്ട് അറിയിക്കുകയും ചെയ്തിരുന്നു. 288 അംഗങ്ങളുള്ള മഹാരാഷ്ട്ര അസംബ്ലിയിൽ ബിജെപിക്ക് 122 സീറ്റുകളാണ് ഉള്ളത്. 23 സീറ്റുകളിൽ നിന്നുള്ള പിന്തുണ കൂടി ലഭിച്ചാലെ അവർക്ക് സഭയിൽ ഭൂരിപക്ഷം നേടാനാകൂ. ചെറിയ പാർട്ടികളുടെയും സ്വതന്ത്രരുടെയും കൂടി പിന്തുണയിൽ ബിജെപിക്ക് ഇപ്പോൾ 135 സീറ്റുകളാണ് ഉള്ളത്. ഇതിനിടെ നന്ദെഡ് അസംബ്ലിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗോവിന്ദ് റത്തോഡ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തേണ്ട അവസ്ഥയിലാണ് ബിജെപി.

ഇതിനിടയിലാണ് സേന എംപിയും ഉദ്ധവിന്റെ വിശ്വസ്തനുമായ അരുൺ ദേശായി കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലിയോട് മന്ത്രിസഭ സംബന്ധിച്ച ചർച്ചകൾ വിശ്വാസവോട്ടെടുപ്പിന് മുമ്പ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസഭയിൽ മൂന്നിൽ ഒന്ന് പ്രാതിനിധ്യം വേണമെന്ന ശിവസേനയുടെ ആവശ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുപ്പതുപേരായിരിക്കും ഇത്തവണ മഹാരാഷ്ട്ര മന്ത്രിസഭയിൽ ഉണ്ടായിരിക്കുകയെന്നാണ് കരുതപ്പെടുന്നത്.

ഇതിനിടെ ഉപമുഖ്യമന്ത്രി പദവിയും സേന ആവശ്യപ്പെടുന്നതായാണ് അറിയുന്നത്. മന്ത്രിസഭയിലെ താക്കോൽ സ്ഥാനം തങ്ങൾക്ക് ലഭിച്ചാലും ആർക്കും തെറ്റിപറയാനാകില്ലെന്നാണ് ഒരു ശിവസേന വക്താവ് ഇതിനോട് പ്രതികരിച്ചത്.