ന്യൂഡൽഹി: കാലാവധി പൂർത്തിയാക്കി എംപി സ്ഥാനമൊഴിയുന്ന പി രാജീവിന് വിവിധ കോണുകളിൽ നിന്നുള്ള അഭിനന്ദന പ്രവാഹം. കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി മുതൽ സോഷ്യൽ മീഡിയ വരെ ഏകസ്വരത്തിലാണ് രാജീവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

രാജ്യസഭയിൽ ഏവരുടെയും പ്രശംസ നേടത്തക്കവിധമായിരുന്നു പി രാജീവിന്റെ പ്രവർത്തനം എന്നത് മന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു. രാജീവിനെ വീണ്ടും സഭയിലേക്ക് അയക്കണമെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരിയോട് ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു.

ഇക്കാര്യം ആലോചിക്കാമെന്ന് രാജ്യസഭയിൽ യെച്ചൂരി മറുപടിയും നൽകി. രാജീവിനെ പോലെ മികച്ച പാർലമെന്റേറിയനെ സഭയിലേക്ക് മടക്കി കൊണ്ടു വരണമെന്ന് ധമന്ത്രി അരുൺ ജയ്റ്റ്‌ലി ആവശ്യപ്പെട്ടതിനു പിന്നാലെ ഗുലാംനബി ആസാദും മായാവതിയും ശരദ് യാദവും ഡെറിക് ഒബ്രിയനും ഇക്കാര്യം പിന്തുണച്ചു. പാർട്ടി ഇപ്പോൾ പ്രധാനപ്പെട്ട ചുമതലയാണ് രാജീവിന് നല്കിയിരിക്കുന്നതെങ്കിലും സഭയുടെ വികാരം പരിഗണിക്കാമെന്നു യെച്ചൂരി പറഞ്ഞു.

രാജ്യത്തിനാകെ ഗുണകരമാകുന്ന നിരവധി വിഷയങ്ങളിലേക്ക് ഈ കാലയളവിൽ ശ്രദ്ധ ക്ഷണിക്കാൻ പി രാജീവിനു കഴിഞ്ഞിരുന്നു. എംപി ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഒട്ടനവധി ജനോപകാരപ്രവർത്തനങ്ങളാണ് പി രാജീവ് ചെയ്തത്. കേരളത്തിൽ നിന്നു പോയ, ഭരണകക്ഷിയിൽ വരെ അംഗമായിരുന്ന നിരവധി എംപിമാർ സഭയിൽ ഉണ്ടായിട്ടും അവർക്കൊന്നും കഴിയാത്ത ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ രാജീവിനായി എന്നു സോഷ്യൽ മീഡിയയും സാക്ഷ്യപ്പെടുത്തുന്നു.

എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും ആയിരക്കണക്കിന് രോഗികൾ ദിനംപ്രതി ആശ്രയിക്കുന്ന എറണാകുളം ജനറൽ ആശുപത്രിയിലാണ് സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കേരളത്തിലെ ഏക എംആർഐ സ്‌കാൻ സെന്റർ പ്രവർത്തിക്കുന്നത്. ആറു കോടി മുടക്കി നിർമ്മിച്ച ഇതിനായി ഒന്നരക്കോടി രൂപ തന്റെ എംപി ഫണ്ടിൽ നിന്നാണ് രാജീവ് അനുവദിച്ചത്. കൂടാതെ രാജീവ് മുൻകൈയെടുത്ത് മറ്റു സംസ്ഥാനങ്ങളിലെ സിപിഐ(എം) രാജ്യസഭാ എംപിമാരിൽ നിന്നും ഇതിന് വേണ്ടി ഫണ്ട് അനുവദിപ്പിച്ചു.

സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നതിന്റെ നാലിലൊന്ന് നിരക്കിലാണ് ഇവിടെ സ്‌കാൻ ചെയ്യുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇവിടെ ദിനം പ്രതി നൂറുകണക്കിനാളുകളാണ് സ്‌കാനിംഗിന് വിധേയമാകുന്നത്.

ജനറൽ ആശുപത്രിയിൽ ഉടൻ കമ്മീഷൻ ചെയ്യാനിരിക്കുന്ന കാൻസർ രോഗ ചികിത്സക്കുള്ള അത്യാധുനിക ഉപകരണം ലീനിയാർ ആക്‌സിലറേറ്റർ 10 കോടി മുടക്കിൽ സ്ഥാപിക്കാനും പി രാജീവിന്റെ ഇടപെടൽ കാരണമായിട്ടുണ്ട്. കേരളത്തിലെ 5 ജില്ലകളിലെ കാൻസർ രോഗികൾാണ് ഇതിന്റെ ഗുണഫലം ലഭിക്കുക.

ആലുവ ജില്ലാ ആശുപത്രിയിൽ സർക്കാർ വക ഡയാലിസിസ് കേന്ദ്രത്തിനു പിന്നിലും പി രാജീവാണ്. ഒരേ സമയം 22 രോഗികൾക്ക് ഇവിടെ ഡയാലിസിസ് ചെയ്യാനാവും. എറണാകുളം ജില്ലയിലെ സർക്കാർ സ്‌കൂളുകൾക്ക് വൃത്തിയുള്ള ഇലക്ട്രോണിക് ടോയ്‌ലറ്റുകൾ സ്ഥാപിക്കാൻ 2 കോടി രൂപ നൽകി. സർക്കാർ സ്‌കൂളുകൾക്ക് വാഹനം നൽകുന്ന റീച്ച് ടു സ്‌കൂൾ പദ്ധതി 10 കോടി മുടക്കുള്ളതാണ്.

ഇത്തരത്തിൽ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകളെ ഉദ്ദേശിച്ച് നിരവധി പ്രവർത്തനങ്ങളാണ് പി രാജീവ് എംപിയെന്ന നിലയിൽ കാഴ്ചവച്ചതെന്ന് സോഷ്യൽ മീഡിയയും പറയുന്നു. ഒരു രാജ്യസഭാ അംഗത്തിന് എങ്ങനെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നതിന് മാതൃകയാണ് പി രാജീവെന്നും എറണാകുളത്തുനിന്നു ലോക്‌സഭയിലും രാജ്യസഭയിലും എത്തിയ മറ്റ് എംപിമാർക്കൊന്നും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് രാജീവ് ചെയ്തതെന്നും സോഷ്യൽ മീഡിയ ഓർക്കുന്നു.

ഇത്തരത്തിൽ ജനോപകാരപ്രദമായ നിരവധി കാര്യങ്ങൾ ചെയ്യുന്നതിനും രാജ്യത്തിന്റെ ശ്രദ്ധയിൽ നിരവധി കാര്യങ്ങൾ എത്തിക്കുന്നതിനും പരിശ്രമിച്ച വ്യക്തിയാണ് രാജീവ് എന്നതിന് അംഗീകാരം കൂടിയായി അരുൺ ജെയ്റ്റ്‌ലിയുടെ വാക്കുകൾ. ഇപ്പോൾ സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറിയാണ് പി രാജീവ്.

അതിനിടെ, സഭയുടെ ചരിത്രം ഇതുവരെ കാണാത്ത തരത്തിലാണ് കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്ന എംപിമാർക്ക് യാത്രയയപ്പു നൽകിയത്. സിപിഐ(എം) അംഗമായ പി രാജീവും സിപിഐയിലെ എം പി അച്യുതനും ഉൾപ്പെടെ കാലാവധി കഴിയുന്ന എംപിമാരെ ഗാലറിയിലിരുത്തിയാണ് രാജ്യസഭ വ്യാഴാഴ്ച യാത്രയയപ്പ് നൽകിയത്.

ചൊവ്വാഴ്ചയോടെ പി രാജീവ്, എം പി അച്യുതൻ, വയലാർ രവി എന്നിവരുടെ കാലാവധി ഔദ്യോഗികമായി അവസാനിച്ചിരുന്നു. വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വയലാർ രവിക്കു പുറമെ കെ കെ രാഗേഷ്, എ പി അബ്ദുൾ വഹാബ് എന്നിവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഇതിനുശേഷമാണ് കാലാവധി പൂർത്തിയാക്കിയ എംപിമാർക്ക് യാത്രയയപ്പ് നൽകയത്. രാജ്യസഭാ നടപടികൾ വീക്ഷിക്കാൻ ഗാലറിയിൽ മുൻ എംപിമാർക്ക് ഒരുക്കിയ ഇരിപ്പിടത്തിലിരുന്നാണ് രാജീവും അച്യുതനും ഉൾപ്പെടെയുള്ളവർ യാത്രയയപ്പു ചടങ്ങിൽ പങ്കെടുത്തത്.