തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ എം റിജുവിനും സീനിയർ കറസ്‌പോണ്ടന്റ് എം മനോജ് കുമാറിനും യാത്രയയപ്പ് നൽകി. വിഴിഞ്ഞത്തുàള്ള സോമ മണൽത്തീരം ആയുർവേദ ബീച്ച് വില്ലേജിൽ വെച്ചുള്ള ചടങ്ങിലാണ് ഇരുവർക്കും യാത്രയപ്പ് നൽകിയത്. മറുനാടൻ കുടുംബാംഗങ്ങൾ സംബന്ധിച്ച ചടങ്ങിൽ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ ഇരുവർക്കും പുരസ്‌ക്കാരം സമ്മാനിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തോളമായി മറുനാടൻ മലയാളി ഓൺലൈൻ ദിനപത്രത്തിന്റെ എഡിറ്റർ സ്ഥാനത്ത് പ്രവർത്തിച്ചു വരികയായിരുന്നു എം റിജു. മറുനാടൻ മലയാളിയിലെ മാധ്യരംഗത്തിന് വിരാമമിട്ട് മറ്റൊരു ഡിജിറ്റൽ മാധ്യമ രംഗത്തേക്ക് ചുവടു വെക്കുന്നതിന്റെ ഭാഗമാകുകയാണ് റിജു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം മറുനാടനോട് യാത്രപറയുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ എം റിജുവിന്റെ സേവനത്തിലൂടെ മറുനാടൻ മലയാളിക്ക് ഏറെ മുന്നോട്ടു പോകാൻ സാധിച്ചെന്ന് ഷാജൻ സ്‌കറിയ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

മാധ്യമം ദിനപത്രത്തിൽ നിന്നും രാജിവച്ചാണ് എം റിജു മൂന്ന് വർഷം മുമ്പ് മറുനാടന്റെ ഭാഗമായത്. ഇരുപതു കൊല്ലമായി മാധ്യമത്തിന്റെ വിവിധ എഡിഷനുകളിൽ ജോലി ചെയ്ത ശേഷമാണ് റിജു മറുനാടനിൽ ചേർന്നത്. ചലച്ചിത്ര നിരൂപകനും, ചെറുകഥാകൃത്തും ഡോക്യുമെന്ററി സംവിധായകനുമായ റിജു സഹഎഴുത്തുകാർക്കൊപ്പം അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നിലവിൽ കൂടുതൽ പുസ്തങ്ങളുടെ രചനയിലുമാണ്.

സയൻസ് ട്രസ്റ്റ് ഫീച്ചർ സിൻഡിക്കേറ്റിന്റെ സ്ഥാപകാംഗമാണ്. ശാസ്ത്രഗതി, സയൻസ് ടുഡേ, ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്, എഷ്യൻ ഏജ് എന്നീ പത്രങ്ങളിൽ ശാസ്ത്ര ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മൂന്ന് അമേച്വർ നാടകങ്ങളും ഇദ്ദേഹത്തിന്റെതായുണ്ട്. ബിഎസ്സി ബിരുദധാരിയായ റിജു മലയാളത്തിനൊപ്പം സോഷ്യോളജിയിലും മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയാണ്.

മറുനാടൻ മലയാളിക്ക് ശ്രദ്ധേയമായ എക്‌സ്‌ക്ലൂസിവ് റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് എം മനോജ്കുമാർ. മറുനാടന്റെ സീനിയർ കറസ്‌പോണ്ടന്റ് ആയ എം മനോജ് കുമാർ സ്വന്തം മാധ്യമ സംരംഭവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് മറുനാടൻ കുടുംബത്തിൽ തിന്നും പടിയിറങ്ങിയത്. അദ്ദേഹത്തിനും ശോഭനമായ ഭാവി ആശംസിക്കുന്നതായി ഷാജൻ സ്‌കറിയ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ്, ഇന്ത്യാവിഷൻ, അമൃതാ ടിവി, ഇന്ത്യാ ടുഡെ, മംഗളം, മലയാളം തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളുടെ ഭാഗമായി മനോജ് കുമാർ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.

മറുനാടൻ മലയാളി മാനേജിങ് ഡയറക്ടർ ബിജു തോമസ് സ്വാഗതവും സെൽബിൻ നന്ദിയും പറഞ്ഞു. സീനിയർ ന്യൂസ് എഡിറ്റർമാരായ പി ജി രജീഷ്, കെ രമേശ് കുമാർ ന്യൂസ് എഡിറ്റർ ബി രാജേഷ് കുമാർ, മറുനാടൻ ടിവി അവതാരകരായ എം ഹാരി, രാഖി അനൂപ്, ചീഫ് റിപ്പോർട്ടർ ആർ പിയൂഷ് തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

12 വർഷം മുൻപ് മറുനാടൻ മലയാളിക്ക് തുടക്കം കുറിച്ചത് എങ്ങനെ എന്ന് വിശദമായി തന്നെ ഷാജൻ സ്കറിയ പ്രസംഗത്തിൽ പറഞ്ഞു. ഷാജൻ സ്കറിയ ബ്രിട്ടനിൽ ആയിരുന്നപ്പോൾ തുടങ്ങിയ ബിട്ടീഷ് മലയാളിയുടെ അത്ഭുതപൂർവ്വമായ വിജയത്തെ തുടർന്നാണ് മറുനാടന് രൂപം നൽകിയത്. ആദ്യം കോട്ടയത്തായിരുന്ന ഓഫീസ് പത്തുകൊല്ലം മുൻപ് തിരുവനന്തപുരത്തേക്ക് മാറ്റുക ആയിരുന്നു. തിരുവനന്തപുരത്താണ് മറുനാടൻ ന്യൂസ് ഡെസ്‌ക്കും സ്റ്റുഡിയോയും പ്രവർത്തിക്കുന്നത്.

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നല്ല സ്‌പെയ്‌സായിരുന്നു മറുനാടനെന്ന് റിജു മറുപടി പ്രസംഗത്തിൽ പറഞ്ഞു. സിനിമയിലേക്കും മറ്റും കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിന് വേണ്ടിയാണ് താൻ മറുനാടൻ വിടുന്നതെന്നും കൂട്ടിച്ചേർത്തു. എസ് എഫ് ഐയിൽ നിന്ന് വിരമിക്കുമ്പോൾ കിട്ടിയ യാത്ര അയയ്‌പ്പാണ് മറുനാടൻ ഒരുക്കിയ സാഹ്നത്തിൽ മനസ്സിൽ കടന്നു വരുന്നതെന്നും റിജു പറഞ്ഞു. മറ്റൊരു സ്ഥാപനത്തിനും മറുനാടന് പകരമാകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.