വാഷിങ്ടൺ ഡിസി: അമേരിക്കൻ അറ്റോർണി ജനറലായി ബൈഡൻ - കമലാ ഹാരിസ് ടീം നോമിനേറ്റ് ചെയ്തിരുന്ന മെറിക് ഗാർലന്റിനെ യു.എസ് സെനറ്റ് ബഹുഭൂരിപക്ഷത്തോടെ അംഗീകരിച്ചു.

മാർച്ച് പത്താംതീയതി ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ നൂറിൽ എഴുപത് ശതമാനം അംഗങ്ങൾ അനുകൂലിച്ചും, 30 അംഗങ്ങൾ എതിർത്തും വോട്ട് ചെയ്തു. വോട്ടെടുപ്പിനുശേഷം മെറിക് വികാരാധീനനായി കാണപ്പെട്ടു. ഡമോക്രാറ്റിക് പാർട്ടിയിലെ അമ്പത് അംഗങ്ങളും, റിപ്പബ്ലിക്കൻ പാർട്ടിയിലെ 20 അംഗങ്ങളുമാണ് മെറിക് ഗാർലന്റിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.

24 വർഷം പെഡറൽ അപ്പലേറ്റ് ജഡ്ജിയായിരുന്ന ഗാർലന്റ് അവസാനമായി വഹിച്ചിരുന്ന ഡി.ബി സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് സ്ഥാനം ബുധനാഴ്ച രാജിവച്ചിരുന്നു. പുതിയ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായിരുന്നു രാജി. ജസ്റ്റീസ് ഡിപ്പാർട്ട്മെന്റിന്റെ തലപ്പത്ത് മെറിക്കിനെപോലെ വ്യക്തിപ്രഭാവമുള്ള ഒരാൾ എത്തിയിരിക്കുന്നതായി സെനറ്റ് മജോറിറ്റി ലീഡർ ചക്ക് ഷുമ്മർ പറഞ്ഞു.

കാപ്പിറ്റോൾ ലഹളയിൽ ട്രംപിന്റെ പങ്കിനെക്കുറിച്ചും, ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരേയുള്ള ഫെഡറൽ അന്വേഷണത്തെക്കുറിച്ചും, സങ്കീർണ്ണമായ പ്രശ്നങ്ങളാണ് അറ്റോർണി ജനറൽ എന്ന നിലയിൽ മെരിക്കിന് അഭിമുഖീകരിക്കേണ്ടിയിരിക്കുന്നത്.

2016-ൽ പ്രസിഡന്റ് ഒബാമ സുപ്രീംകോടതി ജഡ്ജിയായി മെറിക്കിനെ നിർദേശിച്ചിരുന്നുവെങ്കിലും അന്ന് സെനറ്റ് മജോറിറ്റി ലീഡറായിരുന്ന മിച്ച് മെക്കോണലും, റിപ്പബ്ലിക്കൻ അംഗങ്ങളും എതിർത്തിരുന്നതിനാൽ നിയമനം അംഗീകരിച്ചിരുന്നില്ല.