ഷില്ലോങ്: കശാപ്പിനായി കന്നുകാലികളെ കൊല്ലുന്നത് നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ബിജെപി മേഘാലയ സംസ്ഥാനഘടകത്തിൽ കൂട്ട രാജി തുടരുന്നു. ബീഫ് കഴിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ച് നോർത്ത് ഗാരോ ഹിൽസ് ജില്ലാ അധ്യക്ഷൻ ബച്ചു മരാഖാണ് ഒടുവിൽ രാജിവെച്ചത്.

ഭക്ഷണത്തിൽ കൈകടത്താൻ ആരേയും അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന് അയച്ച രാജിക്കത്തിൽ മരാഖ് ചൂണ്ടിക്കാണിക്കുന്നു. വിമത ബിജെപി നേതാക്കൾ ജൂൺ പത്തിന് സംഘടിപ്പിക്കുന്ന ബീഫ് ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാനൊരു ഉത്തരവാദിത്തപ്പെട്ട നേതാവാണ്. ജനങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കാൻ സാധിക്കില്ല. ബിജെപിക്ക് ഞങ്ങളുടെ നാട്ടിൽ ബീഫ് നിരോധനം കൊണ്ടുവരാൻ സാധിക്കില്ലെന്നും ബച്ചു മരാഖ് പറഞ്ഞു.

ബീഫ് നിരോധനത്തിൽ പ്രതിഷേധിച്ച് പാർട്ടിയുടെ പ്രമുഖ നേതാവ് ബർണാഡും നേരത്തെ രാജിവച്ചിരുന്നു. എന്നാൽ, ബച്ചു മരാഖ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചു.

ജനങ്ങൾക്കുമേൽ ഭരണഘടനാ വിരുദ്ധമായ ഒന്നും അടിച്ചേൽപ്പിക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. മോദി സർക്കാർ എല്ലായിടത്തും വികസനം എത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.