തിരുവനന്തപുരം: ശബരിമല വിഷയം സർക്കാരിനേയും ജനങ്ങളേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ ദിനങ്ങളാണ് കടന്നു പോയത്. ഇതിനു പിന്നാലെ ശബരിമലയിൽ നടന്ന അറസ്റ്റിനെതിരേയും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ അവസരത്തിലാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുൻ പൊലീസ് മേധാവി ടി.പി സെൻകുമാർ രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തിൽ വാറണ്ടുള്ള മന്ത്രിമാരക്കം പലരും സ്വതന്ത്രമായി നടക്കുകയാണെന്നും ഈ അവസരത്തിലാണ് സുരേന്ദ്രനെതിരെ ഓരോ ദിവസവും കേസുകൾ ചുമത്തുന്നതെന്നും സെൻകുമാർ തുറന്നടിച്ചു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുൻ പൊലീസ് മേധാവി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

ശബരിമലയിൽ പൊലീസ് എടുത്ത നടപടികൾ ശരിയല്ല. നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കണം.നിയമം ദുരുപയോഗം ചെയ്യുന്നവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വേണ്ടത്. ഇതിനായി സുരേന്ദ്രന്റെ കുടുംബം മനുഷ്യാവകാശ കമ്മിഷനെയും ഹൈക്കോടതിയെയും സമീപിക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു.

ഐപിഎസുകാർ നട്ടെല്ലില്ലാത്തവരും അടിമവേല ചെയ്യുന്നവരുമായി മാറി. മന്ത്രിമാർ ഉൾപ്പെടെ വാറണ്ടുള്ള പ്രമുഖർക്കെതിരെ പൊലീസ് നടപടിയൊന്നും സ്വീകരിക്കുന്നില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ചാൽ ഉദ്യോഗസ്ഥനു ശിക്ഷ ലഭിക്കാവുന്നതാണ്. ശബരിമല ചിത്തിര ആട്ട വിശേഷത്തിന് 52കാരിയെ തടഞ്ഞ കേസിൽ അറസ്റ്റിലായ കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു.

കോഴിക്കോട് ട്രെയിൻ തടഞ്ഞ കേസിലും 2014 കമ്മിഷണർ ഓഫീസ് മാർച്ചിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിലും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകി. സുരേന്ദ്രനെ പി.എസ്.ശ്രീധരൻ പിള്ളയും വി.മുരളീധരനും സന്ദർശിച്ചു. മണ്ഡലകാലം കഴിയും വരെ തന്നെ ജയിലിലിടാനുള്ള ഗൂഢാലോചനയാണു നടക്കുന്നതെന്നു സുരേന്ദ്രൻ പ്രതികരിച്ചു.