തിരുവനന്തപുരം: തന്നെ ഡിജിപി സ്ഥാനത്തു തിരിച്ചെത്തിക്കണമെന്നു സുപ്രീംകോടതി ഉത്തരവിട്ടിട്ടും പിണറായി സർക്കാർ തീരുമാനം എടുക്കാത്ത സാഹചര്യത്തിൽ സെൻകുമാർ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. തിങ്കളാഴ്ച കോടതിയലക്ഷ്യ ഹർജി നല്കുമെന്ന് അദ്ദേഹം അറിയിച്ചു. സെൻകുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് മുമ്പ് തിങ്കളാഴ്ചയായിരുന്നു. നാലു ദിവസമായിട്ടും ഇക്കാര്യത്തിൽ കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ സെൻകുമാർ ഒരുങ്ങുന്നത്. സുപ്രീംകോടതി വിധി സർക്കാർ അനുസരിക്കുന്നില്ലെന്നു വ്യക്തമാക്കി കോടതിയലക്ഷ്യ ഹർജിയായിരിക്കും അദ്ദേഹം നല്കുക.

പുത്തൂർ വെടിക്കെട്ട് ദുരന്തം, ജിഷ വധം എന്നീ കേസുകളിൽ വീഴ്ചയുണ്ടായി എന്നാരോപിച്ചാണ സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് പിണറായി സർക്കാർ മാറ്റിയത്. ഇത് തെറ്റാണെന്നു വിധിച്ച സുപ്രീംകോടതി ഉടൻതന്നെ സെൻകുമാറിനെ ഡിജിപി സ്ഥാനത്തു പുനഃസ്ഥാപിക്കാൻ നിർദ്ദേശിച്ചു. എന്നാൽ ഇക്കാര്യത്തിൽ പിണറായി സർക്കാരിൽ ആശയക്കുഴപ്പം തുടരുകയാണ്. തിങ്കളാഴ്ചത്തെ സുപ്രീംകോടതി വിധിയുടെ പകർപ്പ് ഔദ്യോഗികമായി സർക്കാരിന് ലഭിച്ചത് ഇന്നാണ്. ഇന്ന് വൈകുംവരെ കാത്തിരുന്നിട്ടും തന്റെ പുനർനിയമനത്തിൽ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ സെൻകുമാർ തീരുമാനിച്ചത്.

സുപ്രീംകോടതി വിധിക്കെതിരേ റിവിഷൻ ഹർജി നല്‌കേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. സെൻകുമാറിനെ ഡിജിപി സ്ഥാനത്തു പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനം വൈകരുതെന്ന നിയമോപദേശം സർക്കാരിനു ലഭിച്ചിട്ടുണ്ട്. വൈകാതെ അദ്ദേഹത്തെ പുനർനിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ ഇക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് സെൻകുമാർ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നത്. പിണറായി സർക്കാരിനെ സമ്മർദ്ദത്തിലാക്കി തന്റെ നിയമനത്തിൽ വേഗം തീരുമാനം ഉണ്ടാക്കിക്കാനാണ് സെൻകുമാറിന്റെ നീക്കം. ജൂൺ 30നാണ് സെൻകുമാറിന്റെ സർവീസ് തീരുന്നത്. സർവീസ് തീരാൻ രണ്ടുമാസം കൂടിമാത്രം അവശേഷിക്കുന്നതിനാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള തീരുമാനം സെൻകുമാർ ആഗ്രഹിക്കുന്നുണ്ട്.

സെൻകുമാറിന്റെ നിയമനം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിയുമായും പ്രൈവറ്റ് സെക്രട്ടറി എം വിജയരാജനുമായും ചർച്ച നടത്തുകയും ചെയ്തു. സെൻകുമാറിന്റെ നിയമനത്തോടെ പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചേക്കുമെന്നാണ് സൂചന. എന്നാൽ അവധിയിലുള്ള ജേക്കബ് തോമസ് അവധി കഴിഞ്ഞ് മടങ്ങിയെത്തിയാൽ വിജിലൻസ് ഡയറക്ടറായി അദ്ദേഹത്തിന് ചുമതല നൽകേണ്ടി വരും. ഈ സാഹചര്യമാണ് സർക്കാരിനെ അലോസരപ്പെടുത്തുന്നത്. ജേക്കബ് തോമസ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്റലിജൻസ് മേധാവിയായി ബെഹ്റയെ നിയമിക്കണമെന്ന നിർദ്ദേശവും ഉണ്ട്.

ഡിജിപി റാങ്കിലുള്ള ബി.എസ്.മുഹമ്മദ് യാസിനാണ് ഇപ്പോൾ ഇന്റലിജൻസ് മേധാവി. ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയാൽ പകരം നിയമനം കൊടുക്കുന്നതിനെ കുറിച്ച് സർവ്വത്ര ആശയക്കുഴപ്പമാണ്. സെൻകുമാറിന്റെ നിയമന ഉത്തരവു വൈകിപ്പിക്കേണ്ടതില്ലെന്ന നിർദ്ദേശമാണു സിപിഎമ്മും മുഖ്യമന്ത്രിക്കു നൽകിയത്. മിക്കവാറും നിയമന ഉത്തരവ് ഇന്നിറങ്ങും. ഈ സാഹചര്യത്തിലാണ് ബെഹ്റയുടേയും ജേക്കബ് തോമസിന്റേയും സ്ഥാനങ്ങൾ ചർച്ചയാകുന്നത്.