കൊച്ചി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉടൻ കേരളത്തിലെത്തുമെന്നാണ് സൂചന. അടുത്ത മാസം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ കേരള യാത്ര നടത്തും. ഇതിനായി അമിത് ഷായെത്തുമ്പോൾ പല പ്രമുഖരും ബിജെപിയിൽ ചേരുമെന്നാണ് സൂചന. മെഡിക്കൽ കോഴയിൽ ആടി ഉലയുന്ന ബിജെപിക്ക് പുതു ജീവൻ അതോടെ ലഭിക്കം. കേന്ദ്ര മന്ത്രിയായി അൽഫോൻസ് കണ്ണന്താനത്തെ നിയോഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചിലകണക്കുകൂട്ടലുകളുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 മണ്ഡലത്തിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ബിജെപി ഒരുങ്ങുന്നത്. ഇതിനായി തയ്യാറാക്കിയവരുടെ പരിഗണനാ പട്ടികയിൽ ആദ്യ പേരുകാരൻ മുൻ ഡിജിപി ടിപി സെൻകുമാറാണ്. സെൻകുമാറിനെ ബിജെപിയിൽ അംഗമാക്കി ലോക്‌സഭാ പോരിന് ഇറക്കാനാണ് നീക്കം.

മുഖ്യമന്ത്രി പിണറായി വിജയനെ നിയമപോരാട്ടത്തിലൂടെ തോൽപ്പിച്ചാണ് സെൻകുമാർ ഡിജിപി കസേരയിൽ തിരിച്ചെത്തിയത്. അതിന് ശേഷം പലതും നടന്നു. വിരമിച്ച ശേഷവും സെൻകുമാറിനെ കുടുക്കാൻ പല കേസുകളെടുത്തു. ലൗജിഹാദിലെ പ്രസ്താവന പോലും കേസായി. എന്നാൽ സംസ്ഥാന പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയ്ക്ക് പോലും ലൗ ജിഹാദിൽ സംശയം ഉയർത്തേണ്ടി വന്നു. ഇതോടെ ഈ കേസും പാളി. വ്യാജ രേഖ ചമയ്ക്കൽ ഉൾപ്പെടെ നിരവധി ആരോപണങ്ങളുയർത്തി എഫ് ഐ ആർ ഇട്ടു. എന്നാൽ ഇതിലൊക്കെ സെൻകുമാറിന് കോടതിയുടെ തുണ ലഭിച്ചു. ടി.പി.സെൻകുമാർ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചത് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും കോടതി തള്ളി. പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.

സെൻകുമാറിനെതിരായ ആരോപണങ്ങളെ സംബന്ധിച്ച് മൂന്നു വ്യക്തികൾ പല കാലഘട്ടങ്ങളിലായി വിജിലൻസ് ഡയക്ടർക്ക് നൽകിയ പരാതികൾ അന്വേഷിച്ചില്ലെന്നായിരുന്നു ഹർജിയിലെ ആരോപണം. മറ്റുള്ളവർ നൽകിയ പരാതിയെപ്പറ്റി ഹർജിക്കാരൻ ആകുലപ്പെടേണ്ട കാര്യമൈന്തന്ന് പ്രാരംഭവാദത്തിൽ തന്നെ കോടതി ചോദിച്ചിരുന്നു. ഹർജിക്കാരന് ഹർജി ഫയൽ ചെയ്യാനുള്ള നിയമപരമായ അവകാശത്തിലും സാധുതയിലും കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സെൻകുമാർ മധ്യമേഖല ഐ.ജി. ആയിരുന്നപ്പോഴും പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവി ആയിരുന്നപ്പോഴും അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചെന്നായിരുന്നു ഹർജിയിലെ രത്നച്ചുരുക്കം. കളീക്കൽ സ്വദേശിയായ അഭിഭാഷകനായിരുന്നു ഹർജിക്കാരൻ. ഇതും തള്ളിയതോടെ അഴിമതിക്കുരുക്കിൽ പെടുത്താനുള്ള നീക്കവും പൊളിഞ്ഞു. ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സെൻകുമാറെന്നാണ് ബിജെപി വിലയിരുത്തൽ. അതുകൊണ്ട് തന്നെ സെൻകുമാറിനെ പാർട്ടിയിലെത്തിച്ചാൽ വിലയ നേട്ടമുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

ഡിജിപിയായി വിരമിച്ച ശേഷം ആർഎസ്എസ് മുഖപത്രമായ ജന്മഭൂമിയുടെ ചടങ്ങിൽ സെൻകുമാർ എത്തിയിരുന്നു. മോദിയുടെ രാഷ്ട്രീയത്തെ പുകഴ്‌ത്തുകയും ചെയ്തു. ഇതോടെ തന്നെ സെൻകുമാറിന്റെ രാഷ്ട്രീയ പ്രവേശനം ചർച്ചയായി. സെൻകുമാർ ഇത് നിഷേധിച്ചില്ല. തൽകാലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മാത്രമായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് പിണറായി സർക്കാർ വിവിധ കേസുകളിൽ സെൻകുമാറിനെ തളയ്ക്കാൻ ശ്രമിച്ചത്. വ്യാജരേഖാ കേസിലാണ് സെൻകുമാറിനെ പെടുത്തുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എട്ടുമാസത്തെ അവധിക്കാലത്തെ മുഴുവൻ വേതനവും ലഭിക്കുന്നതിന് വ്യാജരേഖ ചമച്ചുവെന്നതാണ് കേസിന് ആധാരം.

നേരത്തെ ഈ കേസ് വിജിലൻസ് അന്വേഷിക്കാനായിരുന്നു സർക്കാർ നിർദ്ദേശിച്ചിരുന്നത്. അന്വേഷിച്ച വിജിലൻസ് ഇതിൽ കേസെടുക്കാൻ വകുപ്പൊന്നുമില്ലെന്ന് കാണിച്ച് ഫയൽ മടക്കി. സെൻകുമാർ പണമൊന്നും കൈപ്പറ്റാത്തതിനാലും, അഴിമതി ഇല്ലാത്തതിനാലും വിജിലൻസിന്റെ അന്വേഷണ പരിധിയിൽ വരുന്നില്ലെന്നു പറഞ്ഞായിരുന്നു ഫയൽ മടക്കൽ. എന്നാൽ വ്യാജരേഖ ചമയ്ക്കൽ ക്രിമിനൽ ചട്ടപ്രകാരം കേസെടുക്കാൻ വകുപ്പുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നളിനി നെറ്റോ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ ജാമ്യമില്ലാ കേസ് എടുത്തിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെത്തുടർന്ന് 2016 ജൂൺ ഒന്നുമുതൽ 2017 ജനുവരി 16 വരെ സെൻകുമാർ അവധിയിലായിരുന്നു. അവധിക്കുള്ള അപേക്ഷ സർക്കാർ അംഗീകരിക്കുകയും ചെയ്തു. പിന്നീട് അവധി പരിവർത്തന അവധിയായി പരിഗണിച്ച് ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് സെൻകുമാർ കത്ത് നൽകി.

ഇതിനായി ഗവ. ആയുർവേദ കോളജിലെ ഡോക്ടർ വി.കെ. അജിത്കുമാറിന്റെ സർട്ടിഫിക്കറ്റുകളും ഹാജരാക്കി. സെൻകുമാർ ഡോക്ടറെ വീട്ടിൽ പോയി കണ്ടതിന്റെ രേഖകളും ഉണ്ട്. ചികിത്സയ്ക്കായി നയാ പൈസ സെൻകുമാർ ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല, പൊലീസ് സേനയിൽ തന്നെ മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് ഏറ്റവും കുറവ് വാങ്ങിയ ഉദ്യോഗസ്ഥരിൽ ഒരാളുമാണദ്ദേഹം. സർക്കാരിനെ കളിപ്പിക്കാൻ വ്യാജരേഖയുണ്ടാക്കിയെന്ന ആക്ഷേപം പക്ഷേ പൊളിഞ്ഞു. കാരണം താൻ ഹാജരാക്കിയ രേഖകൾ ഡോക്ടർ അജിത്കുമാർ ഒപ്പിട്ടുതന്ന സത്യസന്ധമായ രേഖകളാണെന്ന സെൻകുമാറിന്റെ വാദം തെറ്റെന്ന് പറയേണ്ടത് ഡോക്ടറാണ്. അദ്ദേഹം ഇതേവരെ അങ്ങനെ പറഞ്ഞിട്ടില്ല. സെൻകുമാറിന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്വജന പക്ഷപാത അഴിമതിയും തള്ളുന്നത്.

ഈ സാഹചര്യമെല്ലാം രാഷ്ട്രീയ നേട്ടമാക്കി മാറ്റാനാണ് ബിജെപിയുടെ നീക്കം. മോദിക്കൊപ്പം നിൽക്കാൻ സെൻകുമാർ എത്തുമെന്നാണ് പ്രതീക്ഷ. സിവിൽ സർവ്വീസുകാരിൽ അൽഫോൻസ് കണ്ണന്താനം മന്ത്രിയായി. ഭരണതലത്തിൽ കഴിവ് തെളിയിച്ച മിടുക്കർക്ക് നല്ല അവസരം ബിജെപി നൽകുമെന്നാണ് ഇത് തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ സെൻകുമാറിനും മതിയായ സംരക്ഷണവും അംഗീകരാവും മോദി നൽകും. ഇത് മനസ്സിലാക്കി ബിജെപിക്കൊപ്പം സെൻകുമാർ ചേരുമെന്ന് തന്നെയാണ് ബിജെപി കേരളാ ഘടകത്തിന്റെ പ്രതീക്ഷയെന്ന് മുതിർന്ന ബിജെപി നേതാവ് മറുനാടനോട് പറഞ്ഞു.