- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപത്തിയേഴ് വർഷത്തെ പ്രവാസം മതിയാക്കുന്ന ജിദ്ദാ - പൊന്നാനി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കെ എം ഹബീബിന് യാത്രയയപ്പ് നൽകി
ജിദ്ദ: സൗദി അറേബ്യയിലെ ഇരുപത്തിയേഴ് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി ജന്മനാട്ടിലേയ്ക്ക് മടങ്ങുകയാണ് പൊന്നാനി സ്വദേശി കെ എം ഹബീബ്. 1992 ൽ ജിദ്ദയിലെ പൊന്നാനി നിവാസികളുടെ കൂട്ടായ്മയായ ജിദ്ദാ - പൊന്നാനി മുസ്ലിം ജമാഅത്ത് (ജെ പി എം ജെ) രൂപവൽകൃതമായത് മുതൽ സംഘടനാ രംഗത്തും സേവന രംഗത്തും കർമ്മ നിരതനായിരുന്നു. പിന്നീട് പന്ത്രണ്ട് വർഷത്തോളം ജോലി ആവശ്യാർത്ഥം റിയാദിൽ ആയിരുന്നു താമസം. 2014 ൽ ജിദ്ദയിൽ തിരിച്ചെത്തിയ അദ്ദേഹം കർമ്മ രംഗത്ത് വീണ്ടും സജീവമായി. ജെ പി എം ജെയുടെ പ്രസിഡണ്ട് പദവിയിൽ തുടർച്ചയായ ആറ് വർഷം തിളങ്ങിയ ഹബീബിന് പ്രസിഡണ്ട് പദവിയിൽ തുടരവെയാണ് പ്രവാസം മതിയാക്കുന്നതും.
പെരുമാറ്റത്തിലെ ലാളിത്യവും സാമൂഹ്യ രംഗത്തെ കർമ്മകുശലതയും കെ എം ഹബീബിന്റെ മുഖമുദ്രയാണെന്ന് കെ എം ഹബീബിന് ജെ പി എം ജെ നൽകിയ യാത്രയയപ്പു യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ഹബീബ് പുലർത്തിപ്പോന്ന എളിമയും അതിനോടൊപ്പമുള്ള കരുത്തുറ്റ നേതൃപാടവവും പൊതുപ്രവർത്തകരിൽ അത്യപൂർവമാണെന്നും മാതൃകാപരമാണെന്നും പ്രസംഗകർ പറഞ്ഞു. പ്രവാസം മതിയാക്കുകയാണെങ്കിലും സ്വദേശത്തും സാമൂഹ്യ പ്രവർത്തനത്തിൽ നിരത്താനാവണമെന്നാണ് ആഗ്രഹമെന്ന് മറുപടി പ്രസംഗത്തിൽ ഹബീബ് പറഞ്ഞു.
യോഗത്തിൽ ജെ പി എം ജെയുടെ ഉപഹാരം എം മുഹമ്മദ് കുട്ടി, ഷബീർ ബാബു, ആഷിഖ് കെ വി. ആലിക്കുട്ടി, അലി പൊന്മനം വീട്, മൻസൂർ, നാസിക് റഹ്മാൻ, നവാസ് ബാവ, സയീദ് മമ്മദ് പൊന്നാനി, അഷ്റഫ് പൊന്നാനി എന്നിവർ ചേർന്ന് ഹബീബിന് കൈമാറി.
സവോള കമ്പനിയിൽ ജോലിയാരംഭിച്ച ഹബീബ് ഒടുവിൽ തക്വീൻ അഡ്വാൻസ്ഡ് ഇന്ഡസ്റ്റീസിൽ ലോജിസ്റ്റിക്‌സ് മാനേജർ ആയി ജോലി ചെയ്യവെയാണ് പ്രവാസ ദേശത്തെ ജോലി മതിയാക്കി മടങ്ങുന്നത്. ജിദ്ദാ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളായ ഹാനി ഹബീബ് (പ്ലസ് 2), ഹാദി ഹബീബ് (ഒമ്പതാം ക്ലാസ്) എന്നിവർ മക്കളാണ്. ഹബീബും കുടുംബവും ഏതാനും ദിവസങ്ങൾക്കുള്ളിൽ യാത്ര തിരിക്കും.
നേരത്തേ കെ എം ഹബീബിന്റെ പത്‌നിയും ജിദ്ദയിലെ പൊന്നാനി ഫാമിലി സർക്കിൾ പ്രസിഡന്റുമായ ലത്തീഫാ ഹബീബിന് യാത്രയയപ്പ് നൽകിയിരുന്നു. സാമൂഹ്യ ബോധം കാത്തുസൂക്ഷിക്കുകയും സൗഹൃദത്തിന്റെയും സേവന പ്രവർത്തനത്തിന്റെയും മാർഗത്തിൽ കർമനിരതരാവുകയും ചെയ്യുന്ന മാതൃകാ കുടുംബമാണ് ഹബീബ് - ലത്തീഫയുടേതെന്ന് പരിപാടിയിൽ സംബന്ധിച്ചവർ വിശേഷിപ്പിച്ചു. ഫാമിലി സർക്കിൾ സംഗമത്തിൽ ഷബ്നാ സഈദ്, സറീനാ ആഷിഖ്, ഹസീനാ നവാസ്, റസിയാ നാസർ, നിഷാ അമീർ, സാബിറാ അക്‌ബർ, റാഷിദാ ഷബീർ ബാബു. സംറാ മൻസൂർ, ഫാസിലാ നാസിക് റഹ്മാൻ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. മറുപടി പ്രസംഗത്തിൽ, പൊതുപ്രവർത്തനം വനിതകൾ ജീവിത ദൗത്യമായി കാണണമെന്ന് ലത്തീഫാ ഹബീബ് പറഞ്ഞു.