- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലേക്ക് പോകുന്ന എഴുത്തുകാരനും കോളമിസ്റ്റും ആയ സി. ഒ. ടി അസീസിന് യാത്രയയ്പ്പ് നൽകി
ജിദ്ദ : രണ്ടു പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന എഴുത്തുകാരനും കോളമിസ്റ്റും പ്രമുഖ പത്രപ്രവർത്തകനും വാഗ്മിയുമായ മലയാളം ന്യൂസ് എഡിറ്റർ സി. ഒ. ടി അസീസിന് ജിദ്ദ - മലപ്പുറം ജില്ലാ കെഎംസിസി ഹൃദ്യമായ യാത്രയയപ്പ് നൽകി. ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ കെഎംസിസിയുടെ വിദ്യാഭ്യാസ ട്രെയിനിങ് വിഭാഗമായ 'ആസ്‌പെയർ' ന്റെ കീഴിൽ നടക്കുന്ന മീഡിയ ട്രെയിനിങ് കോഴ്‌സ് വിദ്യാർത്ഥികളും മാധ്യമ പ്രവർത്തകരും കെഎംസിസി നേതാക്കളും പങ്കെടുത്തു.
പരിപാടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര ഉത്ഘാടനം ചെയ്തു. ലോകത്തിന്റെ ദിശ നിർണ്ണയിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക് ഉണ്ടെന്നും ആധുനിക സമൂഹത്തിന്റെ മനസ്സ് നിശ്ചയിക്കുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിച്ചു വർഗീയത വളർത്തി സാമുദായിക ധ്രുവീകരണം നടത്തുന്നത് വർഗീയ - ഫാസിസ്റ്റു ശക്തികൾ വളരാൻ പ്രധാന കാരണമാണെന്നും ഇത് തടയാൻ മതേതര മാധ്യമ പ്രവർത്തകർ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ പ്രിയപ്പെട്ട പത്രമായ മലയാളം ന്യൂസിന്റെ തുടക്കം മുതൽ ഉള്ള മാധ്യമ പ്രവർത്തകനായ സി. ഒ. ടി അസീസിന്റെ പംക്തികൾ പ്രവാസികളെ ബോധവൽക്കരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും നാട്ടിലും അദ്ദേഹത്തിന് മാധ്യമ രംഗത്ത് വലിയ സംഭാവന നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു.
ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ, മലപ്പുറം ജില്ലാ കെഎംസിസി ചെയർമാൻ ബാബു നഹ്ദി, കെഎംസിസി ഭാരവാഹികളായ സുൽഫിക്കർ ഒതായി, നാസർ കാടാമ്പുഴ, മീഡിയ ട്രെയിനിങ് വിദ്യാർത്ഥികളായ സക്കീന ഓമശ്ശേരി, അൻവർ വണ്ടൂർ, മുഹമ്മദ് കല്ലിങ്ങൽ, ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മിറ്റി അംഗം അസ്ലം ആനങ്ങാടൻ തുടങ്ങിയവർ യാത്രാ മംഗളം നേർന്നു സംസാരിച്ചു.
മലപ്പുറം ജില്ലാ കെഎംസിസി വക ഉപഹാരം ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടനും 'ആസ്പിയർ' മീഡിയ വിങ് വക ഉപഹാരം കോഓർഡിനേറ്റർ സുൽഫിക്കർ ഒതായിയും സി ഒ ടി അസീസിന് സമ്മാനിച്ചു.
മലപ്പുറം ജില്ലാ കെഎംസിസിയുടെ മീഡിയ ട്രെയിനിങ് പരിപാടി ശ്ലാഘനീയമാണെന്നും ഈ പദ്ധതിയുമായി നാട്ടിൽ നിന്നും ഓൺലൈൻ വഴി സഹകരിക്കുമെന്നും സി.ഒ.ടി അസീസ് തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും സെക്രട്ടറി വി.വി അഷ്റഫ് നന്ദിയും പറഞ്ഞു.
അഫ്സൽ നാറാണത്ത്, നൗഫൽ ഉള്ളാടൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.