ദമ്മാം:സൗദിയിൽ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ മാധ്യമ പ്രവർത്തകനും മംഗളം ദിനപത്രം സൗദി കറസ്‌പോണ്ടന്റുമായ ചെറിയാൻ കിടങ്ങന്നൂരിന് ദമ്മാം മീഡിയ ഫോറം യാത്രയയപ്പ് നൽകി. കഴിഞ്ഞ 17 വർഷത്തെ അനുഭവ സമ്പന്നമായ പ്രവാസം അവസാനിപ്പിക്കുന്ന അദ്ദേഹം ദമ്മാം മീഡിയ ഫോറം മുൻ പ്രസിഡന്റും നിലവിൽ എക്‌സിക്കുട്ടീവ് കമ്മിറ്റി അംഗവുമാണ്. അൽ ഖോബാർ ജെർജ്ജീർ റസ്റ്റാറന്റിൽ നടന്ന യാത്രയയപ്പ് പരിപാടി മലയാളത്തിന്റെ പ്രിയ കവയിത്രി സുഗത കുമാരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടാണ് ആരംഭിച്ചത്.ദമ്മാം മീഡിയ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അദ്ധ്യക്ഷത വഹിച്ച യോഗം മീഡിയ ഫോറം രക്ഷാധികാരി ഹബീബ് എലംകുലം ഉദ്ഘാടനം ചെയ്തു.

മാധ്യമ രംഗത്ത് നീണ്ട വർഷത്തെ അനുഭവ സമ്പത്തുള്ള ചെറിയാൻ ഒരു ബഹുമുഖ പ്രതിഭയും വിവിധ രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വവും കൂടിയാണ്.കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിൽ സാന്നിധ്യമായ അദ്ദേഹം നിരവധി മലയാള സിനിമകളിൽ പി ആർ ഒ ആയി പ്രവർത്തിച്ചിട്ടുണ്ട്. പത്തിലധികം ടെലിഫിലിമുകളുടെയും നിരവധി സീരിയലുകളുടെയും പിന്നണി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു. സൗദി അറേബ്യയിൽ എത്തിയ നാൾ മുതൽ പ്രവാസ ലോകത്ത് മാധ്യമ പ്രവർത്തന രംഗത്തും നിറ സാന്നിധ്യമായിരുന്നു .

അഷ്റഫ് ആളത്ത് ചെറിയാൻ കിടങ്ങന്നൂരിന്റെ വിവിധ മേഖലകളിലെ കഴിവികളും ഇടപെടലുകളും പങ്കുവച്ചു കൊണ്ട് അദ്ദേഹത്തെ പരിചയപ്പെടുത്തി.മീഡിയ ഫോറം തയ്യാറാക്കിയ ഉപഹാരങ്ങൾ സാജിദ് ആറാട്ടുപുഴ, പി ടി അലവി എന്നിവർ ചെറിയാന് കൈമാറി.
സുബൈർ ഉദിനൂർ, നൗഷാദ് ഇരിക്കൂർ, റഫീഖ് ചെമ്പോത്തറ, പ്രവീൺ എന്നിവർ ചെറിയാനുമായുള്ള അനുഭവങ്ങൾ പങ്കു വച്ചു. ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട് സ്വാഗതം ആശംസിച്ച യോഗത്തിൽ ട്രഷറർ മുജീബ് കളത്തിൽ നന്ദിയും പ്രകാശിപ്പിച്ചു.

പത്തനംതിട്ട ജില്ലയിലെ കിടങ്ങന്നൂർ സ്വദേശി ജിസിയാണ് ഭാര്യ. ജസ്റ്റിൻ ,ജിബിൻ എന്നിവർ മക്കളാണ്. സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സംഘടനയായ സയോൺ ഏർപ്പെടുത്തിയ 2019 ലെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡും ചെറിയാന് ലഭിച്ചിട്ടുണ്ട് .