ന്യൂയോർക്ക്: പോർട്ട്‌ചെസ്റ്ററിലുള്ള എബനേസർ മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ന്യൂജേഴ്‌സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ ഉപരിപഠനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന റവ ഏബ്രഹാം കുരുവിളയ്ക്കും, ആൻ കൊച്ചമ്മയ്ക്കും ഇടവക സ്‌നേഹനിർഭരമായ യാത്രയയപ്പ് നൽകി.

ഓഗസ്റ്റ് 21നു ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം കൂടിയ മീറ്റിംഗിൽ ഏബ്രഹാം ജേക്കബ് (വൈസ് പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. ഇടവക ക്വയറിന്റെ ആരംഭ ഗാനത്തിനുശേഷം ബഞ്ചമിൻ ജേക്കബ് പ്രാരംഭ പ്രാർത്ഥന നടത്തി. ഇടവകയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് രാഹുൽ ജോസഫ് (സൺഡേ സ്‌കൂൾ), രേഷ്മ ജോസഫ് (യൂത്ത് ഫെല്ലോഷിപ്പ്), റ്റിഷാ വർഗീസ് (യംഗ് കപ്പിൾ ഫെല്ലോഷിപ്പ്), സി.എസ്. ചാക്കോ (ഇടവക സെക്രട്ടറി) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

പിന്നീട് അച്ചൻ നടത്തിയ മറുപടി പ്രസംഗത്തിൽ തന്റെ മൂന്നുവർഷത്തെ പ്രിൻസ്റ്റൺ ജീവിതത്തിൽ നേരിടേണ്ടിവന്ന ചെറുതും വലുതുമായ പ്രതികൂലങ്ങളും പ്രതിബന്ധങ്ങളും ഇടവക ജനങ്ങളുമായി പങ്കുവച്ചു.

2006ൽ മാർത്തോമാ സഭയിലെ ഒരു പട്ടക്കാരനായി അച്ചപ്പട്ടം സ്വീകരിച്ച അച്ചൻ സഭയുടെ വിവിധ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്തതോടൊപ്പം, കേരളത്തിന് അകത്തും പുറത്തും വികാരിയായി സേവനം അനുഷ്ഠിച്ച കാര്യങ്ങളും അനുസ്മരിച്ചു. കഴിഞ്ഞ പത്തുവർഷത്തെ ശുശ്രൂഷയിൽ അനുവദിച്ച ദൈവകൃപയ്ക്കായി അച്ചൻ ദൈവത്തിനു നന്ദി കരേറ്റുകയും ചെയ്തു.

ഇടവക ട്രസ്റ്റി ജോൺ ശാമുവേൽ ഇടവകയുടെ സ്‌നേഹോപഹാരം അച്ചന് സമർപ്പിച്ചു. ഇടവക സെക്രട്ടറി ഈ പ്രോഗ്രാം മനോഹരമാക്കിയ ക്വയർ ക്വയർ, ആശംസാ പ്രസംഗകർ, ഇടവക ജനങ്ങൾ, അതിഥികളായി എത്തിവയർ എന്നിവർക്ക് ഇടവകയുടെ പേരിലുള്ള നന്ദി അറിയിച്ചു.

ക്വയറിന്റെ യാത്രാ മംഗള ഗാനത്തിനുശേഷം റവ. ഏബ്രഹാം കുരുവിള അച്ചന്റെ പ്രാർത്ഥനയോടും, ആശീർവാദത്തോടും കൂടി യാത്രയയപ്പ് യോഗം സമാപിച്ചു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. സി.എസ്. ചാക്കോ (സെക്രട്ടറി) അറിയിച്ചതാണിത്.