ഷിക്കാഗോ: ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് ചർച്ചിലെ സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിപ്പോകുന്ന വികാരി റവ. ഫാ. തോമസ് കുര്യന് ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. ഡിസംബർ 17-ന് നടത്തപ്പെട്ട എക്യൂമെനിക്കൽ കൗൺസിലിന്റെ പ്രത്യേക യോഗത്തിൽ കൗൺസിൽ വൈസ് പ്രസിഡന്റ് റവ. ബിനോയി പി. ജേക്കബ് അധ്യക്ഷത വഹിച്ചു.

അംഗസഭകളെ പ്രതിനിധീകരിച്ച് റവ. ഡാനിയേൽ തോമസ് (മാർത്തോമാ ചർച്ച്), റവ.ഫാ. മാത്യു ജോർജ് (ഓർത്തഡോക്‌സ് ചർച്ച്), പ്രേംജിത്ത് വില്യംസ് (സി.എസ്.ഐ), ആന്റോ കവലയ്ക്കൽ (ട്രഷറർ) എന്നിവർ അച്ചന്റെ എക്യൂമെനിക്കൽ കൗൺസിലിലെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ അനുസ്മരിച്ച് സംസാരിച്ചു. കൗൺസിൽ സെക്രട്ടറി ജോൺസൺ വല്ലയിൽ ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ വക ഉപഹാരം നൽകി.

ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ നൽകിയ അവസരത്തിന് സർവ്വശക്തനായ ദൈവത്തിന് നന്ദി പ്രകാശിപ്പിച്ച് ആരംഭിച്ച അച്ചന്റെ മറുപടി പ്രസംഗത്തിൽ എക്യൂമെനിക്കൽ കൗൺസിലിലെ എല്ലാ അംഗങ്ങളോടുമുള്ള നന്ദിയും സ്‌നേഹവും അറിയിച്ചു. കഴിഞ്ഞ കാലങ്ങളിലെ ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിലെ അംഗസഭകളുടെ കൂട്ടായ്മയും, പ്രവർത്തനങ്ങളും ലോകമെമ്പാടുമുള്ള എക്യൂമെനിക്കൽ പ്രവർത്തനങ്ങൾക്ക് മാതൃകയാണെന്നും, മേലിലും കൂടുതൽ പ്രവർത്തിക്കുവാൻ ദൈവം ഇടയാക്കട്ടെ എന്നും ആശംസിച്ചു. റവ. എം.ജെ. തോമസ് അച്ചന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി യോഗം പര്യവസാനിച്ചു. പ്രത്യേക സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. റോയി ഷിക്കാഗോ അറിയിച്ചതാണിത്.