- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്‌ബോൾ മ്യൂസിയത്തിന്റെ മറവിൽ ശതകോടികളുടെ അഴിമതി; സെപ് ബ്ലാറ്റർക്കെതിരെ പരാതിയുമായി ഫിഫ
ജനീവ: ഫുട്‌ബോൾ മ്യൂസിയത്തിന്റെ മറവിൽ അഴിമതി നടത്തിയെന്നാരോപിച്ച് മുൻ പ്രസിഡന്റ് സെപ് ബ്ലാറ്റർക്കെതിരെ പരാതിയുമായി ഫിഫ രംഗത്ത്. സെപ് ബ്ലാറ്ററും മറ്റു നേതാക്കളും ചേർന്ന് ശതകോടികളുടെ അഴിമതി നടത്തിയെന്നാണ് ഫിഫയുടെ ആരോപണം. ബ്ലാറ്റർക്കെതിരെ ക്രിമിനൽ അന്വേഷണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഫിഫയുടെ പരാതി അടിസ്ഥാന രഹിതമാണെന്നു വാദിച്ച് ബ്ലാറ്ററുടെ അഭിഭാഷകനും രംഗത്തെത്തി.
ഫിഫയുടെ ആസ്ഥാനമായ സൂറിച്ചിൽ 2016ൽ സ്ഥാപിച്ച ഫുട്‌ബോൾ മ്യൂസിയവുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക വെട്ടിപ്പ് ആരോപിക്കപ്പെടുന്നത്. അഞ്ചു വട്ടം ഫിഫയുടെ പ്രസിഡന്റായിരുന്നു ബ്ലാറ്ററുടെ സ്വപ്‌ന പദ്ധതിയായിരുന്നു ഫുട്‌ബോൾ മ്യൂസിയം. 2015ൽ 5ാം വട്ടവും ഫിഫ പ്രസിഡന്റായി ബ്ലാറ്റർ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഉദ്ഘാടനം ചെയ്യപ്പെടാനിരുന്നതാണ് ഇതെങ്കിലും നീണ്ടുപോയി. 1970കളിൽ നിർമ്മിച്ച ഒരു കെട്ടിടം പുതുക്കിയെടുക്കുകയായിരുന്നു. ഇതിനായി ചെലവഴിച്ചത് 14 കോടി ഡോളറാണ് (ഏകദേശം 1033 കോടി രൂപ).
പഴക്കം ചെന്ന കെട്ടിടം പുതുക്കിയെടുക്കാൻ കോടികൾ മുടക്കിയതിന് പിന്നിൽ വൻ ക്രമക്കേടാണ് നടന്നതെന്നാണ് ഫിഫ ആരോപിക്കുന്നത്. ഇതിനു പുറമേ 2045 വരെ സാധുതയുള്ള വാടകക്കരാറിന്റെ പേരിലും കോടികളുടെ അഴിമതിയാണ് ആരോപിക്കുന്നത്. 36 കോടി ഡോളറാണ് (ഏകദേശം 2658 കോടി രൂപ) ഫിഫ വാടകയായി നൽകേണ്ടത്. ഇതു നിലവിലെ മാർക്കറ്റ് റേറ്റുകളെക്കാൾ വളരെക്കൂടുതലാണെന്നു ഫിഫ ആരോപിക്കുന്നു.
2016ൽ 5 കോടി ഡോളറായിരുന്നു നഷ്ടം. 2018ൽ 1.2 കോടി ചെലവായപ്പോൾ ലഭിച്ചത് 40 ലക്ഷം ഡോളർ മാത്രം. 2019ൽ 35 ലക്ഷം ഡോളർ വരുമാനം ലഭിച്ചപ്പോൾ ചെലവ് 63 ലക്ഷം ഡോളർ.1.61 ലക്ഷം സന്ദർശകരാണ് 2016ൽ മ്യൂസിയം സന്ദർശിച്ചത്. അഴിമതിയാരോപണങ്ങളിൽ കുടുങ്ങി സ്ഥാനമൊഴിയേണ്ടി വന്ന ബ്ലാറ്റർക്കു പകരം ഫിഫ പ്രസിഡന്റായ ജിയാനി ഇൻഫന്റീനോയ്‌ക്കെതിരെ കേസുകൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണ്, ബ്ലാറ്റർക്കെതിരെ പുതിയ കേസുമായി ഫിഫ രംഗത്തുവന്നത്.