രാ്ജ്യത്ത് പുതുക്കി പെട്രോൾ വിലവർധനവ് വ്യാഴാഴ്ച പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്ക് ക്രമീകരിക്കുന്നതിന്റെ മുന്നോടിയായി നാളെ അർധരാത്രി 11.30 മുതൽ അരമണിക്കൂർ രാജ്യത്തെ പെട്രോൾ സ്റ്റേഷനുകൾ അടച്ചിടുമെന്നു കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി (കെഎൻപിസി) അറിയിച്ചു.

പ്രീമിയം പെട്രോൾ ലീറ്ററിന് 60 ഫിൽസിനു പകരം 85 ഫിൽസും സൂപ്പറിന് 65 ഫിൽസിനു പകരം 105 ഫിൽസും അൾട്രാ പ്രീമിയം ലീറ്ററിന് 95 ഫിൽസിനു പകരം 165 ഫിൽസു മായിരിക്കും പുതിയ നിരക്ക്.

പെട്രോൾ നിരക്കു വർധന അവശ്യവസ്തു വിലവർധനയ്ക്ക് ഇടയാക്കുമെന്ന ആശങ്കയിലാണു ജനമെങ്കിലും വിലക്കയറ്റം തടയാനുള്ള നടപടികൾ ശക്തമാക്കിയതായി സർക്കാരും ഉറപ്പുനൽകുന്നുണ്ട്. പെട്രോൾ നിരക്കിൽ 42 മുതൽ 60 ശതമാനം വരെയാണു വർധന ഏർപ്പെടുത്തുന്നത്.

പെട്രോൾ വിലവർധനയുടെ പശ്ചാത്തലത്തിൽ സ്വദേശികൾക്കു പ്രത്യേക പെട്രോൾ അലവൻസ് നൽകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഏർപ്പെടുത്തുന്ന വില രാജ്യാന്തര എണ്ണവില കണക്കാക്കി മൂന്നുമാസത്തിൽ ഒരിക്കൽ പുനരവലോകനം ചെയ്യുമെന്നും അധികൃതർ വെളിപ്പെടുത്തി.