- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സെർജിയോ അഗ്യൂറോ എന്റെ പ്രിയപ്പെട്ട ക്ലബ്ബുമായി ഉടൻ കരാർ ഒപ്പിടും; ലോകത്തിലെ ഏറ്റവും മികച്ച താരത്തിനൊപ്പം കളിക്കും'; മാഞ്ചസ്റ്റർ സിറ്റിയെ വീണ്ടും ചാമ്പ്യന്മാരാക്കിയ പെപ് ഗ്വാർഡിയോളയുടെ നല്ലവാക്കുകൾക്ക് കൈയടിച്ച് ബാർസിലോണ ആരാധകർ
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സിറ്റിയെ വീണ്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ 'നല്ലവാക്കുകൾക്ക്' കൈയടിച്ച് ബാർസിലോണ ആരാധകർ. പ്രീമിയർ ലീഗിൽ പത്ത് വർഷം സിറ്റിയുടെ ജഴ്സിയിൽ മിന്നും പ്രകടനം പുറത്തെടുത്ത സെർജിയോ അഗ്യൂറോ ടീം വിട്ട് ബാഴ്സിലോണയിൽ ചേരാൻ ഒരുങ്ങവെയാണ് പ്രശംസയുമായി ഗാർഡിയോള രംഗത്ത് വന്നത്.
'ഇനി ഞാൻ ഒരു രഹസ്യം വെളിപ്പെടുത്താം. സെർജിയോ അഗ്യൂറോ എന്റെ പ്രിയപ്പെട്ട ക്ലബ്ബുമായി ഉടൻ കരാർ ഒപ്പിടും. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനൊപ്പം കളിക്കും' മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയുടെ ഈ വാക്കുകളാണ് ബാഴ്സിലോണ ആരാധകരെ ത്രസിപ്പിച്ചത്.
അഗ്യൂറോ ഇനി വരുന്നതു സ്പെയിനിലെ ബാർസയിലേക്കാണ്; കളിക്കാനൊരുങ്ങുന്നതാകട്ടെ ഇതിഹാസതാരം ലയണൽ മെസ്സിക്ക് ഒപ്പവും. ആരാധകരുടെ ആഹ്ലാദം ഇരട്ടിയാക്കുന്നതാണ് മുൻ ബാർസ താരവും കോച്ചുമായ ഗ്വാർഡിയോളയുടെ വാക്കുകൾ.
അടുത്ത സീസണിൽ മെസ്സി ബാർസിലോന വിട്ടുപോകുമെന്ന അഭ്യൂഹങ്ങൾക്കു താൽക്കാലിക വിരാമമിടുന്നതായി ഗ്വാർഡിയോളയുടെ വാക്കുകൾ. ഞായറാഴ്ച ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ എവർട്ടനെ 50ന് തോൽപിച്ച മത്സരത്തിൽ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി മുപ്പത്തിരണ്ടുകാരൻ അഗ്യൂറോ നേടിയത് 2 ഗോളുകളാണ്.
പ്രിമിയർ ലീഗിലെ സിറ്റിയുടെ അവസാന മത്സരം 10 വർഷം ടീമിലുണ്ടായിരുന്ന അർജന്റീന താരത്തിന്റെ വിടവാങ്ങൽ വേളയായിരുന്നു. 2 മത്സരങ്ങൾക്കു മുൻപേ കിരീടമുറപ്പിച്ച മാഞ്ചസ്റ്റർ സിറ്റി ദാക്ഷിണ്യമില്ലാതെ എവർട്ടനെ കീഴടക്കിയ കളിയിൽ ഫിൽ ഫോഡൻ, കെവിൻ ഡി ബ്രുയ്നെ, ഗബ്രിയേൽ ജിസ്യൂസ് എന്നിവരാണു മറ്റു 3 ഗോളുകൾ നേടിയത്. മത്സരശേഷം സിറ്റി ടീമംഗങ്ങളുടെ ആഹ്ലാദ പ്രകടനങ്ങളുടെ പ്രഭവകേന്ദ്രം അഗ്യൂറോ ആയിരുന്നു.
പരുക്കുമൂലം ഫസ്റ്റ് ഇലവനിൽ ഗ്രൗണ്ടിലിറങ്ങാതിരുന്ന അഗ്യൂറോ കളി തീരാൻ 25 മിനിറ്റുള്ളപ്പോഴാണു കളിക്കിറങ്ങിയത്. നേടിയതു 2 ഗോളുകൾ. ഇതോടെ, പ്രിമിയർ ലീഗിൽ അഗ്യൂറോയുടെ ആകെ ഗോൾനേട്ടം 184 ആയി. മാഞ്ചസ്റ്റർ സിറ്റിക്കായി എല്ലാ ടൂർണമെന്റുകളിൽനിന്നുമായി 260 ഗോളുകൾ. ക്ലബ്ബിന്റെ ഇതിഹാസതാരമെന്ന തലപ്പാവുമായാണ് അഗ്യൂറോ ഇംഗ്ലണ്ട് വിടുന്നത്.
മാഞ്ചസ്റ്റർ സിറ്റിക്ക് ഈ സീസണിൽ ഇനി ഒരു കളി ബാക്കിയുണ്ട്. 29ന് യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ചെൽസിക്കെതിരായ പോരാട്ടം. ഈ മത്സരത്തിൽ ഫസ്റ്റ് ഇലവനിൽ അഗ്യൂറോ കളിക്കില്ല. എന്നാൽ, 5 പകരക്കാരിൽ ഒരാളായി അഗ്യൂറോ ഇറങ്ങാൻ സാധ്യതയുണ്ടെന്നു ഗ്വാർഡിയോള പറയുന്നു, കാത്തിരിക്കാം!
ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ എക്കാലത്തെയും ടോപ്സ്കോറർമാരുടെ നിരയിൽ 4ാം സ്ഥാനത്താണ് അഗ്യൂറോ (184 ഗോൾ). അലൻ ഷിയറർ (260), വെയ്ൻ റൂണി (208), ആൻഡി കോൾ (187) എന്നിവരാണ് ആദ്യ 3 സ്ഥാനക്കാർ.
സ്പോർട്സ് ഡെസ്ക്