- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദ്രോഗം റെഡ് കാർഡുയർത്തി; ബൂട്ടഴിക്കാനൊരുങ്ങി സെർജിയോ അഗ്യൂറോ; ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനം ഈ ആഴ്ച്ച
ബാഴ്‌സലോണ: ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ അർജന്റീനിയൻ സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ വിരമിക്കുന്നു. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം അടുത്തയാഴ്ച വിളിച്ചുചേർക്കുന്ന പത്രസമ്മേളനത്തിൽ അഗ്യൂറോ അറിയിക്കുമെന്ന് സ്പാനിഷ് മാധ്യമം മാഴ്സയുടെ റിപ്പോർട്ടിൽ പറയുന്നു.പ്രശസ്ത മാധ്യമപ്രവർത്തകൻ ഫാബ്രീസിയോ റൊമാനോയും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ലിയോണൽ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ അഗ്യൂറോ അദേഹത്തിന്റെ കൂടെ നിർബന്ധത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബാഴ്സയിലെത്തിയത്. എന്നാൽ കരാർ പുതുക്കാനാവാതെ മെസിക്ക് ബാഴ്സ വിടേണ്ടിവന്നതിന് പിന്നാലെ സീസണിന്റെ തുടക്കത്തിൽ രണ്ട് മാസം പരിക്കുമൂലം അഗ്യൂറോക്ക് പുറത്തിരിക്കേണ്ടിവന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ സമയത്താണ് അലാവസിനെതിരായ മത്സരത്തിൽ നെഞ്ചുവേദന അനുഭവപ്പെട്ട് താരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
ഡോക്ടർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് അഗ്യൂറോ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. പരിശോധനയും ചികിത്സയും തുടരും. നല്ലത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം കുറിച്ചു. സീസണിൽ ഒരേയൊരു ഗോളാണ് അഗ്യൂറോ ബാഴ്‌സ കുപ്പായത്തിൽ നേടിയത്. റയോ വല്ലേക്കാനോക്കെതിരെ മാത്രമാണ് സീസണിൽ അഗ്യൂറോ 90 മിനിറ്റും ബാഴ്‌സയിൽ കളിച്ചത്.
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ജീവശ്വാസത്തിന്റെ മറുപേരായിരുന്നു ഒരുകാലത്ത് സെർജിയോ അഗ്യൂറോ. പ്രീമിയർ ലീഗിൽ ക്ലബിന്റെ ആദ്യ കിരീടം അഗ്യൂറോയുടെ അവിസ്മരണീയ ഗോളിന്റെ സമ്മാനമായിരുന്നു. 10 വർഷത്തിനിടെ സിറ്റിക്കൊപ്പം അഞ്ച് പ്രീമിയർ ലീഗ് കിരീടമടക്കം 15 കിരീടങ്ങൾ നേടി. 260 ഗോളുകളുമായി സിറ്റിയുടെ റെക്കോർഡ് ഗോൾവേട്ടക്കാരനായി അഗ്യൂറോ.
മറുനാടന് മലയാളി ബ്യൂറോ