സീരിയൽ പ്രേക്ഷകർക്ക് മനസിൽ നിന്നും മായാത്ത മുഖമാണ് ഡോ. ഷാജുവിന്റെത്. മലയാള സീരിയലുകളിലെ എക്കാല ഹിറ്റായ ജ്വാലയായിലൂടെ പ്രേക്ഷക മനസിൽ കയറിയ ഷാജു താൻ നേരിട്ട ദുരനുഭവം അടുത്തിടെ തുറന്ന് പറഞ്ഞത് ഏവരേും ഞെട്ടിച്ചിരുന്നു.

സ്ത്രീകൾക്ക് അനുകൂലമായി അവർക്ക് സംരക്ഷണം നൽകുന്ന നിയമങ്ങൾ വളച്ചൊടിക്കപ്പെടുന്നുണ്ടെന്ന അനുഭവമാണ് ഷാജു വെളിപ്പെടുത്തിയത്. വ്യാജമായി പീഡനക്കേസുകളും സ്ത്രീകളെ അപമാനിച്ചുവെന്ന പേരിലുള്ള കേസുകളും വർധിച്ച് വരുന്നതിനിടെ ഷാജുവിന്റെ വെളിപ്പെടുത്തലും ഏറെ ചർച്ചയാവുകയാണ്.

ഡോ. ഷാജു പറയുന്നതിങ്ങനെ

'ഒരു വർഷം മുമ്പാണ് സംഭവം നടന്നത്. കഴിഞ്ഞ വർഷം ഐ.എഫ്.എഫ്.കെയുടെ സമയത്ത് തിയേറ്ററിലേക്ക് സിനിമ കാണാൻ പോകുന്ന സമയത്ത് എന്റെ വണ്ടിയിൽ മറ്റൊരു വണ്ടി തട്ടി. വണ്ടിയിൽ നിന്ന് ഇറങ്ങി ഞാൻ അവരുടെ അടുത്തേക്ക് ചെന്നപ്പോൾ കാറിന്റെ മുൻവശത്ത് രണ്ടു പുരുഷന്മാർ ഇരിക്കുന്നത് കണ്ടു. അവർ മദ്യപിച്ചിരുന്ന പോലെ എനിക്ക് തോന്നി. മദ്യപിച്ചിട്ടുണ്ടോ, നിങ്ങൾക്ക് കണ്ണ് കാണില്ലേയെന്ന് ചോദിച്ചു. പിറകിൽ ഒരു പെൺകുട്ടി ഇരിക്കുന്ന കണ്ടു. അവർ കുടുംബമായി യാത്ര ചെയ്യുകയായിരിക്കും അവിടെ വച്ച് സംസാരിക്കേണ്ട എന്ന് കരുതി പിന്നീട് വിഷയം പൊലീസ് സ്റ്റേഷനിലെത്തി.

പൊലീസ് സ്റ്റേഷനിൽ പരാതി എഴുതി കൊണ്ടിരിക്കുമ്പോഴാണ് കാര്യങ്ങൾ മാറി മറഞ്ഞത്. പരിചയമുള്ള ഒരു പൊലീസുകാരൻ അടുത്തു വന്നു വണ്ടിക്ക് വല്ല നഷ്ടവും ഉണ്ടായോ എന്ന് ചോദിച്ചു. 5000 രൂപയുടെ പണി ഉണ്ടാകും എന്ന് ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, ഈ കേസ് വേണ്ടെന്ന്. അദ്ദേഹം അങ്ങനെ പറഞ്ഞതിന്റെ കാരണം പിന്നീടാണ് വ്യക്തമായത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞു കൊണ്ട് എനിക്കെതിരേ ആ പെൺകുട്ടിയെ കൊണ്ട് മറ്റൊരു പരാതി എഴുതിക്കുകയായിരുന്നു വണ്ടിയിലുണ്ടായിരുന്ന ആളുകൾ.

വണ്ടി തട്ടിയപ്പോൾ ദേഷ്യപ്പെട്ട ഞാൻ അവരുടെ വണ്ടിയുടെ ഡോർ തുറന്ന് പെൺകുട്ടിയെ അസഭ്യം ചെയ്തുവെന്നായിരുന്നു കേസ്.ആ പരാതി പൊലീസ് സ്വീകരിച്ചാൽ വാദി പ്രതിയാവും. എനിക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തും. പിന്നീട് എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല. വളരെ ഇളിഭ്യനായി ഞാൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിപോന്നു. സംരക്ഷണം നൽകുന്ന നിയമങ്ങളെ എത്ര മോശമായാണ് വളച്ച് ഒടിക്കുന്നത്. പിന്നീട് പ്രതികരിക്കാൻ കടുത്ത ഭയമായി. സ്ത്രീ പീഡനക്കേസിൽ അകത്ത് പോകേണ്ടിവരും എന്ന ഭയമാണ' ്- ഷാജു പറഞ്ഞു.