മിനി സ്‌ക്രീൻ താരത്തിന്റെ വിവാഹ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. എന്നാൽ രസകരമായ സംഗതി വീഡിയോയിൽ മോഹിനിയാട്ടവും ചേർത്തിട്ടുണ്ട് എന്നതാണ്. സീരിയൽ താരം ദീപൻ മുരളിയുടെ വിവാഹ വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ ദീപൻ തന്നെയാണ് വിവാഹ വീഡിയോയുടെ പ്രധാന ഭാഗങ്ങൾ പങ്കുവയ്ച്ചത്. അടുത്തിടെ താൻ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നവെന്നും അതിനാലാണ് വിവാഹ വീഡിയോ പങ്കുവയ്ക്കാൻ താമസിച്ചതെന്നും ദീപൻ വ്യക്തമാക്കിയിരുന്നു.

മാംഗല്യ വേദിയിൽ നടന്ന പരമ്പരാഗത ഹൈന്ദവ ആചാരങ്ങളും മോഹിനിയാട്ടവും കൂടിച്ചേർന്ന് അതിമനോഹരമാണു വിഡിയോ. സിനിമ സീരിയൽ രംഗത്തെ നിരവധി പ്രശ്‌സത താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. സഹപ്രവർത്തകയായ മായയെ ആണ് ദീപൻ വിവാഹം ചെയ്തത്. 2018 ഏപ്രിലിൽ 28ന് തിരുവനന്തപുരത്തായിരുന്നു ഇവരുടെ വിവാഹം. 2017 ഡിസംബറിൽ നിശ്ചയിച്ചിരുന്ന വിവാഹം ദീപന്റെ അമ്മയുടെ മരണത്തെ തുടർന്ന് ഏപ്രിലിലേക്കു മാറ്റുകയായിരുന്നു.

ദീപന്റെ വിവാഹനിശ്ചയ ഫോട്ടോഷൂട്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പരിണയം, നിറക്കൂട്ട്, ഇവൾ യമുന, സ്ത്രീധനം തുടങ്ങിയ സീരിയലിലൂടെ തിളങ്ങുന്ന ടെലിവിഷൻ താരമാണ് ദീപൻ. ബിഗ് സ്‌ക്രീനിലും ദീപൻ മുരളി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൂരയാടൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അഭിനയത്തിന് പുറമെ അവതാരകനായും തിളങ്ങുന്ന താരമാണ് ദീപൻ മുരളി.