കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് സമാനമായ ദുരനുഭവം നടി ദിവ്യ വിശ്വനാഥും നേരിട്ടെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ തന്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് ദിവ്യ പറയുന്നു. നടി ആക്രമിക്കപ്പെട്ടത് പോലൊരു സംഭവമായിരുന്നില്ല അതെന്നും വ്യത്യസ്തമായ മറ്റൊരു സംഭവമാണ് ഉണ്ടായതെന്നും ദിവ്യ പറഞ്ഞു.

വാർത്ത് പുറത്ത് വന്നത് മുതൽ പലഭാഗങ്ങളിൽ നിന്നുമായി നിരവധി കോളുകളാണ് ദിവ്യക്ക് എത്തുന്നത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും മറുപടി പറഞ്ഞു മടുത്തെന്നും ദിവ്യ പറയുന്നു. അഭിമുഖത്തിൽ സിനിമാ മേഖലയിൽ നിന്ന് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് ചോദ്യത്തിന് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന തന്റെ മറുപടിയാണ് തെറ്റായി വ്യാഖ്യാനിച്ചതെന്നും ദിവ്യ പറയുന്നു.

അക്കോമഡേഷനുമായി ബന്ധപ്പെട്ട ഒരു അനുഭവമാണ് നടന്നത്. അന്ന് എനിക്ക് വൃത്തിയും സൗകര്യവുമുള്ള ഒരു മുറി ഒരുക്കി തരാൻ അതിന്റെ പ്രൊഡക്ഷൻ ടീമിന് കഴിഞ്ഞില്ല. ലഭിച്ച മോശം ഹോട്ടൽ മാറ്റിത്തരാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. അവരുടെ നിലപാടിൽ എന്തോ പന്തികേട് തോന്നുകയും ചെയ്തു. അങ്ങനെ ആ റൂം ഒഴിവാക്കി ഞാൻ മടങ്ങി. ഇതാണ് പീഡനമായി ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും ദിവ്യ പറയുന്നു.

'അമ്മത്തൊട്ടിൽ' 'സ്ത്രീമനസ്' 'സ്ത്രീധനം' തുടങ്ങിയ സീരിയലുകളിലെ നായികയായിരുന്ന ദിവ്യ വിശ്വനാഥ് ഇപ്പോൾ 'മാമാട്ടിക്കുട്ടി'യെന്ന സീരിയലിലാണ് അഭിനയിക്കുന്നത്.