തിരുവനന്തപുരം: ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ യുവാവിന്റെ കൗതുകം കവിതാലക്ഷ്്മിയെന്ന സീരിയൽ, സിനിമാ താരത്തിന്റെ ജീവിതകഥയായി ജനങ്ങൾക്ക് മുന്നിലെത്തിയത് അടുത്തിടെയാണ്. വിദേശപഠനത്തിന് മകനെ അയച്ചപ്പോൾ കടം കുമിഞ്ഞുകൂടിയെന്നും അതു വീട്ടാൻ തട്ടുകട തുടങ്ങിയ സ്ത്രീധനം സീരിയലിലെ 'ചാളമേരിയുടെ മരുമകൾ' തട്ടുകടയിൽ ദോശചുടുന്നുവെന്നും ഉള്ള വർത്തമാനം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയുമായി.

പ്രൈംടൈം സീരിയലിലെ നായികയുടെ ഇപ്പോഴത്തെ ദുരവസ്ഥ പുറത്തുവന്നതിന് പിന്നാലെ അവർക്കെതിരെ ചിലർ കുപ്രചരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ അതൊന്നും ശരിയല്ലെന്നും തനിക്കെതിരെ കെട്ടിച്ചമച്ച കഥകളാണ് പ്രചരിക്കുന്നതെന്നും മറുനാടന് നൽകിയ പ്രത്യേക വീഡിയോ അഭിമുഖത്തിൽ കവിതാ ലക്ഷ്മി പറയുന്നു.

അപവാദ പ്രചരണങ്ങളെ പറ്റി കവിത പറയുന്നതിങ്ങനെ:

എനിക്കെതിരെ ഒരു വാർത്ത വന്നിരുന്നു. അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്താനാണ് ഞാൻ വീണ്ടും നിങ്ങളുടെ മുന്നിൽ വന്നത്. ആദ്യമായ് തന്നെ ഞാൻ ഒരുകാര്യം മറച്ചുവച്ചതിൽ ക്ഷമ ചോദിക്കുന്നു. എന്റെ മകൻ വിവാഹിതനാണ്. അതിൽ ഒരു കുഞ്ഞുമുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരെകുറിച്ച് പറയാൻ ബുദ്ധിമുട്ടുള്ളത് കാരണമാണ് ഞാൻ ഈ കാര്യം ആദ്യംതന്നെ മറച്ചുവച്ചത്.

മകളുടെ അച്ഛൻ സമ്പന്നനായിരുന്നു. ഇപ്പോൾ എല്ലാം തകർന്നു. 45 ലക്ഷം രൂപ ലോൺ എടുത്തത് തിരിച്ചടയ്ക്കാൻ കഴിയാതെ ഒളിച്ചോടി പോകേണ്ടി വന്ന അവസ്ഥയിലാണ് അവർ. ആ കുടുംബത്തിനെ വീണ്ടും കുത്തായി നോവിക്കാൻ താല്പര്യമില്ലാത്തതിനാലാണ് ഈ കാര്യം മറച്ചു വച്ചത്. ഇപ്പോൾ ഞാൻ അവരുടെ കയ്യിൽ നിന്ന് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്തു എന്നുപറഞ്ഞ് അവർ തന്നെ വാർത്തകൾ നല്കുന്നു. ഇക്കാര്യത്തിൽ സംഭവിച്ചതെന്തെന്ന് ഞാൻ പറയുന്നതിനേക്കാൾ നല്ലത് എന്റെ മകൾ പറയുന്നതാണ് മരുമകളെ കൂടെ നിർത്തി കവിത പറഞ്ഞുതുടങ്ങി.

ഞാൻ ആരുടെയും പൈസ തട്ടിയെടുക്കുകയോ ഒന്നുംചെയ്തിട്ടില്ല. ഈ പെൺകുട്ടിയെ ഞാൻ കൈപിടിച്ച് കൊണ്ടുവന്നപ്പോ ഒരു പൊന്നോ ഒന്നുമില്ലായിരുന്നു. ഇവളുടെ അച്ഛനും അമ്മയും ഇവളെ നോക്കാത്ത ഒരു അവസ്ഥ വന്നപ്പോഴാണ് ഞാൻ ഇവളെ കൂട്ടിക്കൊണ്ട് വന്നത്. ആക്സിഡന്റ് പറ്റി ദേഹം മുഴുവൻ മുറിഞ്ഞിരുന്നപ്പോൾ പോലും സ്വന്തം അച്ഛനും അമ്മയും തിരിഞ്ഞു നോക്കിയിരുന്നില്ല. ആ അവസ്ഥയിലാണ് പെൺകുട്ടിയെ വീട്ടിലേക്കു കൂട്ടികൊണ്ട് വന്നത്.

പെൺകുട്ടിയുടെ വീട്ടുചെലവും പഠനച്ചെലവുമെല്ലാം ഞാൻ നോക്കി. എന്റെ മകനും ഈ മകളും തമ്മിൽ ഇഷ്ടത്തിലായിരുന്നു. കല്യാണം എല്ലാം ഉറപ്പിച്ചതായിരുന്നു. കുറെ നാളായിട്ടും കല്യാണം നടത്തിത്തന്നില്ല, ഒരുവർഷത്തോളം അവരുടെ വീട്ടിൽ താമസിച്ചു. ഒരു ഫാം നടത്തിയിരുന്നു. അതിനുവേണ്ടി ഇൻവെസ്റ്റ് ചെയ്ത എന്റെ പൈസ മുഴുവൻ പോയി അതുകാരണം ഞാൻ അവരുമായി ഉടക്കി പിരിഞ്ഞിരിക്കുകയായിരുന്നു. പക്ഷെ രണ്ടു പെൺകുട്ടികളായിരുന്നു അവർക്കുണ്ടായിരുന്നത്. സ്വന്തം മക്കളെ പോലെ കണ്ടതുകൊണ്ട് അവരെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റേ കുട്ടിയും അവർ കല്യാണം കഴിപ്പിച്ചു കൊടുക്കാഞ്ഞതു കാരണം ഇറങ്ങി പോകുകയായിരുന്നു.

അയാൾ മദ്യപാനിയായതു കൊണ്ടുതന്നെ രണ്ടു പെൺകുട്ടികളുടേയും, ജീവിതമാണ് ഇല്ലാതായത്. ഈ കുട്ടി എന്നെ വിളിച്ചു. അവളെ ഞാൻ പോയി കൂട്ടിക്കൊണ്ടുവന്നു. ചോറ്റാനിക്കര അമ്പലത്തിൽ വച്ച് താലി കെട്ടിയാണ് കൊണ്ടുവന്നത്. ഈ നിമിഷം വരെ ഇവൾ എന്റെ സംരക്ഷണത്തിലാണ്. ഞാൻ കൊല്ലാൻ നോക്കി എന്ന് പറഞ്ഞ കുഞ്ഞാണിത് - പേരക്കിടാവിനെ കാണിച്ച് കവിത പറയുന്നു. പെൺകുഞ്ഞാണെന്നു അറിഞ്ഞപ്പോൾ മുതലാണ് തന്റെ വീട്ടുകാർക്ക് ഈ ദേഷ്യം വന്നതെന്ന് മരുമകൾ രുഗ്മയും മറുനാടനോട് വ്യക്തമാക്കി. ഗ്രാനൈറ്റ് മുതലാളി എന്ന് പറയുന്ന പ്രേംകുമാർ മദ്യപാനത്തിന് അടിമയാണെന്നും അതിനാലാണ് ഇത്തരത്തിൽ അപവാദ പ്രചരണത്തിന് ഇറങ്ങിയതെന്നുമാണ് കവിതയും മരുമകൾ രുഗ്മയും അഭിമുഖത്തിൽ പറയുന്നത്.

ചാളമേരിയുടെ മരുമകളായി സ്ത്രീധനം സീരിയലിൽ തിളങ്ങിയ, നിരവധി പ്രൈംടൈം സീരിയൽ നായിക വേഷങ്ങൾ ചെയ്ത കവിതാലക്ഷ്മിയെന്ന താരം ജീവിക്കാനായി തട്ടുകടയിൽ ദോശചുട്ടു വിൽക്കുന്നുവെന്ന വിവരം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയിലൂടെ വൈറലായത് അടുത്തിടെയാണ്. ഇക്കാര്യം മറുനാടൻ റിപ്പോർട്ട് ചെയ്യുകയും മറുനാടന് നൽകിയ അഭിമുഖത്തിൽ കവിത തന്റെ ജീവിതസ്ഥിതി വിവരിക്കുകയും ചെയ്തിരുന്നു. കെ കെ രാജീവിന്റെ അയലത്തെ സുന്ദരിയെന്ന സീരിയലിൽ അഭിനയിക്കുന്നതിനിടെ ആണ് ജീവിത പ്രാരാബ്ധങ്ങൾ കവിതയെ ഇങ്ങനെയൊരു ജോലിയിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്. മറുനാടൻ ടീം നെയ്യാറ്റിൻകരയിലെത്തി നടത്തിയ അഭിമുഖത്തിൽ തന്റെ പ്രതീക്ഷകളും അനുഭവങ്ങളും കവിത ലക്ഷ്മി വായനക്കാർക്കായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

നെയ്യാറ്റിൻകര നിംസ് ആശുപത്രിക്ക് സമീപമാണ് താരത്തിന്റെ തട്ടുകട. ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവാണ് കവിതയുടെ ഇപ്പോഴത്തെ സ്ഥിതി പുറംലോകത്തെ അറിയിച്ചത്. അതോടെ കവിതയുടെ ജീവിതം വീണ്ടും പച്ചപിടിച്ചു തുടങ്ങി. മകന്റെ പഠനത്തിനായി പണം കണ്ടെത്താൻ തുടങ്ങിയ തട്ടുകടയിൽ അതോടെ ആൾത്തിരക്ക് കൂടി. ദോശചുട്ട് മാത്രം കടങ്ങൾ വീട്ടാമെന്ന പ്രതീക്ഷയൊന്നുമില്ല കവിതയ്ക്ക്. അതിനാൽ തന്നെ തന്റെ സ്ഥിതി അറിഞ്ഞ് കൂടുതൽ അവസരങ്ങൾ വരുമെന്നും കവിത പ്രതീക്ഷിക്കുന്നു. എന്നാലും ഒരു പ്രതിസന്ധി ഘട്ടത്തിൽ കൈത്താങ്ങായി മാറിയ തട്ടുകടയിൽ നിന്ന് പിന്നോട്ടില്ലെന്നും താരം തുറന്നുപറയുന്നു.

മോന്റെ യാത്രയുമായി ബന്ധപ്പെട്ട് കുറച്ച നാൾ സീരിയലിൽ നിന്നും മാറി നിൽക്കേണ്ടിവന്നതോടെ കവിതയ്ക്ക് സീരിയൽ അവസരങ്ങളും കുറഞ്ഞു. ഇപ്പോൾ ഒന്ന് രണ്ട് സീരിയലിൽ മാത്രമാണ് ഉള്ളത്. അതുകൊണ്ട് മകന്റെ ഫീസെന്നല്ല എനിക്കും മകൾക്കും ജീവിക്കാനുള്ളത് പോലും കിട്ടില്ലെന്നും കവിത പറഞ്ഞിരുന്നു. മകളും അമ്മയും മാത്രമാണ് കവിതക്കൊപ്പമുള്ളത്. കൂടപ്പിറപ്പുകളെ പോലെ കാണുന്ന ചില സുഹൃത്തുക്കൾ മാത്രമാണ് സഹായത്തിനായി ഉള്ളത്. മകന്റെ പഠനം അവതാളത്തിലായതോടെ നിരവധി ബാങ്കുകളിൽ ലോണിനായി അപേക്ഷിച്ചു എന്നാൽ അതൊന്നും ഫലം കാണാതായതോടെയാണ് തട്ടകട ഒരു ജീവിത മാർഗമായി തെരഞ്ഞെടുത്തത്.