ചെന്നൈ: കാമുകനെന്ന് അവകാശപ്പെട്ട യുവാവ് ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിഷം കഴിച്ച് സീരിയൽ നടിയുടെ ആത്മഹത്യാ ശ്രമം.തമിഴ് സീരിയൽ നടി നിലാനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയതെന്നും വിവരം അറിഞ്ഞ ബന്ധുക്കൾ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നടിയെ ഉടൻ തന്നെ എത്തിച്ചെന്നും നിലാനി ഇപ്പോൾ ചികിത്സയിലാണെന്നും തെന്നിന്ത്യൻ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നടി അപകടനില തരണം ചെയ്തതായിട്ടാണ് സൂചന.ഗാന്ധി ലളിത് കുമാർ എന്ന യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതോടെയാണ് നിലാനി വിവാദക്കുരുക്കിലായത്. നിലാനിയുടെ മുൻ കാമുകൻ എന്ന് കരുതുന്ന ഇയാൾ താനും നിലാനിയുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. നടിയുമായുള്ള പ്രണയ ബന്ധം തകർന്നതാണ് ഗാന്ധി ലളിത് കുമാറിന്റെ മരണത്തിന് പിന്നിലെന്നായിരുന്നു ആരോപണം.

എന്നാൽ മൂന്ന് വർഷം മുമ്പ് പരിചയപ്പെടുകയും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തതിന് പിന്നാലെ ഗാന്ധി ലളിത് കുമാർ പ്രണയമാണെന്ന് തുറന്ന് പറയുകയും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു വരികയായിരുന്നെന്നും ഇത് തനിക്ക് സമ്മതമല്ലായിരുന്നെന്നും ഇവർ പറഞ്ഞു.രണ്ടു കുട്ടികളുടെ മാതാവായ താൻ അവരുടെ ഭാവിയെ കരുതിയാണ് വിവാഹം വേണ്ടെന്ന് വെച്ചത്. അനേകം പേരിൽ നിന്നും ഇപ്പോഴും തനിക്ക് പ്രണയാഭ്യർത്ഥനയും വിവാഹാലോചനയും മറ്റും വരുന്നുണ്ടെന്നും ഗാന്ധിയെ വിവാഹം ചെയ്താൽ തനിക്ക് നേരിയ സുരക്ഷ കിട്ടുമെന്ന ആലോചന തനിക്കുണ്ടായിരുന്നു എന്നും എന്നാൽ അക്കാര്യം അയാളോട് പറഞ്ഞില്ലെന്നേയുള്ളെന്നും പറഞ്ഞു.

അതിനിടയിലാണ് അയാൾക്ക് പല പെണ്ണുങ്ങളുമായും ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് പിന്മാറിയതെന്നും പറഞ്ഞു.എന്നാൽ കുമാറിന്റെ മരണത്തിൽ തെളിവുകൾ ഒന്നും ഇല്ലാതിരുന്നിട്ടും താനാണ് കൊലയാളി എന്ന രീതിയിൽ മാധ്യമങ്ങൾ വാർത്ത പടച്ചുവിടുകയാണെന്ന ആരോപണവുമായി നിലാനി രംഗത്തെത്തി. ഗാന്ധിനഗർ സ്വദേശിയായ ലളിത് കുമാർ കഴിഞ്ഞ ദിവസം രാവിലെ കെ.കെ നഗറിലെ വീട്ടിൽ വച്ചാണ് കുമാർ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല.

മൂന്ന് വർഷമായി ഇയാൾ നടി നിലാനിയുമായി പ്രണയത്തിലായിരുന്നു. നിലാനിയുടെ ഷൂട്ടിങ് ലൊക്കേഷനുകളിലും ഇയാൾ സ്ഥിരം സാന്നിധ്യമായിരുന്നു. നടിയെ ഷൂട്ടിംഗിന് കൊണ്ട് പോകുന്നതും തിരികെ കൊണ്ടുവരുന്നതും ഇയാളായിരുന്നു.എന്നാൽ വിവാഹം ചെയ്യണം എന്ന ഇയാളുടെ ആഗ്രഹത്തിന് നടി എതിര് നിന്നു. വിവാഹത്തിന് താൽപര്യമില്ല എന്ന് പറഞ്ഞാണ് ഇയാളുമായുള്ള ബന്ധം നടി അവസാനിപ്പിച്ചതെന്നും ഇതാണ് മരണത്തിന് പിന്നിലെന്നുമായിരുന്നു വാർത്തകൾ.

ആദ്യം പ്രണയം പറഞ്ഞ ലളിത് പിന്നീട് വിവാഹം കഴിക്കാൻ അഭ്യർത്ഥിച്ചു. അത് നിരസിച്ചപ്പോൾ തന്നെ കൊല്ലുമെന്ന് വരെ അയാൾ ഭീഷണി മുഴക്കി. പലപ്പോഴും തന്നെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയെന്നും നിലാനി ആരോപിച്ചു. പീഡനം ആവർത്തിക്കാൻ തുടങ്ങിയതോടെ താൻ ലളിതിനെതിരെ പൊലീസിൽ കേസ് കൊടുത്തിരുന്നു. ഇയാൾ സ്റ്റേഷനിൽ വെച്ചും തന്നോട് അടിയുണ്ടാക്കിയിരുന്നെന്നും നിലാനി ആരോപിച്ചു. നിലാനിയുടേയും ലളിതിന്റേയും സ്വകാര്യ നിമിഷങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിരിപ്പിച്ച ശേഷമായിരുന്നു ലളിത് ആത്മഹത്യ ചെയ്തത്. താൻ ഒളിവിൽ പോയിട്ടില്ലെന്നും നിങ്ങൾക്ക് മുന്നിൽ തന്നെ ഉണ്ടെന്നും നിലാനി വ്യക്തമാക്കിയിരുന്നു.

തൂത്തുക്കുടി സംഭവത്തിൽ പ്രതിഷേധിച്ചത് നിലാനിയെ വാർത്തകളിൽ എത്തിച്ചു

തമിഴ് സീരിയലുകളിലൂടെ ഏറെ ജനശ്രദ്ധ നേടിയ താരമാണ് നിലാനി. തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരായി പ്രതിഷേധിച്ച പതിമൂന്ന് പേരെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ പൊലീസിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചാണ് നിലാനി വാർത്തകളിൽ ഇടം നേടിയത്. നിലാനി സീരിയലിലെ പൊലീസ് വേഷത്തിൽ ലൈവിലെത്തിയെന്ന് ആരോപിച്ച് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.