കൊച്ചി: ആത്മവിശ്വാസം കൊണ്ട് കാൻസറിനെ തോൽപ്പിച്ച് ജീവിതം തിരിച്ചുപിടിച്ച നിരവധി പേർ നമുക്കിടയിലുണ്ട്. മലയാളം സിനിമാ രംഗത്താണെങ്കിൽ നടി മംമ്ത മോഹൻദാസാണ് ഇക്കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. രണ്ട് തവണ കാൻസർ പിടിപെട്ടെങ്കിലും അതിനെ മികച്ച ചികിത്സയിലൂടെ അതിജീവിച്ച് രോഗം ഭേദമായ മംമ്ത വീണ്ടും സിനിമയിൽ സജീവമാണ്. ഇങ്ങനെ എന്തിനെയും ആത്മവിശ്വാസത്തോടെ നേരിടാനുള്ള ധൈര്യമുള്ള മറ്റൊരു നടിയാണ് സീരിയൽ - സിനിമാ രംഗത്തെ ശ്രദ്ധേയ താരമായ ശരണ്യ ശശി. മിനി സ്‌ക്രീനിലെ ശ്രദ്ധേയ സാന്നിധ്യമായ നടി ശരണ്യരണ്ട് തവണ കാൻസറിനെ അതിജീവിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരികേ എത്തിയ ശരണ്യ വിവാഹിതയാകുകയും ചെയ്തിരുന്നു.

അടുത്തിടെ സോഷ്യൽ മീഡിയയിലും സജീവമാണ് ശരണ്യ. സിനിമകളെ കുറിച്ച് നടി സോഷ്യൽ മീഡിയയിൽ അനുഭവം പങ്കുവച്ചിരുന്നു. ശരണ്യ ശശി ശാരു എന്ന ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ നിരവധി ആരാധകരും അവർക്കുണ്ട്. അങ്ങനെയുള്ള്ള്ള അവസ്ഥയിൽ ശരണ്യയുടെ ഫേസ്‌ബുക്ക് പേജിൽ ഇന്നുമൊരും സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടു. തനിക്ക് വീണ്ടും ബ്രെയിൻ ട്യൂമർ പിടിപെട്ടു എന്നാണ് സ്റ്റാറ്റസ്. എല്ലാവരുടെയും പ്രാർത്ഥനകൾ ആവശ്യപ്പെട്ടുള്ള അഭ്യാർത്ഥനയായിരുന്നു ഈ സ്റ്റാറ്റസിൽ. കറുത്ത മുത്ത് എന്ന സീരിയലിലെ നടിയായി ശ്രദ്ധനേടിയ നടിയാണ് ശരണ്യ. അതുകൊണ്ട് തന്നെ ശരണ്യക്ക് വീണ്ടും ബ്രെയിൻ ട്യൂമർ ബാധിച്ചുവെന്ന വാർത്ത അവരുടെ ആരാധകരിലും നിരാശ പടർത്തി.

'സുഹൃത്തുക്കളെ എനിക്കു വീണ്ടും ട്ട്യൂമർ (തലയിൽ) വന്നതിനെ തുടർന്നു നാളെ എനിക്ക് ഒപ്പറേഷനാണ്, എല്ലാരും എനിക്കു വേണ്ടി പ്രാർത്ഥിക്കുക.. എന്നാണ് ശരന്യയുടെ ഫേസ്‌ബുക്ക് പേജിലുള്ള സ്റ്റാറ്റസ്. ബ്രെയിൻ ട്യൂമർ പിടിപെട്ട് ഭീതിദമായ ദിനരാത്രങ്ങളിലൂടെ കടന്നുപോയ സീരിയൽ താരം ശരണ്യ അസുഖങ്ങളെല്ലാം ഭേദമായി വിവാഹ ജീവിതത്തിലേക്ക് കടന്നിരുന്നു. ഫേസ്‌ബുക്ക് സുഹൃത്തായിരുന്ന ബിനുവാണ് ശരണ്യയുടെ ജീവിതം പങ്കിടുന്നത്. എന്നാൽ വീണ്ടും അസുഖം പിടികൂടിയതിനാൽ ഓപ്പറേഷൻ വേണ്ട അവസ്ഥയാണ്. ജീവിതം വീണ്ടും തിരികെ പിടിക്കാമെന്ന പ്രതീക്ഷയിൽ ആത്മവിശ്വാസത്തോടെ തന്നെ ആശുപത്രിയിലേക്ക് പോകാൻ ഒരുങ്ങുകയാണ് നടി.

നടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് ചുവടേ ആശംസകളുമായി നിരവധി കമന്റുകളാണ് പ്രത്യേക്ഷപ്പെട്ടിട്ടുള്ളത്. നിരവധി പേർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസകൾ നേർന്നു. കണ്ണൂർക്കാരിയായ ശരണ്യ, 2006 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന 'സൂര്യോദയം' എന്ന സീരിയലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തുടർന്ന് മന്ത്രകോടി, രഹസ്യം, അവകാശികൾ, കൂട്ടുകാരി, ഹരിചന്ദനം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി.

മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും തമിഴിലും ശരണ്യ സീരിയലുകൾ ചെയ്തിട്ടുണ്ട്. 'ചന്ദനമഴ' എന്ന സീരിയൽ തമിഴിലും 'സ്വാതി'എന്ന സീരിയൽ തെലുങ്കിലും സീരിയലുകൾ അഭിനയിച്ചു. പച്ചൈയ് എങ്കിറ കാത്ത്' എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച ശരണ്യ മലയാളത്തിൽ ചോട്ടാ മുംബൈ, തലപ്പാവ്, ബോബെ മാർച്ച് 12, ചാക്കോ രണ്ടാമൻ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

ശരണ്യക്ക് ട്യൂമർ ഭേദമായത് രണ്ട് സർജറികളിലൂടെയായിരുന്നു. ഹൈദരാബാദിൽ 'സ്വാതി' എന്ന തെലുങ്ക് സീരിയൽ ചെയ്യുന്ന വേളയിലാണ് ശരണ്യയ്ക്ക് ആദ്യമായി ട്യൂബറാണെന്ന് ബോധ്യമായത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചുള്ള ചികിത്സകൾ പൂർത്തിയാക്കിയത്. 2012ലെ തിരുവോണത്തിനു തലേന്നാണ് ആശുപത്രിയിൽ ആകുന്നത്. സർജറികൾക്ക് ശേഷം ആരോഗ്യം വീണ്ടെടുത്താണ് ശരണ്യ വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഇതിനിടെയാണ് അവർക്ക് വീണ്ടും ബ്രെയിൻ ട്യൂമർ പിടിപെട്ടത്.