കൊച്ചി: കലാലയ രാഷ്ട്രീയത്തിന്റെ കരുത്തുമായി ഇത്തവണ കൊച്ചിയുടെ അങ്കത്തട്ടിലേക്കിറക്കാൻ ശിവസേന തെരഞ്ഞെടുത്തത് പ്രശസ്ത സീരിയൽ സിനിമാ താരം സോണിയയെയാണ്. സിഎംഎസ്‌ കോളേജിൽ തൊണ്ണൂറുകളിൽ പയറ്റിത്തെളിഞ്ഞ രാഷ്ട്രീയവുമായി കൊച്ചിയിലെ മത്സര വേദിയിൽ പൊരുതാൻ സോണിയയും ശക്തമായി ഉണ്ടാകും.

എറണാകുളം നോർത്ത് ഡിവിഷനിലെ ശിവസേനാ സ്ഥാനാർത്ഥിയാണ് സോണിയ ജോസ്. ക്യാമ്പസ് വിട്ടതോടെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച സോണിയയ്ക്ക് ഇത് രണ്ടാമൂഴമാണ്. നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനം എന്ന മുദ്രാവാക്യമുയർത്തി ഇനി സ്ഥാനാർത്ഥി കൊച്ചിക്കാർക്കു മുന്നിൽ പ്രത്യക്ഷപ്പെടും. കഴിഞ്ഞ പത്ത് വർഷത്തോളമായി ജീവ കാരുണ്യ പ്രവർത്തനങ്ങളിലും അന്നദാന പരിപാടികളിലും സജീവമായിരുന്ന സോണിയ അടുപ്പമുള്ള പ്രസ്താനം എന്ന നിലയിലാണ് ശിവസേനയിൽ അംഗമായതെന്ന് പറയുന്നു.

റോഡുകൾ നന്നാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ജയസൂര്യയെ സമൂഹം പരിഹസിച്ചതു കണ്ടപ്പോഴാണ് പ്രവർത്തിക്കുന്നതിന് ഒരു സംഘടന വേണമെന്ന് സോണിയയ്ക്ക് തോന്നിയത്. ഇത് തന്നെ ശിവസേനയിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് സോണിയ പറയുന്നു.

ബിഷപ്പിനെ നേരിട്ടു പോയി കണ്ട് അനുഗ്രഹം വാങ്ങിയാണ് സോണിയ പ്രചാരണം ആരംഭിച്ചത്. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത നഗരത്തിലെ മാർക്കറ്റ് ഉൾപ്പെട്ട പ്രദേശത്താണ് താൻ മത്സരിക്കുന്നതെന്ന ബോധം സോണിയയ്ക്ക് ഉണ്ട്. ഈ പ്രശ്‌നങ്ങളും തന്റെ പ്രചരണത്തിൽ അവർ ഉയർത്തിക്കാട്ടും.

മകൾ ഏഞ്ചലീനയും ബോണിയുമടങ്ങുന്ന കുടുംബം മുഴുവൻ പിന്തുണയുമായി കൊച്ചി നഗരസഭാ സ്ഥാനാർത്ഥിക്കൊപ്പമുണ്ട്. കൂടാതെ അച്ഛനും അമ്മയ്ക്കും സഹോദരനുമെല്ലാം താൻ പൊതുപ്രവർത്തനത്തിലേക്കിറങ്ങുന്നതിൽ വലിയ താത്പര്യമാണെന്നും അവർ പറയുന്നു. സീരിയൽ സഹപ്രവർത്തകരും പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്.

കടൽ എന്ന ചിത്രത്തിലൂടെയാണ് സോണിയ സിനിമാ രംഗത്തെത്തിയത്. സുവർണ സിംഹാസനം , രുദ്രാക്ഷം, ജവാൻ ഓഫ് വെള്ളിമല, തുടങ്ങി 45 ഓളം ചിത്രങ്ങളിലും, നിരവധി സീരിയലുകളിലും സോണിയ വേഷമിട്ടിട്ടുണ്ട്