മലയാള സീരിയലിൽ ചിലപ്പോൾ എന്തും സംഭവിക്കാം. അതുവരെ വില്ലത്തരം മാത്രം കൈയിലുണ്ടായിരുന്നവർ ഒരു പ്രത്യേക സാഹചര്യത്തിൽ നല്ലകുട്ടിയായി മാറുന്ന സീരിയലുകൾ ധാരാളമുണ്ട്. ഇങ്ങനെ ഒരു സീരിയൽ കഥപോലൊരു വിവാഹം മലയാള ടെലിവിഷൻ മേഖലയിൽ നിന്നും നടന്നു. സീരിയലിലെ വില്ലനും നായികയും തമ്മിൽ വിവാഹം കഴിച്ചു. മഴവിൽ മനോരമയിലെ ജനപ്രിയ സീരിയലായ അമല.യിലെ നായിക വരദയും വില്ലനായ ഹരീഷിനെ അവതരിപ്പിക്കുന്ന ജിഷി മോഹനുമാണ് വിവാഹിതരായത്.

സാധാരണ ഗതിയിൽ സിനിമയിലായാലും സീരിയലിലായാലും നായികയെ സ്വന്തമാക്കുന്നത് നായകനാണ്. എന്നാൽ സീരിയൽ തുടങ്ങി കുറച്ചു കഴിയുമ്പോഴേക്കും നായകനെ ഒഴിവാക്കി വില്ലൻ നായികയെ സ്വന്തമാക്കി. സീരിയൽ രംഗത്ത് സജീവമായ ജിഷിയും വരദയും അമലയിൽ അഭിനയിക്കുന്നതിനു മുൻപു തന്നെ അടുപ്പക്കാരായിരുന്നു.

ഈ സൗഹൃദം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. അധികം ആരും അറിയാതെ വിവാഹം നടന്നത് കഴിഞ്ഞ മെയ് 25നാണ്. രണ്ടുപേരുടെയും ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. തുടർന്ന് മാതൃകാപരമായ സൽക്കാരവും ഇവർ നടത്തി. റീജ്യനൽ കാൻസർ സെന്ററിൽ ചികിൽസ തേടുന്ന കുട്ടികൾക്കൊപ്പമായിരുന്നു വിരുന്ന്. അമല സീരിയൽ ഇപ്പോഴും സംപ്രേഷണം ചെയ്യുന്നുണ്ട്. അതുകൊണ്ട് അധികം പബ്ലിസിറ്റിയും വിവാഹത്തിന് നൽകിയിരുന്നില്ല. മാത്രമല്ല തുടർന്നും സീരിയലിൽ അമലയുടെ വില്ലനായി ജിഷി തുടരുകയും ചെയ്യും.