ടോക്കിയോ: സീരിയൽ കില്ലർമാരുടെ ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യങ്ങൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ അക്കൂട്ടത്തിൽ ഏറ്റവും വ്യത്യസ്ഥമായ സംഭവമാണ് ഇപ്പോൾ ജപ്പാനിലെ ടോക്കിയോയിൽ നിന്നും കേൾക്കുന്നത്. സൈബർ ലോകം ഇന്ന് അതിന്റെ ഏറ്റവും മികച്ച സാങ്കേതിക തലത്തിൽ നിൽക്കുമ്പോൾ സമൂഹ മാധ്യമമാണ് 27കാരനായ കൊലപാതകിക്ക് ഏറെ സഹായകരമായതെന്ന വസ്തുത ഏവരേയും ഞെട്ടിച്ചിരുന്നു.

ഒൻപത് പേരെ അതിക്രൂരമായി കൊല ചെയ്ത് വെട്ടിനുറുക്കി പെട്ടിയിലാക്കിയ യുവാവിന്റെ ചെയ്തികളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇയാളെ ട്വിറ്റർ കൊലപാതകി എന്നാണ് പൊലീസ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് തകാഹിരോ ശിരൈഷി എന്ന യുവാവ് പൊലീസിന്റെ വലയിലായത്. ഇയാൾ കൊല നടത്തുന്ന രീതി അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരുന്നു. ഇരകളെ ട്വിറ്ററിലൂടെ കണ്ടെത്തുകയായിരുന്നു ഇയാളുടെ പതിവ്. ഇത്തരത്തിൽ ഇയാളുടെ കൈയിൽപെട്ടത് 15 മുതൽ 26 വയസ് വരെ പ്രായമുള്ളവരാണ്.

ഇവരിൽ ഒരു യുവതിയും ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. ആത്മഹത്യാ പ്രവണതയുള്ള ആളുകളെ ട്വിറ്ററിലൂടെ പരിചയപ്പെടും. എന്നിട്ട് ഇവരെ സഹായിക്കാമെന്നോ ഇവരോടൊപ്പം മരിക്കാമെന്നോ വാക്ക് കൊടുക്കും. ഇവരെ തന്റെ വീട്ടിലേക്ക് എത്തിക്കുകയും ക്രൂരമായി കൊലപ്പെടുത്തുന്നതുമായിരുന്നു ഇയാളുടെ രീതി. കൊലയ്ക്കു ശേഷം മൃതദേഹങ്ങൾ വെട്ടിനുറുക്കി കൂളറുകൾ, ടൂൾ ബോക്‌സുകൾ, പെട്ടികൾ എന്നിവയിലാക്കിയാണു ഒളിപ്പിച്ചിരുന്നത്.

കഴിഞ്ഞ ഹാലോവീൻ ദിനത്തിലാണ് ഇയാളെപ്പറ്റി സംശയം തോന്നിയതും അന്വേഷണം ആരംഭിച്ചതുമെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 31ന് ഇയാളുടെ വീട്ടിൽ നിന്നും പൊലീസ് മൃതദ്ദേഹത്തിന്റെ അവശിഷ്ടങ്ങളും 240 അസ്്ഥികളും കണ്ടെടുത്തിരുന്നു. ഇയാളുടെ മാനസികനില പരിശോധിച്ച ഡോക്ടർമാരുടെ സംഘം, ബോധപൂർവമാണു കുറ്റകൃത്യം ചെയ്തതെന്നു കണ്ടെത്തി. ഒൻപതു കൊലകളും താൻ തന്നെയാണു ചെയ്തതെന്നു പിന്നീടു തകാഹിരോ പൊലീസിനു മൊഴി നൽകി.