തിരുവനന്തപുരം: തൊഴിലടങ്ങളിലെ പീഡന പരാതികളിൽ ഇരയുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് വനിതാ പരിഹാര സെല്ലുകൾ. സ്ത്രീകളുടെ പരാതിയിലെ സത്യം കണ്ടത്തേണ്ട സംവിധാനം. എന്നാൽ പീഡന കുറ്റം ആരോപിക്കപ്പെട്ട പുരുഷന്റെ പരാതിയിലും നടപടിയെടുക്കുകയാണ് സംസ്ഥാന വനം വകുപ്പിലെ വനിതാ പരിഹാര സെൽ. ഏഷ്യാനെറ്റ്, സൂര്യ ടിവി, തുടങ്ങിയ ചാനലുകളിൽ ഉൾപ്പെടെ ഏകദേശം ഒരു ഡസനിലധികം സീരിയലുകൾക്ക് തിരക്കഥാ രചന നടത്തിയ പ്രമുഖ തിരക്കഥാകൃത്തും വനം വകുപ്പ് ഉദ്യോഗസ്ഥനുമായ ലതീഷ് കുമാറിനെ പീഡന പരാതിയെ തുടർന്ന് സസ്‌പെൻഡുചെയ്തിരുന്നു. ഇത് വാർത്തയാക്കിയ മറുനാടൻ മലയാളിയോട് ഉറവിടം വെളിപ്പെടുത്താൻ ആവശ്യപ്പെടുകയാണ് വനംവകുപ്പ്.

വനം വകുപ്പ്് ആസ്ഥാനത്തെ വർക്കിങ് പ്ളാൻ റിസർച്ച വിംഗിലാണ് ലതീഷ്‌കുമാർ ജോലി നോക്കുന്നത്. മലയാളത്തിലെ ഏറ്റവും സൂപ്പർ ഹിറ്റായ സ്ത്രീ ഹൃദയം എന്ന സീരിയലിന് പിന്നിലെ എഴുത്തും ലതീഷ് കുമാറിന്റേതായിരുന്നു. വനം വകുപ്പ് ആസ്ഥാനത്ത് ഉന്നത പിടിപാടുകൾ ഇയാൾക്കുണ്ട്. സസ്‌പെന്റ് ചെയ്‌തെങ്കിലും എല്ലാ ദിവസവും വനം വകുപ്പ് ആസ്ഥാനത്ത് ലതീഷ് കുമാർ എത്താറുണ്ട്. വനിതാ ജീവനക്കാരിയുടെ പരാതിയിൽ മൊഴിയെടുക്കൽ നടപടികളും തുടങ്ങി. ഇതിനിടെ വനിതാ പരിഹാര സെല്ലിന് ലതീഷ് കുമാർ വിചിത്രമായ പരാതി നൽകി. മറുനാടൻ മലയാളിയിൽ വന്ന വാർത്തയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ഇത്. ഇതോടെ വനിതാ പരിഹാര സെൽ ഉറവിടം വെളിപ്പെടുത്തണമെന്ന ആവശ്യവുമായി മറുനാടന് കത്തയയ്ക്കുകയും ചെയ്തു. ലതീഷിന്റെ പരാതിയിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണിതെന്നാണ് വിശദീകരണം. ഇത് ലതീഷിന്റെ സ്വാധീനത്തിന് തെളിവാണെന്ന ആക്ഷേപം വനം വകുപ്പിൽ സജീവമാവുകയാണ്.

വനം വകുപ്പിലെ ഡെപ്യൂട്ടി കൺസർവേറ്ററും വനിതാ ഐഎഫ്എസ് ഓഫീസറുമായ മായയാണ് പരാതി പരിഹാര സെല്ലിന്റെ അധ്യക്ഷ. ഈ ഉദ്യോഗസ്ഥയാണ് നിയമങ്ങൾ കാറ്റിൽ പറത്തുന്ന നോട്ടീസ് മറുനാടന് നൽകിയത്. ഈ നോട്ടീസിൽ ഇരയുടെ പേരും ജോലിയും അടക്കമുള്ള വിശദാംശങ്ങളും ചൂണ്ടിക്കാട്ടുന്നു. പീഡന പരാതികളിൽ ഇരയുടെ പേര് പുറത്ത് പറയരുതെന്നാണ് നിയമം. ഇതാണ് ഐഎഫ്എസ് ഓഫീസർ കാറ്റിൽ പറത്തുന്നത്. വാർത്തകളുടെ ഉറവിടം കോടതികളിൽ പോലും മാധ്യമങ്ങൾക്ക് വെളിപ്പെടുത്തേണ്ടതില്ല. ഇത് പോലും മനസ്സിലാക്കാതെയാണ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ നടപടി. മറുനാടൻ വാർത്ത ശരിയാണെന്ന് സ്ഥിരീകരിച്ചാണ് നോട്ടീസെന്നതും ശ്രദ്ധേയമാണ്. സത്യസന്ധമായ വാർത്തയുടെ ഉറവിടം തേടി ലതീഷ് കുമാറിനെ സഹായിക്കാനാണ് ശ്രമം നടക്കുന്നതെന്ന വാദമാണ് ഇത് സജീവമാണ്.

നോട്ടീസിൽ ഇരയുടെ പേര് ചൂണ്ടിക്കാട്ടിയതും ഗുരുതര നിയമ ലംഘനമാണ്. വനിതകളുടെ പ്രശ്‌നം പരിഹരിക്കാനുള്ള സമിതിക്ക് ലതീഷിന്റെ പരാതിയിൽ നടപടിക്ക് കഴിയുമോ എന്നതും ചോദ്യമായി അവശേഷിക്കുന്നു. രാജ്യദ്രോഹ കേസുകളിൽ മാത്രമേ മാധ്യമങ്ങളോട് ഉറവിടം കോടതി പോലും തേടു എന്നരിക്കെയാണ് ഫോറസ്റ്റ് കൺസർവേറ്ററുടെ വിചിത്ര നടപടി. ഇതിലൂടെ ലതീഷിന് ഓഫീസിലുള്ള സ്വാധീനമാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസവും വനം വകുപ്പ് ഓഫീസിൽ ലതീഷ് സജീവമായി ഉണ്ടായിരുന്നു. പരാതിക്കാരേയും സാക്ഷികളേയും സ്വാധീനിക്കാനും നീക്കം നടക്കുന്നു. വനം വകുപ്പ് ആസ്ഥാനത്തെ ഇടത് സംഘടന പോലും ലതീഷിന് എതിരാണ്. എന്നിട്ടും സീരിയലുകളിലെ ഗ്ലാമർ ഉയർത്തി വനം വകുപ്പ് ആസ്ഥാനത്ത് താരമായി തുടരുകയാണ് ലതീഷ് കുമാർ. ഇതാണ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ ഉറവിടം തേടിയുള്ള യാത്രയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർക്ക് പുറമേ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉൾപ്പെടെ അഞ്ച് പേർ വനിതാ പരിഹാര സെല്ലിൽ അംഗമാണ്. വഴുതക്കാട് വാർഡ് മെമ്പർ എന്ന നിലയിലാണ് രാഖി രവികുമാർ സമിതിയിൽ എത്തുന്നത്. അതിനിടെ രാഖി രവികുമാർ തന്റെ ബന്ധുവാണെന്നും അതുകൊണ്ട് തന്നെ അന്വേഷണത്തിൽ തനിക്ക് ഒന്നും സംഭവിക്കില്ലെന്നുമുള്ള പ്രചരണം ലതീഷ് കുമാർ വനംവകുപ്പ് ആസ്ഥാനത്ത് പ്രചരിപ്പിക്കുന്നുണ്ട്. ഡിസിഎഫ് ആയ ശ്യാം മോഹൻലാൽ, എഒ സൂസൻ ഗോപി, സീനിയർ ക്ലാർക്ക് സ്വാതി സുരേഷ് എന്നിവരും അന്വേഷണ സമിതിയിലുണ്ട്. ഡെപ്യൂട്ടി മേയർ അടക്കമുള്ളവർ അംഗങ്ങളായ സമിതിയുടെ ചെയർമാനാണ് ഇരയുടെ പേരടക്കം വെളിപ്പെടുത്തി മാധ്യമങ്ങൾക്ക് കത്തെഴുതിയിരിക്കുന്നത്.

കേരള യൂണിവേഴ്‌സിറ്റി മുൻ രജിസ്റ്റാറുടെ മകനായ ലതീഷിനെതിരെ നേരത്തെയും വനം വകുപ്പിൽ ആക്ഷേപങ്ങൾ ഉയർന്നു വന്നുവെങ്കിലും ആദ്യമായാണ് ഒരു സഹ പ്രവർത്തക രേഖാമൂലം പരാതി നൽകുന്നതും നടപടി സ്വീകരിക്കുന്നതും. ലതീഷിന്റെ സഹ പ്രവർത്തകയായ യുവതിയെ നിരന്തരം അപമാനിച്ച ഇദ്ദേഹം അവർക്കെതിരെ ഇല്ലാകഥകൾ കൂടി പ്രചരിപ്പിച്ചു. വല്ലപ്പോഴുമാണ് ലതീഷ് ഓഫീസിൽ എത്തിയിരുന്നതെങ്കിലും വരുന്ന ദിവസങ്ങളിൽ ഈ യുവതിയെ തിരഞ്ഞു പിടിച്ച് കളിയാക്കുക, അപമാനിക്കുക, ഒരു സ്ത്രീയോടു പറയാൻ പാടില്ലാത്തത് പറയുക, മോശക്കാരിയാക്കി ചിത്രീകരിക്കുക ഇതായിരുന്നു കക്ഷിയുടെ പ്രധാന വിനോദം.

ലതീഷിന്റെ മാനസിക പീഡനത്തിൽ മനം നൊന്ത് പലപ്പോഴും ഓഫീസിൽ ഇരുന്ന് കരയുന്ന യുവതിയെ സഹപ്രവർത്തകർ ആണ് സമാധാനിപ്പിച്ച്് വിട്ടിരുന്നത്. ചില ജീവനക്കാർ ലതീഷിനെ വിലക്കിയപ്പോൾ അവരെയും പ്രതികൂട്ടിലാക്കാനാണ് ഇയാൾ ശ്രമിച്ചത്. കഴിഞ്ഞ ആഴ്ചയിലും യുവതിയെ അപമാനിച്ച് ലതീഷ് സംസാരിച്ചു ഓഫീസിൽ സഹപ്രവർത്തകർ കേൾക്കെ ആയിരുന്നു കണ്ണീർ സീരിയലുകളുടെ സൃഷ്ടാവിന്റെ അഴിഞ്ഞാട്ടം. ഇടതു പക്ഷ യൂണിയൻ പ്രവർത്തകൻ കൂടി ആയതിനാൽ ലതീഷിനെതിരെ മിണ്ടാൻ ആർക്കു ധൈര്യമുണ്ടായില്ല. എന്നാൽ അപമാനിക്കപ്പെട്ട യുവതി സഹപ്രവർത്തകരുടെ പിന്തുണയോടെ കാര്യങ്ങൾ വിവരിച്ച് വകുപ്പ് മേധാവിക്ക് പരാതി നൽകി.

ഇതോടെ പീഡകനെതിരെ ശക്തമായ നിലപാട് വേണമെന്ന ആവശ്യത്തിലേക്ക് സിപിഎം അനുകൂല സംഘടനയും നീങ്ങി. തൊഴിലിടങ്ങളിലെ പീഡനങ്ങളും പരാതികളും പരിശോധിക്കുന്ന സമിതിക്ക് മുൻപാകെ പരാതി എത്തുകയും ചെയതു. വനം വുപ്പ് ആസ്ഥാനത്തെ വനിത ഓഫീസ് അസിസ്റ്റന്റിന്റെ കൈവശം സമിതി ലതീഷിനുള്ള നോട്ടീസ് കൊടുത്തു വിടുകയും ചെയ്തു. നോട്ടീസുമായി എത്തിയ വനിത ഓഫീസ് അസിസ്റ്റന്റിനെ അപമാനിച്ച് അയച്ച ലതീഷ് നോട്ടീസ് കൈപറ്റിയില്ല , പകരം ഭീക്ഷണി മുഴക്കുകയും ചെയ്തു. നോട്ടീസും കൊടുക്കാനാവാതെ കരഞ്ഞു കണ്ണീർ വാർത്തു വന്ന ഓഫീസ് അസിസ്റ്റന്റിനെ സമിതി അംഗങ്ങളായ ചില ഉദ്യോഗസ്ഥർ തന്നെ വകുപ്പ് മേധാവിക്ക് മുന്നിലെത്തിച്ചു, കാര്യങ്ങൾ വിശദമായി കേട്ട അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അമിത് മല്ലിക് ഉടൻ തന്നെ ലതീഷിനെ സസ്‌പെൻഡുചെയ്തു കൊണ്ട് ഉത്തരവിടുകയായിരുന്നു.

ഉത്തരവ് കൈപറ്റിയ ലതീഷ് ജീവനക്കാരടോ പറഞ്ഞത് കുറഞ്ഞത് ആറു മാസമെങ്കലും കിട്ടിയാലെ സസ്‌പെൻഷന് ഗുണമുണ്ടാകു എന്നാണ് .... അതായത് ശമ്പളത്തിന്റെ അറുപത് ശതമാനം ലഭിക്കുന്നതിനൊപ്പം സീരിയൽ രചനയും തുടരാം.... അതായത് ഉർവ്വശി ശാപം ഉപകാരമായെന്നാണ് ലതീഷ് പറയുന്നത്. ഇതിനിടെയാണ് മറുനാടൻ മലയാളി ഇക്കാര്യം വിശദമായി വാർത്തിയാക്കിയത്. ഇതോടെ ലതീഷും പരാതിയുമായി ചെന്നു. ഇതിൽ അതിവേഗ നടപടിയുണ്ടാവുകയും ചെയ്തു. എന്നാൽ വനിതാ സഹ പ്രവർത്തകയുടെ പരാതി അധികൃതർ ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ല.