- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനത്തിനിരയായ യുവതിക്ക് നേരെ ലൈംഗികചേഷ്ടകൾ കാണിച്ചു; പ്രതികൾക്ക് അനുകൂലമായി പെരുമാറി; ഇൻഫോപാർക്ക് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടി; പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ചത് പൊലീസെന്നും വെളിപ്പെടുത്തൽ
കൊച്ചി: പൊലീസിനെതിരെ ആരോപണങ്ങളുമായി കാക്കനാട് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി രംഗത്ത്. പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥൻ ലൈംഗികചേഷ്ട കാണിച്ചെന്നും പ്രതികൾക്കു രക്ഷപെടാൻ സഹായകമാകും വിധം പെരുമാറിയെന്നും യുവതി പറയുന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്കെതിരെ ജഡ്ജിയോടു സംസാരിച്ചെന്നും യുവതി പറഞ്ഞു. ഫോട്ടോഷൂട്ടിനെത്തിയ മലപ്പുറം സ്വദേശിനിയായ യുവതിയെ ലോഡ്ജിൽ താമസിപ്പിച്ച് ഈ മാസം ഒന്ന് മുതൽ മൂന്ന് വരെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. ഇൻഫോപാർക്ക് പൊലീസാണ് പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
സംഭവമുണ്ടായ ലോഡ്ജ് പൊലീസ് സീൽ ചെയ്തു. അതേസമയം പരിശോധിച്ചു റിപ്പോർട്ടു തയാറാക്കാൻ പൊലീസ് ചെന്നപ്പോഴേയ്ക്കും മുറി വൃത്തിയാക്കി പുതിയ ബെഡ്ഷീറ്റ് വിരിച്ചിരുന്നതായി യുവതി പറയുന്നു. തനിക്ക് എഫ്ഐആറിന്റെ കോപ്പി നൽകാനും പൊലീസ് തയാറായിട്ടില്ല. പൊലീസ് സ്റ്റേഷനിൽ വച്ച് കൈകൊണ്ട് തനിക്കു നേരെ ലൈംഗികചേഷ്ട കാണിച്ച പൊലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ തിരിച്ചറിയും. മുറി പരിശോധിക്കാൻ എത്തുമ്പോൾ ഇപ്പോൾ ഒളിവിലാണെന്നു പറയുന്ന ലോഡ്ജ് ഉടമ ക്രിസ്റ്റീന സ്ഥലത്തുണ്ടായിരുന്നു. ഇവരെ അറസ്റ്റു ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസ് തയാറായില്ല. പകരം രക്ഷപെടാൻ അവസരം ഒരുക്കി നൽകുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ സജീവമായുള്ള യുവതി, ക്ലബ് ഹൗസിലും മറ്റും യുവതീയുവാക്കളെ സംഘടിപ്പിച്ച് ചർച്ചകൾ നടത്തുന്നതു പതിവാക്കിയിരുന്നു. കഴിഞ്ഞ 28ന് ഫോട്ടോഷൂട്ട് ചെയ്യുന്നതിനാണ് ഇവർ കൊച്ചിയിലെത്തിയത്. ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തിരുന്നു. ഫോട്ടോ എടുക്കാൻ എത്തുമെന്ന് അറിയിച്ചിരുന്ന യുവാവ് അസൗകര്യമുണ്ടെന്നും മറ്റൊരാളുടെ നമ്പർ തരാമെന്നും പറഞ്ഞാണ് കേസിലെ രണ്ടാം പ്രതി സലിംകുമാറിനെ കൊണ്ടു വിളിപ്പിക്കുന്നത്. തുടർന്ന് ഇയാൾ വാട്സാപ്പിലൂടെ ബന്ധപ്പെടുകയും കാക്കനാട് താമസിക്കാൻ മുറിയെടുത്തു നൽകുകയുമായിരുന്നു.
യുവതി താമസിച്ച മുറിയുടെ സമീപത്തുള്ള മുറിയിൽ താമസിച്ച് അവിടേയ്ക്കു ക്ഷണിച്ചെങ്കിലും താൻ പോയില്ലെന്നു പെൺകുട്ടി പറയുന്നു. ഈ സമയം അനാശാസ്യത്തിനു പ്രേരിപ്പിക്കുകയും സഹകരിക്കുന്ന യുവതികളുടെ ചിത്രങ്ങൾ അയച്ചുതരുകയും ചെയ്തു. തുടർന്ന് 29നാണ് തന്റെ മുറിയിൽ എത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത്. മുറിയിൽ പൂട്ടിയിട്ട്, ലഹരിമരുന്നു നൽകി അജ്മലും സലിംകുമാറും ചേർന്നാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നു യുവതി പറയുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തന്റെ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇവർ പറയുന്നു. പ്രതികൾക്ക് സൗകര്യം ഒരുക്കി നൽകിയ ലോഡ്ജ് ഉടമ ക്രിസ്റ്റീനയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളുടെ സഹായി ഷമീർ എന്നയാളും കേസിൽ പ്രതിയാണ്.
പ്രതികൾ ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റും പെൺകുട്ടികളെ കൊണ്ടുവന്നു ലോഡ്ജുകളിൽ താമസിപ്പിച്ച് അനാശാസ്യത്തിന് ഉപയോഗപ്പെടുത്തുന്നവരാണെന്നു സംശയിക്കുന്നുണ്ട്. പീഡനത്തിനിരയായ യുവതിയോട് ഇക്കാര്യങ്ങൾ പറയുകയും ഫോണിലേയ്ക്ക് ഏതാനും യുവതികളുടെ ചിത്രങ്ങൾ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഇവരെയും സംഘത്തിൽ ഉൾപ്പെടുത്താനായിരുന്നു ശ്രമമെന്നും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ പരാതി ലഭിച്ചതിനു പിന്നാലെ പീഡനത്തിനും തടങ്കലിൽവച്ചതിനും കേസ് രജിസ്റ്റർ ചെയ്തെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്. കാക്കനാട് ഒറ്റപ്പെട്ട സ്ഥലത്താണ് ഈ ലോഡ്ജ് പ്രവർത്തിക്കുന്നത്. പ്രതികൾക്കെതിരെ ഐപിസി, ഐടി ആക്ട് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ െചയ്തിട്ടുണ്ടെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസിന്റെ വാദം.
എന്നാൽ പലതരത്തിലുള്ള പരാതികളുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന സ്ത്രീകളെ പൊലീസ് അപമാനിക്കുന്ന സംഭവങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരുകയാണ്. ആലുവയിൽ നിയമവിദ്യാർത്ഥി ആത്മഹത്യ ചെയ്തതും പൊലീസ് അവഹേളിച്ചതിൽ മനംനൊന്തായിരുന്നു. ഇന്ന് വൈപ്പിനിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയും ഒരു യുവാവ് ശല്യം ചെയ്യുന്നുണ്ടെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ