കൊച്ചി: കേരളാ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷൻ വെബ് സൈറ്റിൽ ഗുരുതര സുരക്ഷാ വീഴ്ച. അത് ലറ്റുകളുടെ മുഴുവൻ വിവരങ്ങളും ഹാക്കർമാർക്ക് നിഷ്പ്രയാസം ചോർത്തിയെടുക്കാൻ കഴിയും. ആധാർ നമ്പർ, ഫോൺ നമ്പർ, ഫോട്ടോ തുടങ്ങിയ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്തിരിക്കുന്ന മുഴുവൻ വിവരങ്ങളുമാണ് ഹാക്കർമാർക്ക് ചോർത്തിയെടുക്കാൻ കഴിയുന്നത്. സുരക്ഷാ വീഴ്ച കണ്ടെത്തിയത് ഇന്ത്യയുടെ അനൗദ്യോഗിക സൈബർ പോരാളികളായ കേരള സൈബർ വാരിയേഴ്‌സാണ്.

സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ട് എന്ന് അധികൃതരെ ഇവർ അറിയിക്കുകയും ചെയ്തു. എന്നാൽ അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല. അഡ്‌മിൻ സെക്ഷൻ ബൈപാസ് ചെയ്യാൻ ഹാക്കിങ്ങിന്റെ ബാലപാഠം പഠിച്ചവർക്ക് പോലും പറ്റുമെന്ന് കേരളാ സൈബർ വാരിയേഴ്‌സ് അഡ്‌മിൻ മിത്രൻ (യഥാർത്ഥ പേരല്ല) മറുനാടൻ മലയാളിയോട് പറഞ്ഞു. അഡ്‌മിൻ സെക്ഷനിൽ കൂടി ബൈപാസ് ചെയ്ത് അകത്ത് കടക്കുന്ന ആർക്കും ആ വെബ്‌സൈറ്റിൽ ഉള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്ത് എടുക്കാമെന്നും മിത്രൻ പറയുന്നു.

ഇന്ത്യയുടെ സൈബർ ഇടങ്ങളിൽ വ്യാപകമായി പാക്കിസ്ഥാൻ ഹാക്കർമാർ നുഴഞ്ഞു കയറുന്ന ഈ സാഹചര്യത്തിൽ ഇത്തരമൊരു പിഴവ് ഗുരുതര പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഇന്ത്യയിലെ പൗരന്മാരുടെ വിവരങ്ങൾ ചോർത്തിയെടുക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന പാക്കിസ്ഥാനികൾക്ക് ഇതിലുള്ള മുഴുവൻ പേരുടെയും വിവരങ്ങൾ സ്വന്തമാക്കാൻ കഴിയും. സൈറ്റിനുള്ളിൽ കടക്കുന്ന ഹാക്കർമാർക്ക് ആധാർ കാർഡിന്റെ കളർ കോപ്പികൾ സ്വന്തമാക്കാൻ കഴിയും. ആധാറിൽ ഒരാളുടെ മുഴുവൻ വിവരങ്ങളും അടങ്ങിയിട്ടുണ്ട്. ആധാർ കാർഡോ ആധാർ നമ്പറോ ഉപയോഗിച്ച് പലതരത്തിലുള്ള ക്രമക്കേടുകളും നടത്താം. അങ്ങനെ ഇരിക്കെയാണ് ഇത്തരം സുരക്ഷാ വീഴ്ചകൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത്.

മാസങ്ങളായി ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നതായി മിത്രൻ പറയുന്നു. എന്നാൽ അവർ യാതൊന്നും ചെയ്യുന്നില്ല. ഇതോടെയാണ് മിത്രൻ ഇക്കാര്യം പുറത്തു വിടാൻ തീരുമാനിച്ചത്. സാധാരണ ഇത്തരം പ്രശ്‌നങ്ങൾ തങ്ങൾ തന്നെ പരിഹരിക്കുന്നതാണ്. എന്നാൽ നിയമ പ്രശ്‌നങ്ങൾ ഉള്ളതിനാലാണ് അങ്ങനെ ചെയ്യാത്തത് എന്നും മിത്രൻ പറഞ്ഞു.

അതിർത്തിയിൽ ഇന്ത്യൻ സേനയോട് പൊരുതി നിൽക്കാൻ കഴിയാത്തതിന്റെ ക്ഷീണം പാക്കിസ്ഥാനികൾ തീർക്കുന്നത് ഇന്ത്യൻ വെബ് സൈറ്റുകൾ തകർത്താണ്. ലോകത്തിൽ സൈബർ സെക്യൂരിറ്റിയിൽ ഏറെ പിന്നിൽ നിൽക്കുന്ന രാജ്യങ്ങൾ ഇന്ത്യയും ബ്രസീലുമാണ്. ഇതിനാൽ പാക്കിസ്ഥാൻ സൈബർ അറ്റാക്കേഴ്‌സിന് വേഗത്തിൽ ഇന്ത്യൻ വെബ് സൈറ്റുകളിൽ കടന്നു കൂടാനും വിവരങ്ങൾ നശിപ്പിക്കുവാനും കഴിയും. എന്നിട്ടും അഡ്‌മിൻ പാനലിൽ അധികൃതർ യാതൊരു സെക്യൂരിറ്റി സംവിധാനവും ചെയ്തിട്ടില്ല.

പാക്കിസ്ഥാനിലുള്ള ഡി ഗ്രേഡ് വെബ് സൈറ്റിനു പോലും മികച്ച സുരക്ഷയുള്ളപ്പോൾ ഇന്ത്യയിലെ എ ഗ്രേഡ് വെബ് സൈറ്റായ ഇതിന് യാതൊരു സുരക്ഷയുമില്ല.ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ അതേ നാണയത്തിൽ തിരിച്ചടിക്കലാണ് കേരളാ സൈബർ വാരിയേഴ്‌സ് ടീമിന്റെ പ്രധാന ലക്ഷ്യം. കൂടാതെ ഫേസ്‌ബുക്ക് വഴി അശ്ലീലത പരത്തുന്ന ഞരമ്പന്മാർക്കെതിരെയും സന്ധിയില്ലാ യുദ്ധം നടത്തുകയാണിവർ.

കോളേജ് വിദ്യാർത്ഥികൾ മുതൽ സിസ്റ്റം അഡ്‌മിനിസ്റ്റേഴ്സ് വരെ ഉൾപ്പെടുന്ന ഹാക്കർമാരുടെ ഒരു കൂട്ടായ്മയാണ് കേരള സൈബർ വാരിയേഴ്‌സ്. വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിൽ ഹാക്കിങ് ഉപയോഗിക്കുന്ന വിഭാഗമല്ല തങ്ങൾ. മറിച്ച്, വ്യക്തമായ തെളിവുകളുടെ പിൻബലത്തിൽ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഹാക്കിങ് നടത്തുന്നു. സമൂഹത്തിലെ അനീതികൾക്ക് എതിരെയാണ് കേരള സൈബർ വാരിയേഴ്സിന്റെ പ്രവർത്തനം.

2015 ഒക്ടോബർ മുതലാണ് കേരള സൈബർ വാരിയേഴ്സ് പ്രവർത്തനം ആരംഭിച്ചത്. 28 അംഗ ഹാക്കേഴ്സ് ഗ്രൂപ്പാണ് കേരളാ സൈബർ വാരിയേഴ്സ്. ഇവരുടെ ഉദ്ദേശ്യശുദ്ധിയെ പിന്തുണയ്ക്കുന്ന സാങ്കേതിക വിദഗ്ധരെ ചേർത്ത് ഗ്രൂപ്പ് വിപുലീകരിക്കാനും ഹാക്കേഴ്സ് സന്നദ്ധമാണ്. ഫേസ്‌ബുക്കിൽ 10000ൽ കൂടുതൽ ഫോളോവേഴ്‌സ് ഉണ്ട്. ഇവരിൽ പലരുമാണ് പരാതി നൽകുന്നത്. ആ പരാതികൾക്ക് മേലാണ് പരിഹാരം കാണുന്നത്. ചെറിയ പെൺകുട്ടികളുടെ ഉൾപ്പെടെ നഗ്ന ചിത്രങ്ങൾ ലൈംഗിക സൂചനകളോടെ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതാണ് ഇത്തരം ഗ്രൂപ്പുകളെ ലക്ഷ്യമിടാൻ കാരണമെന്ന് കേരളാ സൈബർ വാരിയേഴ്സ് അഡ്‌മിൻ മിത്രൻ വ്യക്തമാക്കുന്നു.

നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ