ന്യൂജേഴ്സി: പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ യെരുശലേം പ്രവേശനത്തെ ഒലിവ് ചില്ലകൾ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓർമ്മ പുതുക്കി നടത്തിയ ഓശാന തിരുനാൾ ആഘോഷത്തോടെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഈ വർഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ചു.

മാർച്ച് 28 -ന് ഞായറാഴ്ച രാവിലെ 9.30 -ന് ഇടവക വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂർവ്വമായ വിശുദ്ധ ബലിയോടെ ഓശാനയുടെ ശുശ്രൂഷകൾ ആരംഭിച്ചു. ശുശ്രൂഷകൾക്ക് വികാരി ബഹുമാനപ്പെട്ട ഫാ.ആന്റണി സേവ്യർ പുല്ലുകാട്ട് കാർമികത്വം വഹിച്ചു.സി.ഡി.സി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ഓശാന തിരുനാൾ ചടങ്ങുകൾ നടന്നത്.

കുരുത്തോല വെഞ്ചരിപ്പിനുശേഷം ക്രിസ്തുവിന്റെ ജെറൂശലേം ദോവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയുടെ പ്രതീകാല്മകമായി കുരുത്തോലകളും കൈയിലേന്തി 'ഓശാനാ...ഓശാനാ...ദാവീദാത്മജനോശാനാ...' എന്ന പ്രാർത്ഥനാഗാനവും ആലപിച്ചുകൊണ്ട് ദേവാല ത്തിലൂടെ പ്രദക്ഷിണം നടത്തുകയും, തുടർന്നു ഓശാനയുടെ തുടർ ശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്തു.

ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങൾ ഓശാന തിരുനാളിന്റെ ശുശ്രൂഷകൾ കൂടുതൽ ഭക്തിസാന്ദ്രമാക്കി.വിശുദ്ധ കുർബാനയുടെ സ്ഥാപനദിനമായ പെസഹാ വ്യാഴാഴ്ചയുടെ തിരുക്കർമ്മങ്ങൾ ഏപ്രിൽ 1-ന് വൈകുന്നേരം 7:30 ന് ആരംഭിക്കും. രുപത നിർദേശമനുസരിച്ച് കാൽകഴുകൽ ശുശ്രൂഷ ഉണ്ടായിരിക്കുന്നതല്ല.

കോവിഡ് 19- ന്റെ പശ്ചാത്തലത്തിൽ വിശുദ്ധ വാരാചരണത്തിന്റെ പ്രധാനദിനമായ ഏപ്രിൽ 1-ലെ പെസഹാ വ്യാഴാഴ്ചത്തെ തിരുകർമ്മങ്ങളിൽ എല്ലാഇടവകാംഗങ്ങൾക്കും ഒരുമിച്ച് പങ്കെടുക്കാൻ കഴിയാത്തതിനാൽ രാവിലെ 7:30-നും, വൈകീട്ട് 5:00-നും, 7:30-നു മായി മൂന്ന് ദിവ്യബലികൾ ഉണ്ടായിരിക്കും. 7:30-നുള്ള ദിവ്യബലിക്കുശേഷം രാത്രി 12 മണി വരെ ദിവ്യ കാരുണ്യ ആരാധന നടത്തപ്പെടും.

പെസഹാ വ്യാഴാഴ്ചയുടെ തിരുക്കർമ്മങ്ങൾക്കു ശേഷം പരമ്പരാഗതരീതിയിലുള്ള അപ്പംമുറിക്കൽ ശുശ്രൂഷ ഓരോ വീടുകളിലും കുടുംബാംഗങ്ങൾ ഒരുമിച്ചായിരിക്കും ഈ വർഷവും നടത്തപ്പെടുക.

ഏപ്രിൽ 2 -ന് ദുഃഖവെള്ളിയാഴ്ചയിലെ തിരുകർമ്മങ്ങൾ വൈകിട്ട് മൂന്നുമണിക്ക് പീഡാനുഭവ ശുശ്രൂഷകളോടെ ആരംഭിക്കും. തുടർന്ന് ആഘോഷമായ കുരിശിന്റെ വഴിക്ക് കുട്ടികളും, യുവാക്കളും നേതൃത്വം കൊടുക്കും. പീഡാനുഭവ ചരിത്ര അവതരണം,പാനവായന, കയ്‌പ്പുനീർ കുടിക്കൽ എന്നീ ശുസ്രൂഷകൾ ഉണ്ടായിരിക്കും.

ഏപ്രിൽ 3-ന് ദുഃഖശനിയാഴ്ച രാവിലെ 9-മണിക്ക് പുത്തൻ ദീപം തെളിയിക്കലും, വെള്ളം വെഞ്ചരിക്കലും തുടർന്ന് ആഘോഷപൂർവ്വമായ ദിവ്യബലിയും ഉണ്ടായിരിക്കും.

ഉയിർപ്പ് തിരുനാളിന്റെ ചടങ്ങുകൾ വൈകിട്ട് 5:00- മണിക്ക് ഇംഗ്ലീഷിലും, 7.30-ന് മലയാളത്തിലും നടത്തപ്പെടും.

ഈസ്റ്റർ ഞായറാഴ്‌ച്ച രാവിലെ 9:00 മണിക്കുള്ള വിശുദ്ധ കുർബാനയോടെ വിശുദ്ധവാര കർമ്മങ്ങൾക്ക് സമാപനമാകും.

വിശുദ്ധ വാരാചരണത്തിൽ നടക്കുന്ന തിരിക്കർമ്മകളിൽ ഭക്തിപൂർവ്വം പങ്കെടുക്കുവാൻ എല്ലാ ഇടവകാംഗങ്ങളെയും വികാരി റവ.ഫാദർ ആന്റണി സേവ്യർ പുല്ലുകാട്ട് സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732)762-6744, സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) 732-690-3934), മനോജ് പാട്ടത്തിൽ (ട്രസ്റ്റി) (908)400-2492, ടോണി മാങ്ങൻ (ട്രസ്റ്റി) (347)721-8076.

വെബ്: www.stthomassyronj.org