- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ആശുപത്രികളിൽ മെയ് ഒന്നു മുതൽ കോവീഷീൽഡ് വാക്സീൻ ഒരു ഡോസിന് 600 രൂപ; രാജ്യന്തര മാർക്കറ്റിൽ ഈടാക്കുന്ന ഏറ്റവും ഉയർന്ന നിരക്ക്; അസ്ട്രാസെനകയിൽ നിക്ഷേപമുള്ള യൂറോപ്യൻ യൂണിയനും ബ്രിട്ടനും നൽകുന്നത് മുന്നൂറിൽ താഴെ; ഡോസിന് 150 രൂപ നിരക്കിൽ വാങ്ങുന്നത് തുടരുമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് മെയ് ഒന്നു മുതൽ സ്വകാര്യ ആശുപത്രികളിൽ കോവീഷീൽഡ് വാക്സീൻ ഒരു ഡോസിന് 600 രൂപ നൽകണമെന്ന തീരുമാനം വിവാദത്തിൽ. ഓക്സ്ഫഡ് അസ്ട്രാസെനകയുമായി ചേർന്നു നിർമ്മിക്കുന്ന കോവിഷീൽഡ് വാക്സീന് നൽകുന്ന ഏറ്റവും ഉയർന്ന നിരക്കായി ഇത് മാറുമെന്നാണ് റിപ്പോർട്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ കേന്ദ്ര സർക്കാരിന് 150 രൂപയ്ക്കാണ് നൽകിയിരുന്നത്.
രാജ്യത്ത് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ മെയ് ഒന്നിന് 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വാക്സീൻ സ്വീകരിക്കാമെന്ന നിർദ്ദേശം വന്നിരുന്നു. അതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരുകൾ ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 600 രൂപയും വാക്സീന് നൽകണമെന്ന് കമ്പനി നിർദ്ദേശം നൽകിയത്.
സംസ്ഥാനങ്ങൾക്ക് സീറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരുക്കുന്ന ഡോസിന് 400 രൂപ എന്ന വില പോലും യുഎസ്, യുകെ, യുറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ സർക്കാരുകൾ നേരിട്ട് അസ്ട്രാസെനകയിൽ നിന്നു വാങ്ങുന്ന വിലയേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ട്.
600 രൂപ എന്നത് ഏകദേശം 8 ഡോളറിന് തുല്യമാണ്. ഇത് ഒരു ഡോസിന് രാജ്യന്തര മാർക്കറ്റിൽ ഇതുവരെ വാക്സീന് ഈടാക്കിയ ഏറ്റവും ഉയർന്ന് നിരക്കാണെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
സംസ്ഥാന സർക്കാർ 400 രൂപയാണ് ഡോസിന് നൽകേണ്ടി വരുന്നത്. അതായത് ഒരു ഡോസിന് 5.30 ഡോളറിലും കൂടുതലാണിത്. വാക്സീൻ സൗജന്യമല്ലെന്ന് സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചാൽ വീക്സീൻ സ്വീകരിക്കുന്ന വ്യക്തി ഈ വില നൽകേണ്ടി വരും.
അതേ സമയം ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഡ് വാക്സിനുകൾ ഡോസിന് 150 രൂപ നിരക്കിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാങ്ങുന്നത് തുടരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ശനിയാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ വാങ്ങുന്ന വാക്സിൻ ഡോസുകൾ മുമ്പത്തെപ്പോലെ സൗജന്യമായി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
ബംഗ്ലാദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഇതിലും കുറഞ്ഞ വിലയാണ് വാക്സീൻ ലഭിക്കുന്നതിനായി സീറം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ രാജ്യങ്ങളിൽ മിക്കതിലും സർക്കാർ ചെലവ് ഏറ്റെടുത്തുകൊണ്ട് വാക്സീൻ ജനങ്ങൾക്ക് സൗജന്യമായാണ് നൽകുന്നതും.
വാക്സീൻ നിർമ്മാണത്തിന് ഉയർന്ന ചെലവ് വരുന്ന വിവിധ രാജ്യങ്ങൾ അടങ്ങുന്ന യുറോപ്യൻ യൂണിയൻ ഒരു ഡോസിന് 2.15 ഡോളർ (ഏകദേശം 161 രൂപ) മുതൽ 3.15 ഡോളർ(ഏകദേശം 236 രൂപ) വരെയാണ് നൽകുന്നത്. 2020 ഓഗസ്റ്റിൽ 400 മില്യൺ ഡോസ് വാക്സീനായി 399 മില്യൺ ഡോളർ യുറോപ്യൻ യൂണിയൻ അസ്ട്രാസെനകയിൽ നിക്ഷേപിച്ചിരുന്നു.
അസ്ട്രാസെനകയിൽ ഇതുപോലെ നിക്ഷേപ ബന്ധമുള്ള യുകെ ഒരു ഡോസിന് 3 ഡോളറാണ്( ഏകദേശം 225 രൂപ) നൽകുന്നത്. യുഎസ് 4 ഡോളറാണ് (ഏകദേശം 300 രൂപ) ഒരു ഡോസിനായി നൽകുന്നതെന്നാണ് ബ്രിട്ടിഷ് മെഡിക്കൽ ജേർണൽ പുറത്തുവിട്ട കണക്കിൽ വ്യക്തമാകുന്നത്. യുഎസ്സും യുകെയും നേരിട്ട് അസ്ട്രാസെനകയ്ക്കാണ് പണം നൽകുന്നത്. ബ്രസീലാകട്ടെ 3.15 ഡോളറാണ് ഒരു ഡോസ് വാക്സീന് നൽകുന്നതെന്നാണ് റിപ്പോർട്ട്.
എന്നാൽ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേരിട്ട് ബംഗ്ലാദേശ് വാക്സീൻ വാങ്ങുന്നത് ഏകദേശം 4 ഡോളർ ( ഏകദേശം 300 രൂപ) നൽകിയാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. യുണിസെഫിന്റെ കോവിഡ് വാക്സീൻ മാർക്കറ്റ് ബോർഡ് പ്രകാരം ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേരിട്ട് വാക്സീൻ വാങ്ങുന്നത് ഡോസിന് 5 ഡോളറിനാണ്(ഏകദേശം 376 രൂപ).
ഒരു ഡോസിന് 150 രൂപയും ജിഎസിടിയും നൽകണമെന്ന സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യം ആദ്യം കേന്ദ്ര സർക്കാർ എതിർത്തിരുന്നു. എന്നാൻ 150 രൂപയ്ക്ക് നൽകാനുള്ള തീരുമാനം വളരെ കുറച്ച് സമയത്തേക്കാണെന്ന് കമ്പനി സിഇഒ അദാർ പൂനാവാല നേരത്തെ അറിയിച്ചിരുന്നു. 50 ശതമാനത്തോളം വരുന്ന തന്റെ വരുമാനം അസ്ട്രാസെനകയ്ക്ക് റോയൽറ്റിയായി നൽകിയെന്നും അതിനാൽ ഡോസിന് 150 രൂപ വാങ്ങുന്നതിൽ ഒരർഥവുമില്ലെന്നാണ് വാക്സീന് വില കൂട്ടിയതിനു ശേഷം നൽകിയൊരു അഭിമുഖത്തിൽ പൂനാവാല വിശദീകരിച്ചത്.
വളരെ കാലം മുമ്പാണ് ഇന്ത്യയുമായി വാക്സീന്റെ വിലയിൽ ചർച്ച നടന്നതെന്നും അന്ന് വാക്സീന്റെ വിജയത്തെ കുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നെന്നുമാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവീഷീൽഡിന്റെ വില ഇന്ത്യയിൽ കൂടുതലാണെന്നതിനെ സാധൂകരിച്ച് പൂനാവാല പറഞ്ഞത്. എന്നാൽ ഡോസിന് 150 രൂപ നിരക്കിൽ തന്നെ കമ്പനി ലാഭം ഉണ്ടാക്കുന്നുണ്ടെന്നാണ് പൂനാവാല വാക്സീൻ വിതരണം ആരംഭിച്ച സമയത്ത് അഭിപ്രായപ്പെട്ടത്.
എന്നാൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്നത്.
'കോവിഡ് വാക്സിനുകൾക്കായുള്ള വില ഡോസിന് 150 രൂപയായി തുടരുന്നുവെന്നത് വ്യക്തമാണ്. ജിഒഐ സംഭരിച്ച ഡോസുകൾ സംസ്ഥാനങ്ങൾക്ക് പൂർണമായും സൗജന്യമായി നൽകുന്നതും തുടരും', ആരോഗ്യ മന്ത്രാലയം ട്വീറ്ററിൽ കുറിച്ചു.
പുനെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് ആഗോളതലത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായ 600 രൂപയ്ക്കാണ് വാക്സിൻ വിതരണം ചെയ്യുന്നതെന്ന റിപ്പോർട്ടിനെത്തുടർന്നാണ് വിശദീകരണം.
വാക്സിനുകൾ വാങ്ങുന്നതിനുള്ള വിലസംബന്ധിച്ച് വീണ്ടും ചർച്ച നടത്തണമെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജയറാം രമേശ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്