- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിൻ കുറഞ്ഞ വിലയ്ക്ക് നൽകുന്നത് മുൻകൂർ പണം തന്ന രാജ്യങ്ങൾക്ക്; കോവിഷീൽഡിന്റെ വില നിർണയത്തിൽ വിശദീകരണവുമായി സിറം
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകുന്ന കോവിഷീൽഡ് വാക്സിന്റെ വില നിർണയം സംബന്ധിച്ച് വിവാദങ്ങൾ ഉയരുന്നതിനിടെ പ്രതികരണവുമായി നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.
സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും 600 രൂപയുമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒരു ഡോസ് കോവിഷീൽഡിന് വില നിർണയിച്ചിരുന്നത്. രാജ്യാന്തര വിപണിയിലെ ഏറ്റവും ഉയർന്ന നിരക്കായാണ് ഇത് വിലയിരുത്തപ്പെട്ടത്. വിലനിർണയം സംബന്ധിച്ച് നേരത്തെ വിമർശനം ഉയർന്നിരുന്നു.
മറ്റു പല ചികിത്സകളേക്കാളും കുറവാണ് കോവിഡ് വാക്സിന് ഈടാക്കുന്ന തുകയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. അഡ്വാൻസ് ഫണ്ടിങ് കാരണം ആഗോള തലത്തിൽ കോവിഡ് വാക്സിനുകളുടെ പ്രാരംഭവില കുറവാണ്. എന്നാൽ വാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് നിക്ഷേപം ആവശ്യമാണെന്നും വിശദീകരണ കുറിപ്പിൽ സിറം മേധാവി അദാർ പൂനവാല വ്യക്തമാക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കോവിഡ് വാക്സിനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് 'തങ്ങൾ നിർമ്മിക്കുന്ന വാക്സിൻ ഡോസുകളുടെ പരിമിത ഭാഗം മാത്രമാണ് 600 രൂപയ്ക്ക് സ്വകാര്യ ആശുപത്രികൾക്ക് വിൽക്കുന്നുള്ളൂ. കോവിഡും ജീവൻ അപകടപ്പെടുത്തുന്ന മറ്റു രോഗങ്ങൾക്കുമുള്ള വൈദ്യചികിത്സകളേക്കാളും കുറവാണ് വാക്സിന്റെ വില' സിറം പറയുന്നു.
'നിലവിലെ സ്ഥിതി അങ്ങേയറ്റം ഭയാനകമാണ്. പൊതുജനങ്ങൾ അപകട സാധ്യതയിലായിരിക്കുമ്പോൾ തന്നെ വൈറസ് നിരന്തരം പരിവർത്തനം ചെയ്യുന്നു. അനിശ്ചിതത്വം തിരിച്ചറിയുന്നതിലൂടെ, സുസ്ഥിരത ഉറപ്പുവരുത്തേണ്ടതുണ്ട്, മഹാമാരിയോട് പോരാടാനും ജീവൻ രക്ഷിക്കാനുമുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും നിക്ഷേപം നടത്താൻ ഞങ്ങൾക്ക് കഴിയണം' സിറം ഇൻസ്റ്റിറ്റ്യൂട്ട് കൂട്ടിച്ചേർത്തു.
വാക്സിനുകളുടെ ആഗോള വില ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുന്നതിലൂടെ ഒരു കൃത്യതയില്ലായ്മയാണ് നടത്തുന്നത്. ഇന്ന് വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാവുന്ന കോവിഡ് വാക്സിൻ കോവിഷീൽഡാണ്. അപകടസാധ്യതയുള്ള വാക്സിൻ നിർമ്മാണത്തിനായി ആ രാജ്യങ്ങൾ നൽകിയ മുൻകൂർ ധനസഹായത്തെ അടിസ്ഥാനമാക്കിയാണ് ആഗോളതലത്തിൽ വാക്സിന്റെ പ്രാരംഭ വില കുറയാൻ കാരണം. ഇന്ത്യയുൾപ്പെടെ എല്ലാ സർക്കാർ രോഗപ്രതിരോധ പദ്ധതികൾക്കും കോവിഷീൽഡിന്റെ പ്രാരംഭ വിതരണ വില ഏറ്റവും കുറവാണെന്നും സിറം പറയുന്നു.