- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണങ്ങളും താത്ക്കാലികമായി നിർത്തി; സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പരീക്ഷണങ്ങൾ നിർത്തിവെച്ചത് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ; ഡി.സി.ജി.ഐ. യുടെ കൂടുതൽ നിർദ്ദേശങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിവെച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അമേരിക്കയിലും ബ്രിട്ടനിലും കോവിഡ് വാക്സിൻ പരീക്ഷണം താത്ക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടും പരീക്ഷണങ്ങൾ നിർത്തിവെച്ചത്. വാക്സിൻ പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവെക്കുകയാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)യുടെ കൂടുതൽ നിർദ്ദേശങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. കോവിഡ് പരീക്ഷണങ്ങൾ ഇന്ത്യയിൽ നിർത്തിവെക്കാതിരുന്നതിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങൽ താത്ക്കാലികമായി നിർത്തിവെച്ചത്.
ഓക്സ്ഫഡ് സർവകലാശാലയുടെ കോവിഡ് വാക്സിൻ പരീക്ഷണം യു.കെയിൽ താത്കാലികമായി നിർത്തിവെച്ചിരുന്നു. വാക്സിൻ കുത്തിവെച്ച സന്നദ്ധപ്രവർത്തകരിലൊരാൾക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനമെന്ന് വാക്സിൻ നിർമ്മാണത്തിൽ സർവകലാശാലയ്ക്കൊപ്പം കൈകോർക്കുന്ന ഔഷധനിർമ്മാണ കമ്പനിയായ ആസ്ട്രസെനേക അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ ഓക്സ്ഫഡ് സർവകലാശാലയുടെ കോവിഡ് വാക്സിൻ പരീക്ഷണം താത്കാലികമായി നിർത്തിവെച്ച കാര്യം അറിയിക്കാത്തതിന് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ കാരണം കാണിക്കൽ നോട്ടീസ് കഴിഞ്ഞ ദിവസം ലഭിക്കുകയുണ്ടായി. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ നേരത്തേ അനുമതി നേടിയ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ എന്തുകൊണ്ട് നിർത്തിവെക്കുന്നില്ലെന്ന് വ്യക്തമാക്കാനും ഡി.ജി.സിഐ. ഡോ. വി.ജി. സോമാനി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവെക്കുകയാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ 17 നഗരങ്ങളിലാണ് കോവിഡ് വാക്സിനായുള്ള ക്ലിനിക്കൽ ട്രയൽ നടത്തിവന്നിരുന്നത്.
ഓക്സ്ഫോർഡ്-അസ്ട്രസെനേക വാക്സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങൾ നിർത്തിവച്ചകാര്യം ഡ്രഗ്സ് കൺട്രോളറെ അറിയിക്കാതിരുന്നതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. പരീക്ഷണത്തിന് വിധേയരായവരിൽ ഒരാൾക്ക് അജ്ഞാത രോഗം പിടിപെട്ടതിനെ തുടർന്നാണ് പരീക്ഷണം നിർത്തിവച്ചത്.മറ്റ് രാജ്യങ്ങൾ നിർത്തിവച്ചിട്ടും എന്തുകൊണ്ടാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണങ്ങളുമായി മുന്നേറുന്നതെന്നും യുഎസിലെ രോഗിയെക്കുറിച്ച് വിശദമായ റിപ്പോർട്ട് അയയ്ക്കാത്തതെന്താണെന്നും ഡ്രഗ്സ് റെഗുലേറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ അറിയിപ്പിൽ ചോദ്യം ചെയ്തു.
അമേരിക്കയിൽ മരുന്നു പരീക്ഷണം നിർത്തിയത് താത്കാലികമാണെന്നും ഇന്ത്യയിൽ പരീക്ഷണം തുടരുമെന്നുമാണ് പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിലപാടെടുത്തിരുന്നത്. ഇന്ത്യയിലെ പരീക്ഷണങ്ങൾക്കിടെ പ്രശ്നങ്ങളൊന്നും കാണാത്തതിനാൽ മുന്നോട്ടുപോകുമെന്നാണ് അവർ വ്യക്തമാക്കിയിരുന്നത്. അസ്ട്രസെനേകയുമായി ചേർന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ബ്രിട്ടനിൽ നിർത്തിവച്ചത്. വാക്സിൻ കുത്തിവെച്ച വൊളന്റിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടർന്നാണ് കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിർത്തിവെച്ചത്.
ഒരാൾക്ക് അജ്ഞാതമായ രോഗം വന്നതിനെ തുടർന്ന് കമ്പനിയുടെ വാക്സിൻ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തിയതെന്ന് ആസ്ട്രാസെനെക പ്രസ്താവനയിൽ പറഞ്ഞിരുന്നു. പരീക്ഷണങ്ങളുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനിടയിൽ സുരക്ഷാ ഡാറ്റ പരിശോധിക്കാൻ ഗവേഷകർക്ക് സമയം നൽകാനാണ് ഈ നീക്കമെന്നും കമ്പനി അറിയിച്ചിരുന്നു. കോവിഡ് വാക്സിൻ സ്വീകരിച്ച ബ്രിട്ടീഷ് യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂർവവും ഗുരുതരവുമായ അസുഖമെന്ന് അസ്ട്രാസെനെക പിന്നീട് വെളിപ്പെടുത്തിയിരുന്നു. സ്ത്രീക്ക് 'ട്രാൻവേഴ്സ് മൈലൈറ്റീസ്' (Transverse Myelitis) എന്ന രോഗാവസ്ഥയാണെന്ന് അസ്ട്രാസെനെക സിഇഒ പാസ്കൽ സോറിയറ്റ് പറഞ്ഞു. വാക്സിൽ സ്വീകരിച്ച സ്ത്രീക്ക് അപൂർവ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിർത്തിവെച്ചത്. എന്നാൽ രോഗി സുഖം പ്രാപിച്ചുവരികയാണെന്നും എത്രയും വേഗം ആശുപത്രി വിടാനാകുമെന്നും അസ്ട്രാസെനെക സിഇഒ പ്രതികരിച്ചു.
കോവിഡ് വാക്സിൻ ആഗോള പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തുമെന്നും അസ്ട്രാസെനെക അറിയിച്ചു. അടുത്തയാഴ്ചയോടെ പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അസ്ട്രാസെനെകയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി റിപ്പേർട്ടുകളുണ്ട്. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർക്കൊപ്പം അസ്ട്രസെനെക്ക വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിൻ വിപണിയിലെത്തുന്ന മുൻനിര വാക്സിനുകളിൽ ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്.
എന്നാൽ പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനെക അറിയിച്ചിട്ടുണ്ട്. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. പരീക്ഷണത്തിൽ പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു. ജൂലായ് 20-നാണ് ഓക്സ്ഫോർഡ് സർവകലാശാല കോവിഡ് 19 വാക്സിൻ വികസിപ്പിച്ചെടുത്തത്. 2021 ജനുവരിയോടെ വാക്സിൻ വിപണിയിൽ എത്തുമെന്നായിരുന്നു വിലയിരുത്തൽ. ഇത് രണ്ടാം തവണയാണ് വാക്സിൻ പരീക്ഷണം നിർത്തിവെയ്ക്കുന്നത്.
മറുനാടന് ഡെസ്ക്