ന്യൂഡൽഹി: നിയമപരമായ പരിരക്ഷ ആവശ്യപ്പെട്ട് കോവിഡ് വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ രംഗത്ത്. വാക്‌സിൻ സ്വീകരിച്ചവർ കോടതിയിൽ ചോദ്യം ചെയ്യുന്നതിൽ നിന്നാണ് നിർമ്മാതാക്കൾ് നിയമപരമായ സംരക്ഷണം നൽകണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. വിദേശ വാക്സിൻ നിർമ്മാതാക്കളായ ഫൈസറിനും മൊഡേണയ്ക്കും പിന്നാലെയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എല്ലാ വാക്സിൻ നിർമ്മാതാക്കൾക്കും- വിദേശീയരോ തദ്ദേശീയരോ ആകട്ടെ, സമാനമായ സംരക്ഷണം നൽകണം- സെറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു.

വിദേശ കമ്പനികൾക്ക് നൽകുന്നുണ്ടെങ്കിൽ, സെറം ഇൻസ്റ്റിറ്റ്യൂട്ടിന് മാത്രമല്ല എല്ലാ വാക്സിൻ നിർമ്മാതാക്കൾക്കും നഷ്ടപരിഹാര ഉത്തരവാദിത്തത്തിൽനിന്ന് സംരക്ഷണം നൽകേണ്ടതാണ്. നിയമം എല്ലാവർക്കും ഒരു പോലെ ബാധമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഓക്സ്ഫഡും ആസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്സിന്റെ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്, മറ്റ് മൂന്ന് വാക്സിനുകളുടെ പരീക്ഷണത്തിൽകൂടി ഏർപ്പെട്ടിരിക്കുകയാണ്. നൊവോവാക്സ് ഫാർമാ കമ്പനിയുമായി സഹകരിച്ച് ഉത്പാദിപ്പിക്കുന്ന കൊവോവാക്സിന്റെയും മൂക്കിലൂടെ നൽകാവുന്ന ഒറ്റ ഡോസ് വാക്സിൻ കാഡാജെനിക്സിന്റെയും സ്പൈ ബയോടെക്ക് എന്ന വാക്സിന്റെയും പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നത്.

വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകുന്ന പക്ഷം നഷ്ടപരിഹാരം നൽകുന്നതിൽനിന്നോ നിയമനടപടിയിൽനിന്നോ ഉള്ള സംരക്ഷണം ഇതുവരെ ഒരു കമ്പനിക്കും കേന്ദ്രസർക്കാർ ഇതുവരെ നൽകിയിട്ടില്ല. ഇന്ത്യയിലെ വാക്സിൻ വിതരണം നൽകുന്നതുമായി ബന്ധപ്പെട്ട് വിദേശ കമ്പനികളായെ ഫൈസറും മൊഡേണയും മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്.

മറ്റ് രാജ്യങ്ങൾ ഈ ആനുകൂല്യം നൽകുന്നുണ്ടെന്നും അതിൽ പ്രശ്നം ഒന്നുമില്ലെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങൾ വാക്സിൻ നിർമ്മാതാക്കൾക്ക് നഷ്ടപരിഹാരം നൽകേണ്ടുന്ന ഉത്തരവാദിത്തത്തിൽനിന്ന് കമ്പനികൾക്ക് സംരക്ഷണം നൽകിയിട്ടുണ്ട്. അതിനാൽ, കോവിഡ് വാക്സിൻ സ്വീകരിച്ചതിനു പിന്നാലെ എന്തെങ്കിലും പാർശ്വഫലമുണ്ടായാൽ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാനാവില്ല.