- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ കോവിഡ് വാക്സിൻ നിർമ്മാണം ശരവേഗത്തിൽ; പ്രധാനമന്ത്രിയുടെ ലാബ് സന്ദർശനത്തിന് പിന്നാലെ കോവിഷീൽഡിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ; ഇൻസ്റ്റിറ്റ്യൂട്ടുമായി നല്ല ആശയവിനിമയം നടത്തിയെന്നും വാക്സിൻ നിർമ്മാണം വേഗത്തിലെന്നും മോദി; ആദ്യഘട്ടത്തിൽ വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യുമെന്ന് സിഇഒ അദാർ പൂണെവാല; പ്രധാനമന്ത്രി ശനിയാഴ്ച സന്ദർശിച്ചത് മൂന്നുസംസ്ഥാനങ്ങളിലെ മരുന്ന് ലാബുകൾ
പുണെ:അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കോവിഷീൽഡിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി തേടുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. സിഇഒ അദാർ പൂണെവാലയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചതിന് പിന്നാലെയാണ് കോവിഡ് വാക്സിന്റെ ഉപയോഗത്തിന് അടിയന്തരാനുമതി തേടുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
ആദ്യ ഘട്ടത്തിൽ വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യുമെന്നതാണ് മുഖ്യസവിശേഷത. ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനെക്കയും ചേർന്നാണ് കൊവിഷീൽഡ് വാക്സിൻ വികസിപ്പിക്കുന്നത്. 300 മുതൽ 400 ദശലക്ഷം വരെ വാക്സിൻ ഡോസുകൾ 2021 ജൂലായോടുകൂടി വേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചതായും പൂനവല്ല പറഞ്ഞു. ശനിയാഴ്ച രാജ്യത്തെ കോവിഡ് വാക്സിൻ ഉത്പാദനം വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് സംസ്ഥാനങ്ങളിലെ മരുന്ന് കമ്പനികൾ സന്ദർശിച്ചിരുന്നു.
'സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി നല്ല ആശയവിനിമയം നടത്തി. വാക്സിൻ നിർമ്മാണം വേഗത്തിലാക്കാനുള്ള നടപടികൾ ചർച്ചചെയ്തു. വാക്സിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച വിവരങ്ങളും നിർമ്മാണ സൗകര്യങ്ങളും അവർ വ്യക്തമാക്കി.' സെറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച ശേഷം മോദി ട്വീറ്റ് ചെയ്തു.
കൂടിയതോതിലുള്ള വാക്സിൻ നിർമ്മാണത്തിന് വലിയ നിർമ്മാണ സൗകര്യങ്ങൾ ഒരുക്കിയതായി പൂനംവാല വ്യക്തമാക്കി. വാക്സിൻ ഉത്പാദനം സംബന്ധിച്ച വിവരങ്ങൾ ഡ്രഗ് കൺട്രോളർക്ക് സമർപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഓക്സ്ഫഡിൽ നടക്കുന്ന വാക്സിൻ പരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇതിന്റെ പുരോഗതിയെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഷീൽഡ് എന്ന പേരിലായിരിക്കും വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുക. ആദ്യഘട്ടത്തിൽ ജനുവരി-ഫെബ്രുവരി മാസത്തോടെ 10-15 ദശലക്ഷം ഡോസ് വാക്സിനുകൾ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏപ്രിൽ-മെയ് മാസത്തോടെ നൂറ് ദശലക്ഷത്തിനു മേൽ ഡോസുകൾ ഉത്പാദിപ്പിക്കാനാകും. ജൂൺ ജൂലായ് മാസത്തോടെ 200-300 ദശലക്ഷം വാസ്കിനുകളാണ് ഇന്ത്യയ്ക്ക് വേണ്ടിവരികയെന്നും പൂനാവാല പറഞ്ഞു.
ഇന്ത്യയിൽ പരീക്ഷണം പുരോഗമിക്കുന്ന വിവിധ കോവിഡ് വാക്സിനുകളുടെ വികസന, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഫാർമ പ്ലാന്റുകളിലായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. സൈഡസ് കാഡിലയുടെ അഹമ്മദാബാദിലെ പ്ളാന്റിലാണ് രാവിലെ പ്രധാനമന്ത്രി സന്ദർശനത്തിന് തുടക്കം കുറിച്ചത്. സൈഡസ് കാഡില വികസിപ്പിച്ച കോവിഡ് വാക്സിൻ സികോവ്-ഡിയുടെ ആദ്യഘട്ട വാക്സിൻ പരീക്ഷണം പൂർത്തിയായതായി നിർമ്മാതാക്കൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വാക്സിന്റെ രണ്ടാം ഘട്ടത്തിന് ഓഗസ്റ്റിൽ തുടക്കമായതായും ബന്ധപ്പെട്ടവർ വിശദീകരിച്ചു.
ഡിഎൻഎ അടിസ്ഥാനമാക്കി സൈഡസ് കാഡില വികസിപ്പിക്കുന്ന വാക്സിൻ വിതരണത്തെക്കുറിച്ച് കൂടുതലറിയാനായി അഹമ്മദാബാദ് ചങ്കോദറിലെ സൈഡസ് ബയോപാർക്കും സന്ദർശിച്ചു. പി.പി.ഇ കിറ്റുൾപ്പടെ സുരക്ഷാമുൻകരുതലുകളോടെയാണ് പ്രധാനമന്ത്രി ബയോപാർക്കിലെത്തിയത്. സന്ദർശനത്തിന് ശേഷം കോവിഡ് വാക്സിൻ നിർമ്മാണത്തിൽ കമ്പനികളുടെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നതായി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. വാക്സിൻ വിതരണത്തെ പിന്തുണയ്ക്കാൻ കേന്ദ്രസർക്കാർ കമ്പനികൾക്കൊപ്പമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഹൈദരാബാദിലെ ജീനോം വാലിയിലെ ഭാരത് ബയോടെകിന്റെ വാക്സിൻ നിർമ്മാണ കേന്ദ്രവും പൂണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി സന്ദർശിച്ചു .കോവിഡിനെതിരെ ഐ.സി.എം.ആറുമായി സഹകരിച്ച് കോവാക്സിൻ വികസിപ്പിക്കുന്നത് ഭാരത് ബയോടെക്കാണ്.പൂണെയിൽ ആസ്ട്ര സെനെക്കയുടെ ഓക്സ്ഫഡ് വാക്സിൻ ആണ് നിർമ്മിക്കുന്നത്.
രാജ്യത്തെ കോവിഡ് വാക്സിൻ നിർമ്മാണ ഒരുക്കങ്ങളും, അവയിലെ വെല്ലുവിളികളും ജനങ്ങളിലെത്തിക്കുന്നതിനുള്ള മാർഗങ്ങൾ അറിയാനും അവ ശാസ്ത്രജ്ഞരുമായി ചർച്ച ചെയ്യാനുമാണ് പ്രധാനമന്ത്രി വാക്സിൻ നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്. ഈയാഴ്ച ആദ്യം മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ സംസ്ഥാനങ്ങളോട് വലിയ അളവിൽ കോൾഡ് സ്റ്റോറേജ് സംവിധാനം തയ്യാറാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. വിതരണവുമായി ബന്ധപ്പെട്ട പദ്ധതികൾ സമർപ്പിക്കാനും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിട്ടുണ്ട്.
Had a good interaction with the team at Serum Institute of India. They shared details about their progress so far on how they plan to further ramp up vaccine manufacturing. Also took a look at their manufacturing facility: PM Narendra Modi https://t.co/yOFWjwrVuW pic.twitter.com/jcXqsXkTl5
- ANI (@ANI) November 28, 2020
മറുനാടന് ഡെസ്ക്