മനാമ: അടുത്ത ആഴ്ച മുതൽ റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ സർവ്വീസ് ചാർജ്ജ് ഈടാക്കില്ല. അതുകൊണ്ടുതന്നെ ഭക്ഷണത്തിന്റെ വിലയും കുറയും. ഭക്ഷണ പ്രിയർക്ക് ഇനി മുതൽ അൽപം കൂടുതൽ കഴിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. അതേസമയം, ഹോട്ടലുകൾക്ക് അകത്തുള്ള ടൂറിസം റെസ്‌റ്റോറന്റുകളിൽ സർവ്വീസ് ചാർജ്ജ് ഈടാക്കും.

ഈ മാസം 10 മുതലാണ് സർവ്വീസ് ചാർജ്ജ് ഈടാക്കാതിരിക്കുക. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ 10, 000 ദിനാർ വരെയാണ് പിഴയായി ഈടാക്കുക.

രാജ്യത്തെ ഓരോ റെസ്‌റ്റോറന്റുകളിലും വ്യത്യസ്ത സർവ്വീസ് ചാർജ്ജുകളാണ് ഈടാക്കുന്നത്. ബില്ലിന്റെ 25 ശതമാനം വരെ ഈടാക്കുന്ന റെസ്‌റ്റോറന്റുകളും ഉണ്ട്. പുതിയ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടാത്ത റെസ്റ്റോറന്റുകളിൽ ഇതുസംബന്ധിച്ച അറിയിപ്പ് നൽകുന്ന പോസ്റ്റർ പതിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.