ഡബ്ലിൻ: ഇന്ത്യൻ എംബസിയിൽ നിന്നുള്ള സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കാൻ തീരുമാനമായി. എംബസിയിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും രണ്ടു യൂറോയാണ് സർവീസ് ചാർജായി ഈടാക്കുന്നത്. വിസ, പാസ്‌പോർട്ട് സേവനങ്ങൾക്കും സർവീസ് ചാർജ് ബാധകമാണെന്നാണ് എംബസി അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന ഈ സർവീസ് ചാർജുകൾ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമപദ്ധതികൾക്കായി ഉപയോഗിക്കുമെന്നാണ് എംബസി അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

ഓരോ അപേക്ഷയ്ക്കും ഇന്ത്യൻ  എംബസിയുടെ പേരിലുള്ള രണ്ടു യൂറോ അഡീഷണൽ ബാങ്ക് ഡ്രാഫ്റ്റ് അഥവാ പോസ്റ്റൽ ഓർഡറായി വേണം സർവീസ് ചാർജ് അടയ്‌ക്കേണ്ടത്. മുമ്പുള്ളതിൽ നിന്നു വ്യത്യസ്തമായി അപേക്ഷകർ രണ്ട് ബാങ്ക് ഡ്രാഫ്റ്റ് അല്ലെങ്കിൽ പോസ്റ്റൽ ഓർഡർ ഇനി സമർപ്പിക്കേണ്ടി വരും. ഒരെണ്ണം വിസ, പാസ്‌പോർട്ട്, ഒസിഐ കാർഡ് തുടങ്ങിയ സേവനങ്ങൾക്കുള്ള ചാർജ്. രണ്ടാമത്തേത് രണ്ടു യൂറോ സർവീസ് ചാർജും. രണ്ടും ഇന്ത്യൻ എംബസിയുടെ പേർ എടുത്തതായിരിക്കണം. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിലേക്കാണ് ഈ തുക വകയിരുത്തും. ഇക്കഴിഞ്ഞ ഡിസംബർ 1 മുതലാണ് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്( ഐസിഡബ്ലുഎഫ്) നിലവിൽ വന്നത്.

വിദേശ മന്ത്രാലയത്തിന്റെ അനുമതിയോടെ നടപ്പാക്കുന്നതാണ് ഈ പദ്ധതി. അയർലണ്ടിൽ നിയമാനുസൃതം എത്തിയ ശേഷം ജോലി നഷ്ടപ്പെടുകയോ ജോലി ലഭിക്കാതിരിക്കുകയോ ചെയ്യുന്നവരുടെ താമസമടക്കമുള്ള താത്ക്കാലിക പുനരധിവാസം, അടിയന്തിര മെഡിക്കൽ ചെലവുകൾ, ആവശ്യമെങ്കിൽ ഇന്ത്യയിലേക്കുള്ള വിമാനയാത്രാ ചെലവുകൾ തുടങ്ങിയവയ്ക്ക് ഉപയോഗിക്കാനാണ് തുക പ്രധാനമായും വിനിയോഗിക്കുക. അയർലണ്ടിൽ വച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സ്‌പോൺസറിൽ നിന്നോ മറ്റ് സാങ്കേതിക തടസം മൂലം ധനസഹായം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഇതിനും ഇന്ത്യൻ കമ്യൂണിറ്റി ഫണ്ടിൽ നിന്നു തുക അനുവദിക്കാൻ വ്യവസ്ഥയുണ്ട്.