- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമങ്കരിയിലും ആലപ്പുഴയിലും അഭിഭാഷക കുപ്പായം ഇടാതെ പ്രവർത്തിച്ചതെന്ന വാദം തെറ്റ്; ഗൗണിട്ട ചിത്രങ്ങൾ എല്ലാത്തിനും സാക്ഷി; സെസിയുടെ പരാതിയിലെ എഫ് ഐ ആറിലുമുള്ളത് അഡ്വക്കേറ്റ് എന്നും; ജാമ്യ ഹർജിയിലുള്ളതെല്ലാം പച്ചക്കള്ളം; അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടും കണ്ണടച്ച് പൊലീസ്; സെസി സേവ്യർ ഒളിവിൽ തുടരുമ്പോൾ
ആലപ്പുഴ: ഹർജി പരിഗണിക്കും വരെ അറസ്റ്റ് തടണമെന്ന സെസിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിട്ടും പൊലീസിന്റെ ഒളിച്ചു കളി. തനിക്കെതിരെ വഞ്ചനാകുറ്റം നിലനിൽക്കിലെന്ന് സെസി സേവ്യർ വാദിച്ചു. വ്യാജരേഖകൾ ചമച്ച് അഭിഭാഷകയായി ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ട് ആഴ്‌ച്ചകൾ പിന്നിട്ടുവെന്ന് ആലപ്പുഴയിലെ അഭിഭാഷകരിൽ ഒരു വിഭാഗം പറയുന്നു. എന്നിട്ടും പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ല
മനഃപൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ല. സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ താൻ സുഹൃത്തുക്കളുടെ പ്രേരണയിൽ വീണ്ടുവിചാരമില്ലാതെ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നു. അസോസിയേഷൻ അംഗമല്ലാതിരുന്നിട്ടും തന്റെ പത്രിക സ്വീകരിച്ചുവെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
കുട്ടനാട് രാമങ്കരി സ്വദേശിനിയാണ് സെസി. ബാർ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നോർത്ത് പൊലീസ് കേസെടുത്തത്. മതിയായ യോഗ്യതകൾ ഇല്ലാതെ രണ്ടര വർഷം ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി സെസി പ്രാക്ടീസ് ചെയ്ത് വന്നിരുന്നതായി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ പറയുന്നു. അതിനിടെ മകൾക്കെതിരെ കേസ് വന്നതോടെ നാട്ടിൽ ഒറ്റപ്പെട്ടെന്ന് ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മാതാപിതാക്കൾ പ്രതികരിച്ചു.
സെസി നിയമപഠനം പൂർത്തിയാക്കിയില്ലെന്ന് അറിയില്ലായിരുന്നു. കേസ് ഉണ്ടായതിനുശേഷം മകളെ കണ്ടിട്ടില്ല. മകളെ ആരെങ്കിലും കുടുക്കിയതാണോ എന്നും സംശയമുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. നിയമ ബിരുദമില്ലാതെയാണു പ്രാക്ടീസ് ചെയ്തിരുന്നത് എന്നു വ്യക്തമായതോടെയാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെടെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇവർ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാൻ എത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത വിവരം അറിഞ്ഞു മുങ്ങുകയായിരുന്നു.
ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലോയേഴ്സ് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇവർ ജയിച്ചിരുന്നു. അതിനു പുറമേ അഭിഭാഷക വേഷത്തിൽ ലീഗൽ സർവീസ് അഥോറിറ്റിയിൽ ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന ഇവർ അഭിഭാഷക കമ്മിഷനുകളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ടെന്നാണു വിവരം. യോഗ്യത ഇല്ലാത്ത ഒരാൾ നൽകിയ റിപ്പോർട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ സംഭവങ്ങളുമുണ്ട്. ഇതെല്ലാം വഞ്ചനയുടെ പരിധിയിൽ വരുമെന്നാണു വിലയിരുത്തൽ. ഇത്ര ഗുരുതര കുറ്റം ചെയ്തിട്ടും ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് ഉയരുന്ന ആരോപണം.
താനൊരിക്കലും അഡ്വക്കേറ്റായി മാറിയിരുന്നില്ലെന്ന വാദമാണ് ജാമ്യ ഹർജിയിൽ സെസി ഉയർത്തുന്നത്. എന്നാൽ തെറ്റാണെന്ന് ആലപ്പുഴയിലെ അഭിഭാഷകരും പറയുന്നു. ഫോട്ടോയും പൊലീസ് എഫ് ഐ ആറുമെല്ലാം തെളിവായി ചൂണ്ടിക്കാട്ടുന്നുമുണ്ട്. താൻ മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസി സേവ്യർ വിശദീകരിക്കുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നിയമ ബിരുദ കോഴ്സ് പൂർത്തിയാക്കാൻ ആയില്ല. ആലപ്പുഴ ബാർ അസോസിയേഷൻ അംഗം അല്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പിൽ തന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതായി, മുൻകൂർ ജാമ്യാപേക്ഷയിൽ സെസി കോടതിയെ അറിയിച്ചു. എന്നാൽ ഇത് ശരിയല്ലെന്നാണ് മറുനാടന് ലഭിച്ച ഫോട്ടോകളിലും രേഖകളിലും വ്യക്തമാണ്. അഡ്വക്കേറ്റ് എന്ന പദവി സെസി ഉപയോഗിച്ചിരുന്നു.
2014-17കാലത്ത് തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. ചില വിഷയങ്ങൾക്കു പരാജയപ്പെട്ടതിനാൽ എൽഎൽബി നേടാനായില്ല. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ കോഴ്സ് പൂർത്തിയാക്കുന്നതിന് തടസ്സമായി. അതിനാൽ ആലപ്പുഴയിലെ വക്കീൽ ഓഫിസിൽ ഇന്റേൺ ആയി ചേർന്നു. രാമങ്കരിയിലും ആലപ്പുഴയിലും വക്കീൽ ഓഫിസുകളിൽ അഭിഭാഷക കുപ്പായം ഇടാതെയാണ് പ്രവർത്തിച്ചതെന്ന് സെസി പറയുന്നു. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ മറുനാടന് കിട്ടി. ഗൗൺ ധരിച്ച് സെസി നിൽക്കുന്നത് ഈ ചിത്രങ്ങളിൽ വ്യക്തമാണ്.
ബാർ അസോസിയേഷനിലെ സുഹൃത്തുക്കൾ തന്നെ നിർദ്ദേശിച്ചത് അനുസരിച്ചാണ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അസോസിയേഷൻ അംഗം അല്ലാതിരുന്നിട്ടും നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. തെരഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദ്ദേശിച്ച സുഹൃത്തുക്കൾ തന്നെയാണ് പിന്നീട് കോഴ്സ് പാസായിട്ടില്ലെന്നും ബാർ കൗൺസിലിൽ എന്റോൾ ചെയ്തിട്ടില്ലെന്നും പ്രചരിപ്പിച്ചതെന്ന് സെസി പറയുന്നു. അതായത് താൻ അഭിഭാഷകയാണെന്ന് ആരോടും പറഞ്ഞില്ലെന്നാണ് പ്രചരിക്കുന്നത്.
2019ൽ ആലപ്പുഴ കോടതിയിൽ നിന്ന ഒരു വിവാദ കേസിൽ സെസിയും ഇടപെട്ടിരുന്നു. ഈ കേസിൽ പൊലീസിനെ വിവിരം അറിയിച്ചത് സെസിയാണ്. പരാതിക്കാരിയുടെ അഡ്രസിൽ അഡ്വക്കേറ്റ് എന്നാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കേസിലെ നടപടികളും കോടതിയിൽ നടന്നിരുന്നു. പൊലീസ് എഫ് ഐ ആറിലെ അഡ്വക്കേറ്റ് എന്ന പദത്തെ ഈ കേസിലൊന്നും സെസി എതിർത്തതുമില്ല. അതുകൊണ്ട് താൻ അഡ്വക്കേറ്റാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന സെസിയുടെ വാദത്തെ ആലപ്പുഴയിലെ അഭിഭാഷകർ എതിർക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ